ദൈവികത അനേ്വഷിക്കാനായി ലൗകിക കാര്യങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് പിന്‍വാങ്ങേണ്ടതുണ്ടോ? ഏതു തരത്തിലെങ്കിലും നിങ്ങള്‍ക്ക് ലൗകികകാര്യങ്ങളില്‍നിന്ന് എങ്ങനെ പിന്‍വാങ്ങുവാന്‍ കഴിയും? ഞാന്‍ അതൊരു ലൗകികകാര്യം തന്നെയല്ലേ? ഞാന്‍ എന്റെ ഭക്ഷണം പാകം ചെയ്യുന്നു. അതൊരു ലൗകികകാര്യമല്ലേ. അതായത് നമ്മള്‍ ലൗകികകാര്യങ്ങള്‍ ചെയ്‌തേ മതിയാവൂ. അല്ലാതെ എങ്ങനെ ഇവിടെ ജീവിക്കാന്‍ കഴിയും.
ഏതുവിധത്തിലുള്ള ലൗകികകാര്യങ്ങളാണ് നിങ്ങള്‍ ചെയ്യുക എന്നത് നിങ്ങളുടെ ഇഷ്ടമാണ്. വ്യക്തിപരമായ ഇഷ്ടം. എല്ലാവരും രാഷ്‌ട്രീയത്തില്‍ ചേരേണ്ട കാര്യമുണ്ടോ? നമ്മുടെ സാമൂഹ്യാവസ്ഥയില്‍പോലും ചിലര്‍ രാഷ്‌ട്രീയത്തില്‍ വര്‍ത്തിക്കുമ്പോള്‍ ചിലര്‍ ഒരു ഗുമസ്തന്‍ മാത്രമായി കഴിയുന്നു. ചിലര്‍ വ്യവസായികളായി വര്‍ത്തിക്കുമ്പോള്‍ മറ്റുചിലര്‍ നിലം തുടയ്‌ക്കുന്നവര്‍ മാത്രമായി വര്‍ത്തിക്കുന്നു. ഇവരെല്ലാവരും ലൗകിക കാര്യങ്ങളാണ് ചെയ്യുന്നത്.
ഏതു തരത്തിലുള്ള ലൗകിക കാര്യങ്ങള്‍ ചെയ്യണമെന്നുള്ളതും അത് എത്രയളവില്‍ ചെയ്യണമെന്നതും നിങ്ങളുടെ ഇഷ്ടം. അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്കുണ്ടായിക്കൂടേ? ഏതു തരത്തിലുള്ള ലൗകിക വൃത്തിയിലേര്‍പ്പെടണമെന്നും അതില്‍ എത്രമാത്രം ഏര്‍പ്പെടണമെന്നുമുള്ളത് ഓരോ വ്യക്തിയുടെയും ഇഷ്ടമാണ്. തീര്‍ച്ചയായും ഓരോ ആള്‍ക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്.
തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നു സ്വയം അറിയാതെ, എല്ലാവരും എന്തുചെയ്യുന്നുവോ അതു ചെയ്ത്, കാലയാപനം നടത്തുന്നവരാണ് ഈ തരത്തിലുള്ള പരാതികളുന്നയിക്കുന്നത്. മറ്റെല്ലാവരും ചെയ്യുന്നതെന്തോ അതുമാത്രം ചെയ്യുന്നവാരണവര്‍. എന്തുചെയ്യണമെന്ന് സ്വയം അറിയാത്തവരാണവര്‍. സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനുള്ള ബുദ്ധിയോ അവബോധമോ ഇല്ലാത്തവര്‍.
















