മുംബൈ : മാതൃ ദിനത്തില്‍ ദാദാസൈഹിബ് ഫാല്‍ക്കേ അവാര്‍ഡ് ശശി കപൂറിന് സമ്മാനിച്ചു. മുംബൈ പൃഥ്വി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താ വിതരണവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ശശികപൂറിന് അവാര്‍ഡ് സമ്മാനിച്ചത്.
ഭാരതത്തിന്റെ ചലച്ചിത്ര രംഗത്ത് ശശികപൂര്‍ നല്കിയ സംഭാവനകള്‍ക്കുള്ള ആദരമായാണ് ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ്. ഭാരത ചലച്ചിത്രത്തിന്റെ പിതാവെന്ന് വിശേഷിക്കപ്പെടുന്ന ദാദാ സാഹിബ് ഫാല്‍ക്കേയുടെ പേരിലുള്ള ഈ അവാര്‍ഡ് ചലച്ചിത്ര രംഗത്ത് മികച്ച വ്യക്തിത്വങ്ങള്‍ക്കാണ് നല്‍കുന്നത്.
മെയ് മൂന്നിനു ന്യൂദല്‍ഹിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ദേശീയ പുരസ്കാര വിതരണത്തില്‍ 77 കാരനായ ശശികപൂറിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് എത്താന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ചടങ്ങ് മുംബൈ പൃഥ്വി തിയേറ്ററില്‍ വെച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
വൃക്കരോഗ ബാധിച്ചതിനെ തുടര്‍ന്ന് വീല്‍ചെയറിലെത്തിയാണ് സമ്മാനം ഏറ്റുവാങ്ങിയത്. അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, ഋഷി കപൂര്‍, രണ്‍ബീര്‍ കപൂര്‍, സെയ്ഫ് അലിഖാന്, തുടങ്ങി കപൂര്‍ കുടുംബാംഗങ്ങളും ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
1938ല്‍ ജനിച്ച ശശി കപൂര്‍ 1940ല്‍ പിതാവ് നിര്‍മ്മിച്ച സിനിമയില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്തേയ്ക്ക് പ്രവേശിച്ചത്. ആഗ്, അവാര, ദീവാര്‍, കഭീ കഭീ, നമക് ഹലാല്‍, കാല പത്ഥര്‍ തുടങ്ങി ഒട്ടനവധി സിനിമകളിലെ അഭിനത്തിന് ശശി കപൂര്‍ ഒട്ടേറെ പ്രശംസ നേടിയിട്ടുണ്ട്. 160ഓളം ചിത്രങ്ങളില്‍ ശശി കപൂര്‍ അഭിനയിച്ചിട്ടുണ്ട്.
2011ല്‍ പത്മഭൂഷണ്‍ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഭാരത ചലച്ചിത്രങ്ങളുടെ പൈതൃകത്തെ പ്രതിനാധാനം ചെയ്യുന്ന വ്യക്തിയാണ് ശശി കപൂര്‍, ഈ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ആദരം ഈ അവാര്‍ഡില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി പുരസ്കാര ദാനച്ചടങ്ങളില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: