മുഹമ്മ: വേമ്പനാട്ട് കായലില്‍ ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞവള്ളത്തില്‍ ഒന്നരമണിക്കൂറോളം പിടിച്ചുകിടന്ന നാലുപേരെ മുഹമ്മ സ്റ്റേഷനിലെ ബോട്ട് ജീവനക്കാര്‍ രക്ഷപെടുത്തി. തണ്ണീര്‍മുക്കം കണ്ണങ്കര വെറുങ്ങുംചുവട് കുഞ്ഞുമോന്, മണ്ണഞ്ചേരി ചെറുകാട് രാധാകൃഷ്ണന്, മുഹമ്മ ഉള്ളുചിറവെളി പുഷ്ക്കരന്‍, പൊന്നാട് തൈത്തറ രാജേഷ് എന്നിവരെയാണ് രക്ഷപെടുത്തിയത്. മെയ് എട്ടിന് വൈകിട്ട് നാലരയോടെയാണ് സംഭവം.
ആര് ബ്ലോക്കില്‍ നിന്നും വള്ളത്തില്‍ പുല്ല് കയറ്റി മുഹമ്മയിലേക്ക് വരികയായുരുന്നു ഇവര്‍. പാതിരാമണലിന് തെക്കുഭാഗത്ത് എത്തിയപ്പോള്‍ അതിശക്തമായ കാറ്റ് വീശുകയും വള്ളം ആടിയുലഞ്ഞ് മറിയുകയായിരുന്നു. ഓളംശക്തമായിരുന്നതിനാല് വള്ളം നേരയാക്കാന്‍ കഴിഞ്ഞില്ല. സമീപമേഖലയില്‍ മറ്റുവള്ളക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ഇവരുടെ അലമുറ ആരുംകേട്ടില്ല.
മുഹമ്മയില്‍ നിന്നും വൈകിട്ട് 5.45ന് പുറപ്പെട്ട ബോട്ടിലെ ജീവനക്കാരാണ് ഇവര്‍ക്ക് രക്ഷകരായത്. ബോട്ടുകാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഇവര്‍ ധരിച്ചിരുന്ന മുണ്ട് ഉയര്‍ത്തി വീശിക്കാണിച്ചു. ഇതുകണ്ട ജീവനക്കാര്‍ ബോട്ട് വേഗത കുറച്ച് അപകടത്തില്‍ പെട്ടവര്‍ക്ക് അരികിലേയ്ക്ക് അടിപ്പിച്ചു.
അവശനിലയിലായ ഇവരെ ബോട്ട്ലാസ്ക്കര്മാരായ അനില്‍കുമാര്‍, ഹരി, ബോട്ട്മാസ്റ്റര്‍ മോഹന്‍ദാസ്, സ്രാങ്ക് മോഹനന്,ഡ്രൈവര്‍ സജിലാല്‍ എന്നിവരുടെ നേതൃത്യത്തില്‍ ബോട്ടിലേയ്ക്ക് കയറ്റി രക്ഷപെടുത്തുകയായിരുന്നു. യാത്രക്കാരെ കുമരകത്ത് ഇറക്കിയ ശേഷം ഇവരുമായി തിരിച്ച് മുഹമ്മയിലെത്തി ബന്ധുക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു. വിവരമറിഞ്ഞു മുഹമ്മ പോലീസും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: