കഴിഞ്ഞ തിങ്കളാഴ്ച (ഏപ്രില്‍ 4 മേടം 20) അവിസ്മരണീയമായിരുന്നു. കേരളത്തിലെ സംഘപ്രവര്‍ത്തനത്തിന്റെ പുണ്യമായി കരുതാവുന്ന മുതിര്‍ന്ന പ്രചാരകന് രാ.വേണുഗോപാലന്‍ നവതി പ്രണാമമര്‍പ്പിക്കാന്‍, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രമുഖസംഘപ്രവര്ത്തകരും എറണാകുളത്ത് എളമക്കരയിലെ മാധവനിവാസില്‍ അന്ന് ഒത്തുകൂടി. തികച്ചും അനാര്‍ഭാടവും ഹൃദയംഗവുമായിരുന്നു ആ ഒത്തുകൂടല്‍. അതില്‍ പങ്കെടുക്കാനും ഹൃദയവികാരങ്ങള്‍ പങ്കുവെക്കാനും അവസരമുണ്ടായത് ധന്യമായ അനുഭവം തന്നെയായിരുന്നു.
കേരളത്തിലെ സംഘപ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ തന്നെ 1942 ല്‍ അതില്‍ ഭാഗഭാക്കാവാന്‍ ഭാഗ്യം സിദ്ധിച്ചവരില്‍ വേണുവേട്ടന് ഉണ്ടായിരുന്നു. പിന്നീട് സംഘപ്രവര്‍ത്തനത്തിലൂടെ ഇവിടുത്തെ ഹൈന്ദവസമൂഹത്തെ ആത്മീയ ഉന്നതിയുടെയും ആത്മവിശ്വാസത്തിന്റെയും വിജിഗീഷയുടെയും സോപാനങ്ങള്‍ കയറ്റാന്‍ ജീവിതം ചെലവഴിച്ച പരേതരായ മാധവ്ജിയ്ക്കും ടി.എന്‍.ഭരതേട്ടനും വേണുവേട്ടനും ത്രിമൂര്ത്തികളെപ്പോലെ ആയിരുന്നല്ലൊ. അവര്‍ ഏതാണ്ട് സമപ്രായക്കാരുമായിരുന്നു.
വേണുവേട്ടനെക്കണ്ട് മനസ്സു കുളിര്പ്പിച്ചുപോകന് എത്തിയവര്‍ തികച്ചും ആഹ്ലാദഭരിതരായിരുന്നു. അവരില്‍ പലരേയും വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ് കാണാന്‍ കഴിഞ്ഞത്. വേണുവേട്ടന്റെ അനുജന് ആര്.ജി.മേനോന് (സംഘത്തില്‍ ഗിരീശേട്ടന്) എന്നെ അടുത്തുവിളിച്ചിരുത്തി തന്റെ ഓര്‍മകള്‍ പങ്കുവെച്ചു. ജന്മഭൂമിയുടെ ആരംഭത്തിനുമുമ്പ് മൂലധന സ്വരൂപണത്തിനു മുംബൈയില്‍ പോയപ്പോള്‍ ഗിരീശേട്ടന്റെ വീട്ടിലായിരുന്നു ഞാന്‍ താമസിച്ചത്. അന്നത്തെ നിലയ്ക്കു പ്രതീക്ഷിച്ചതിലും എത്രയോ വലിയൊരു തുക ഓഹരിയെടുത്തും മറ്റു പലരുമായും സംസാരിച്ചും സ്വരൂപിച്ചുതന്നാണ് എന്നെ യാത്രയാക്കിയത്.
ഇപ്പോള്‍ ബെംഗളൂരുവില്‍ താമസിക്കുന്ന അദ്ദേഹത്തിന് പതിവായി ജന്മഭൂമി വായിക്കാന്‍ കിട്ടാത്തതിന്റെ ഇച്ഛാഭംഗം പ്രകടിപ്പിച്ചു. വേണുവേട്ടന് പ്രചാരകനായിരിക്കെ എറണാകുളം, കൊച്ചി, ആലുവ മുതലായ സ്ഥലങ്ങളില്‍ സജീവമായി വന്നവരും അദ്ദേഹത്തിന്റെ കൈകള്‍കൊണ്ട് സംഘപഥത്തില്‍ കാലുറപ്പിച്ച് പ്രയാണം ചെയ്യുന്നവരുമായ അനേകം പേരെയും കാണാനവസരം സിദ്ധിച്ചു.
വേണുവേട്ടന്റെ ഗുരുവെന്നു കരുതാവുന്ന ശ്രീ ദത്തോപന്ത് ഠേംഗ്ഡിയുടെ മൂന്നാം മാര്‍ഗ സിദ്ധാന്തം പ്രസിദ്ധമാണല്ലൊ. ക്യാപ്പിറ്റലിസവും കമ്മ്യൂണിസവും മാത്രമാണ് ലോകസമ്പദ്വ്യവസ്ഥയെ നയിക്കുന്ന ആശയങ്ങള്‍ എന്ന അഭിപ്രായം സര്‍വത്ര ശക്തിപ്രാപിച്ചിരിക്കുമ്പോള് ഇവ രണ്ടിനുമപ്പുറത്ത്, കേവല ഭൗതികതയ്ക്കതീതമായി ആത്മീയതയ്ക്കും മാനവികതയ്ക്കും പ്രാധാന്യം നല്കുന്ന സംസ്കാരാധിഷ്ഠിതമായ ഒരു മൂന്നാം മാര്‍ഗമുണ്ടെന്നും അതാണ് മാനവസമൂഹത്തിന് ഭാവിയിലേക്കുള്ള ആശ്രയമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഉദ്ദേശത്തോടെ സ്ഥാപിതമായ തേര്‍ഡ്വേ ഫൗണ്ടേഷന് എന്ന സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം കൂടി നവതി പ്രണാമ വേളയില്‍ വേണുവേട്ടന് നിര്‍വഹിക്കുകയുണ്ടായി. ഏഴുപതിറ്റാണ്ടുനീണ്ട നിസ്തന്ദ്രമായ രാഷ്ട്രസേവന പാതയിലൂടെ നമുക്കൊക്കെ ആവേശവും പ്രചോദനവും നല്‍കുന്നതായിരുന്നു വേണുവേട്ടന് അവിടെ പറഞ്ഞ വാക്കുകളും.
അടുത്തു തന്നെ സരസ്വതീ വിദ്യാലയത്തില്‍ നടന്നുവരുന്ന വിശേഷവര്ഗ പരിശീലന ശിബിരത്തിലും പങ്കെടുക്കാനവസരമുണ്ടായി. യൗവനാവസ്ഥ കഴിഞ്ഞു സംഘത്തിലെത്തിയവര്ക്ക് വേണ്ടി നടത്തപ്പെടുന്ന ‘വിശേഷവര്ഗ’ങ്ങള് കഴിഞ്ഞ 17 വര്‍ഷങ്ങളായി തുടരുന്നുണ്ട്. അവിടത്തെ ശിക്ഷാര്‍ത്ഥികളുമായി സംവദിച്ചു കഴിഞ്ഞപ്പോള്‍ ദുഃഖകരമായ ഒരു വിവരവും അറിഞ്ഞു. തൊടുപുഴ ശാഖയിലെ ആദ്യ സ്വയംസേവകനും അവിടെ നിന്ന് ആദ്യം സംഘപരിശീലനം നേടിയ വ്യക്തിയുമായ പഴവീട്ടില്‍ ഗോപാലന് അന്തരിച്ചുവെന്നതായിരുന്നു വാര്‍ത്ത.
1955 അവസാനം തൊടുപുഴയില്‍ സംഘശാഖ ആരംഭിക്കാന്‍ ഉത്സാഹിച്ചപ്പോള് അതിനുമുന്നില്‍ നിന്നതു അദ്ദേഹമായിരുന്നു. സാമ്പത്തികമായി അവശനും ഔപചാരിക വിദ്യാഭ്യാസം കഷ്ടിയുമായിരുന്ന ഗോപാലന്റെ പ്രത്യുത്പന്നമതിത്വവും ആത്മവിശ്വാസവും അത്ഭുതകരമായിരുന്നു. സമൂഹത്തിലെ വിവിധതലത്തിലും തരത്തിലുമുള്ള പ്രമുഖരുമായി ഇടപഴകി ശാഖയിലേക്ക് കൊണ്ടുവന്നിരുന്നു.
ഒരു ജോലി സമ്പാദിക്കാനായി പെരുമ്പാവൂര്‍ പോയി പരിശ്രമം നടത്തുന്നതിനിടയില്‍ വിജയിച്ചത് അവിടെ ഒരു ശാഖ ആരംഭിക്കുന്നതിലായിരുന്നു. അവിടുത്തെ റയോണ്‍സ് കമ്പനിയുടെ ആസ്പത്രിയില്‍ ജോലി ചെയ്തിരുന്ന രണ്ട് പ്രശസ്ത മഹാരാഷ്ട്ര സ്വദേശികളായ ഡോക്ടര്‍മാര്‍ സ്വയംസേവകരാണെന്ന് കണ്ടുപിടിച്ച് ഭാസ്കര്‍ റാവുജിയെ കൂട്ടിക്കൊണ്ടുപോയി പരിചയപ്പെടുത്തിയതു ഗോപാലനായിരുന്നു. പക്ഷേ ഉപജീവനത്തിനുള്ള ജോലി മാത്രം അദ്ദേഹത്തിന് കിട്ടിയില്ല.
1957 ലെ ചെന്നൈ പല്ലാവരത്തു നടന്ന ശിക്ഷാവര്‍ഗില്‍ പരിശീലനത്തിനുപോയി. ഭാഷ വലിയ പ്രശ്നമായിരുന്നു. ശാരീരിക കാര്യക്രമങ്ങളിലും ശോഭിച്ചില്ല. പക്ഷേ അവിടുത്തെ വിവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചും അന്തരീക്ഷത്തില്‍ ലയിച്ചും സംഘത്തെ ഉള്‍ക്കൊണ്ടു എന്നുപറയുന്നതാവും ശരി. ഉദ്ദേശിച്ച ജോലി അകന്നുപോയപ്പോള്‍ അറിയാവുന്ന പണിയായ ബീഡി തെറുത്തും ഒരു പശുവിനെ വളര്‍ത്തിയും അദ്ദേഹവും കുടുംബവും ജീവിതം തള്ളിനീക്കി. ഭാസ്കര്‍ റാവുജിയുടെയും ചിന്മയാനന്ദ സ്വാമികളുടെയും അനുഗ്രഹംകൊണ്ട് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജോലി ലഭിച്ചു. കണ്ണൂരിലായിരുന്നു ആദ്യ നിയമനം. അവിടെ തുടക്കത്തില്‍ കാര്യാലയത്തില്‍ താമസിച്ചു. കിട്ടിയ ജോലിയുടെ സഹായംകൊണ്ട് ജീവിതം ക്രമേണ പച്ചപിടിച്ചുവന്നു. മട്ടാഞ്ചേരിയിലും എറണാകുളത്തുമായിരുന്നു ബാക്കികാലം. പ്രാന്തകാര്യാലയത്തിന്റെ നിര്‍മാണം നടക്കുന്ന സമയത്ത് അതിനടുത്തു താമസിച്ചുകൊണ്ട് അവിടുത്തെ ശാഖ നോക്കിയിരുന്നു. അടിയന്തരാവസ്ഥയില്‍ അദ്ദേഹത്തിന്റെ എളമക്കരയിലെ വീട്ടില്‍ പലതവണ താമസിക്കാന്‍ അവസരമുണ്ടായി.
മക്കള്‍ വളര്‍ന്നു സ്വന്തം കാലില്‍ നില്ക്കാന് ത്രാണി നേടി. തൊടുപുഴയില്‍ സ്വന്തമായി കാര്യാലയം നിര്‍മിക്കുന്ന വിവരം അറിഞ്ഞപ്പോള്‍ ഉണ്ടായ ആഹ്ലാദം കാണേണ്ടതായിരുന്നു. അതിന്റെ ഗൃഹപ്രവേശച്ചടങ്ങ് ഭാസ്കര്‍ റാവുജിയായിരുന്നു നിര്‍വഹിച്ചത്. അതില്‍ പങ്കെടുക്കാന്‍ കുടുംബ സഹിതം എത്തിയിരുന്നു.
വര്‍ഷങ്ങളായി ഗോപാലനെക്കുറിച്ചു വിവരങ്ങള്‍ കേട്ടിരുന്നില്ല. തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കഴിഞ്ഞ വര്‍ഷം വന്ന വിവരം അറിഞ്ഞിരുന്നു. അരനൂറ്റാണ്ടിനിടയ്ക്കു തലമുറകള്‍ പലതും മറിഞ്ഞുപോയി. പഴയ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇല്ലാതായി. ചെവിയിലെ ദ്രാവകത്തിന്റെ തകരാര്‍ മൂലമുളള അസന്തുലിതാവസ്ഥയായിരുന്നു അസുഖം. ഒരു ദിവസം അങ്ങനെ മറിഞ്ഞു വീണ് പിണഞ്ഞ പരിക്കായിരുന്നു അന്ത്യത്തിനു കാരണമെന്നറിഞ്ഞു. വീട്ടില്‍ ചെന്ന ധര്മപത്നിയേയും മക്കളേയും കണ്ട് സംസാരിച്ചു.
സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ദിഗ്വിജയം നടത്തി മുന്നേറുന്ന ഇക്കാലത്ത് ഗോപാലനെപ്പോലെയുള്ള നൂറുകണക്കിന് സ്വയംസേവകരുടെ ത്യാഗനിര്‍ഭരമായ കഠിനാദ്ധ്വാനമാണ് അതിനടിത്തറ പടുത്തത് എന്ന് നാം വിസ്മരിച്ചു കൂടാ. സംഘപഥത്തിലൂടെ എന്ന ഈ പംക്തി ആരംഭിക്കാന്‍ പ്രചോദനം നല്കിയ തലശ്ശേരിയിലെ, പരേതനായ അഡ്വ.എ.ഡി.നായര്‍ അഭിപ്രായപ്പെട്ടതും ഇത്തരം അറിയപ്പെടാത്ത പ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്ന പംക്തിയാവണം ഇത് എന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: