495. വ്യാപിനീഃ – വ്യാപിക്കുന്നവള്‍. പ്രപഞ്ചരൂപത്തില്‍ വ്യാപിക്കുന്നവള്‍, പ്രപഞ്ചത്തിലെ എല്ലായിടത്തും ചൈതന്യമായി വ്യാപിക്കുന്നവള്‍. സര്‍വകാരണമായ ബ്രഹ്മചൈതന്യത്തിന്റെ മറ്റൊരു പേരാണു പരാശക്തി എന്നുപറയാം. നിഷ്‌ക്രിയമായ ബ്രഹ്മത്തിന് ഉണ്ടായതായി നാം പറയുന്ന സൃഷ്ട്യുന്മുഖമായ പ്രേരണയ്‌ക്കു കാരണമായ മഹാമായയും ബ്രഹ്മത്തെ ആധാരമാക്കി മായ പ്രതീയമാനമാക്കുന്ന കാര്യകാരണസൃഷ്ടികളും ദേവിതന്നെയാണ്. സൃഷ്ടികര്‍ത്താവും സൃഷ്ടിക്കുള്ള സാമഗ്രിയും സൃഷ്ടിക്കപ്പെട്ട പ്രപഞ്ചവും പ്രപഞ്ചത്തിലെ ജഡശക്തികളും ജീവശക്തികളും എല്ലാമായി വ്യാപിക്കുന്നത് പരാശക്തിയായ മൂകാംബികയാകയാല്‍ ദേവിയെ വ്യാപിനിയായി നാമം വാഴ്‌ത്തുന്നു.
496. വേദമാതൃകാഃ – വേദങ്ങള്‍ക്കു മാതാവായവള്‍. വേദം എന്ന പദം ജ്ഞാനത്തെ കുറിക്കുന്നു. അറിയപ്പെടേണ്ടതെല്ലാം വേദമാണെങ്കിലും വളരെ സങ്കുചിതമായ അര്‍ത്ഥത്തില്‍ ഋക്, യജുസ്, നാമം, അഥര്‍വം എന്നീ നാലുവേദങ്ങളെ കുറിക്കാനാണു സാധാരണയായി ഉപയോഗിക്കുന്നത്. വേദശബ്ദത്തെ ഭാരതീയരായ ആചാര്യന്മാര്‍ നിര്‍വചിക്കുന്നത് പരിശോധിക്കാം.
”ഇഷ്ടപ്രാപ്ത്യനിഷ്ട പരിഹാരയോഃ അലൗകികമുപായം യോ ഗ്രന്ഥോ വേദയതി സവേദഃ (ഇഷ്ടകാര്യങ്ങളുടെ പ്രാപ്തിക്കും അനിഷ്ടപരിഹാരത്തിനുമുള്ള അലൗകികമായ ഉപായം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് വേദം) എന്നു സായണാചാര്യര്‍. വേദാര്‍ത്ഥപ്രകാശം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ സായണാചാര്യരുടെ ഈ നിര്‍വചനം ശ്രദ്ധ അര്‍ഹിക്കുന്നു.
”ധര്‍മ്മാധര്‍മൗ വേദയതി ഇതി വേദ” (ധര്‍മ്മവും അധര്‍മ്മവും അറിയിക്കുന്നതു വേദം) എന്ന് ലിംഗസൂരിവേദത്തെ നിര്‍വചിക്കുന്നു.
”നിശ്രേയസകരാണി കര്‍മാണി ആവേദയന്തി വേദഃ” (പരമമായ ജ്ഞാനം അറിയിക്കുന്നതു വേദം) എന്ന് ആചാര്യകപര്‍ദി.
”വേദനം സത്താലാഭോ വിചാരശ്ച വേദശബ്‌ദേന ഉച്യതേ” (അറിയല്‍, സത്തഗ്രഹിക്കല്‍, വിചാരം എന്നിവയെ വേദശബ്ദം കൊണ്ടുപറയുന്നു) അഭിനവഗുപ്താചാര്യര്‍.
”വിദന്തി അനേന ധര്‍മം വേദഃ” (ധര്‍മത്തെ ഇതിനാല്‍ അറിയുന്നതിനാല്‍ വേദം). ഹേമചന്ദ്രാചാര്യര്‍.
ഇങ്ങനെ നൂറകണക്കിനു നിര്‍വചനങ്ങള്‍ വേദശബ്ദത്തിനുണ്ട്. എല്ലാ അറിവിനും ആധാരമായ അറിവ് എന്ന നിര്‍വചനം നമുക്കു സ്വീകരിക്കാം. എല്ലാ അറിവിനും അമ്മയാണു മൂകാംബികാദേവി. അമ്മ അറിയിക്കുന്നിടത്തോളമുള്ള അറിവേ നമുക്കുണ്ടാകൂ.
… തുടരും
















