ചിറ്റൂര്‍: മൂവായിരത്തിഅഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന കുടിവെള്ള ജലസംഭരണിക്കുചുറ്റും സ്വകാര്യവ്യക്തി ഇഞ്ചികൃഷി തുടങ്ങുന്നതിനെതിരേ ജനകീയ പ്രതിഷേധം ശക്തമായി. വണ്ടിത്താവളം കെകെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു പിറകില്‍ സ്വകാര്യവ്യക്തിയുടെ നെല്‍പ്പാടത്താണ് ഇഞ്ചികൃഷിക്കു ഒരുക്കം തുടങ്ങിയത്.
സ്ഥലമുടമ അഞ്ചേക്കര്‍ സ്ഥലമാണ് ഇഞ്ചികൃഷിക്കായി പാട്ടത്തിനു നല്കിയിരിക്കുന്നത്. ഇതിനുസമീപത്തെ ചന്തപ്പേട്ട ഭാഗത്ത് അമ്പതോളം കുടുംബങ്ങള്‍ക്കായുള്ള ജലനിധിപദ്ധതി കുടിവെള്ളസംഭരണിയും കൃഷിസ്ഥലത്തിനു സമീപത്തു ക്ഷേത്രവും സ്ഥിതിചെയ്യുന്നു.
ജനവാസകേന്ദ്രത്തിലും വിദ്യാര്‍ഥികള്‍ക്കും മറ്റും ആരോഗ്യപ്രശ്‌നങ്ങള്‍ക്കു ഉണ്ടാക്കുമെന്ന കാരണത്താല്‍ ഇഞ്ചികൃഷി ഒഴിവാക്കണമെന്ന സമീപവാസികളുടെ ആവശ്യം സ്ഥലമുടമ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ നിയമപരമായി നേരിടുമെന്നു സ്ഥലമുടമ ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ പറഞ്ഞു.
പട്ടഞ്ചേരി, പെരുമാട്ടി പ്രദേശങ്ങളില്‍ സ്ഥലം പാട്ടത്തിനെടുക്കുന്ന ഇഞ്ചികൃഷി ചെയ്യുന്ന കര്‍ഷകര്‍ പൊള്ളാച്ചിയില്‍നിന്നാണ് കീടബാധ തടയാനുള്ള എന്‍ഡോസള്‍ഫാനും മറ്റു വീര്യമുള്ള കീടനാശിനികളും കൊണ്ടുവരുന്നത്. തമിഴ്‌നാട്ടില്‍ കീടനാശിനി വില്പനയ്‌ക്ക് നിയമപ്രാബല്യവുമുണ്ട്.
വീര്യംകൂടിയ കീടനാശിനി പത്തുലിറ്റര്‍ കാനുകളില്‍ ഒഴിച്ചാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. വിദ്യാര്‍ഥികള്‍ക്കും സമീപവീടുകളിലുള്ളവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നത്തിനു കാരണമാകുന്ന ഇഞ്ചികൃഷി തടയണമെന്നാവശ്യപ്പെട്ട് പട്ടഞ്ചേരി കൃഷിഭവന്‍, പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കു പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് സമീപവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: