ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് പരിസമാപ്തി കുറിച്ചു രാപ്പാള്‍ കടവില്‍ ഇന്ന്ആറാട്ട് .രാവിലെ പള്ളിയുണര്‍ത്തല്‍ ചടങ്ങാണ് ആദ്യം നടക്കുക. മണ്ഡപത്തില്‍ പൂജ തുടങ്ങി പൂജമണികൊട്ടി ദേവനെ പള്ളിയുറക്കത്തില്‍ നിന്ന് ഉണര്‍ത്തുന്നു. ശയ്യയിലിരുത്തി ദേവനെ കണി കാണിക്കുന്ന തലേ ദിവസത്തെ പൂജചെയ്ത ദേവനെ പൂജിച്ച് പിണ്ഡത്തിന്മേലിരുത്തി പൂജിച്ച് സ്നാനപാത്രത്തിലിരുത്തി ദന്തലേപനം നടത്തി ശുദ്ധീകരിച്ച് എണ്ണ അഭിഷേകം ചെയ്യും.
നിവേദ്യം സമര്‍പ്പിച്ച് പൂജ മുഴുവനാക്കി മുള ദേവനെ ചൂടിച്ച് പാണി കൊട്ടി അകത്തേക്ക് എഴുന്നെള്ളിക്കുന്നു. പിന്നീട് തിടമ്പില്‍ ആവാഹിച്ച് ചേര്‍ത്ത് മൂലബിംബത്തില്‍ പൂജനടത്തുന്നു. എതൃത്തപൂജ കഴിഞ്ഞാല്‍ ഹവിസ് പൂജക്ക് ആറാട്ട് ക്രിയകള്‍ ആരംഭിക്കും.ഗണപതിക്ക് നിവേദിച്ച് പുണ്യാഹം നടത്തി പുഷ്പാഞ്ജലി ചെയ്ത് പ്രാര്‍ത്ഥന നടത്തി അഭിഷേകാദിളെകൊണ്ട് ശുദ്ധമാക്കിയ തിടമ്പിലേക്കു ആവാഹിച്ചു എഴുന്നെള്ളിക്കുന്നു. മൂലബിംബത്തിന് മഞ്ഞള്‍ പൊടി ചാര്‍ത്തി പാണികൊട്ടി ശ്രീഭൂതബലി നടത്തുന്നു. അകത്തും പുറത്തും ഒരോ പ്രദക്ഷിണം കൊണ്ടാണ് ഈ ശ്രീഭൂതബലി ചെയ്യുന്നത്.
കൊടിമരചുവട്ടില്‍ വന്ന് പാണികൊട്ടി കൊടിമരത്തിന് നിവേദിച്ച് തിടമ്പ് ആനപ്പുറത്ത് കയറ്റി പ്രദക്ഷിണം ചെയ്ത് ഗോപുരദ്വാരങ്ങളിലും ആല്‍ത്തറയിലും ബലി തൂവി ആറാട്ടിനു പുറപ്പെടുന്നു. അപ്പോള്‍ കേരള സര്‍ക്കാരിനു വേണ്ടിയുള്ള കൂടല്‍മാണിക്യ സ്വാമിക്കു പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. രണ്ടാമത്തെ പ്രദക്ഷിണമാണ് ആനപ്പുറത്ത് എഴുന്നെള്ളിക്കുന്നത്. തിടമ്പ് ആറാട്ട് കടവില്‍ എത്തിയാല്‍ പീഠത്തില്‍ വച്ച് പൂജിച്ച് സ്നാന സമയത്ത് ദേവനെ ആറാടിച്ച് പുണ്യാഹം ചെയ്ത് മഞ്ഞള്‍ പൊടി ചാര്‍ത്തി വീണ്ടും ആറാടും.
വൈകീട്ട് 5 മണിയോടെ ആറാട്ടുകടവില്‍ നിന്ന് തിരിച്ചെഴുന്നെള്ളിപ്പ് ആരംഭിക്കും. ആറാട്ട് എഴുന്നെള്ളിപ്പ് ആല്ത്തറക്കല് എത്തിചേര്‍ന്നാല്‍ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കുട്ടംകുളം വരെ എഴുന്നെള്ളിപ്പിക്കുന്നതും തുടര്‍ന്ന് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിനടുത്ത് വന്ന് അകത്ത് കയറി പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ പ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിമരചുവട്ടില്‍ ബലി തൂവി പൂജ പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: