ഹരിപ്പാട്: ബൈക്കിലെത്തി കണ്ടൈയ്നര്‍ ലോറി തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ച് പണവും താക്കോലും ഫോണും കവര്‍ന്ന നാലംഗ സംഘം അറസ്റ്റില്‍. ചേപ്പാട് മുട്ടം മനുവില്ലയില്‍ മനു (19), പാരേത്ത് അനൂപ് (21), മുറിയാമൂട്ടില് പടീറ്റതില്‍ സനല്‍ (24), ഏവൂര്‍ വടക്ക് വിഷ്ണു ഭവനത്തില്‍ വിഷ്ണു (22) എന്നിവരെയാണ് ഇന്നലെ രാവിലെ കരീലക്കുളങ്ങര പോലീസ് പിടികൂടിയത്.
പരിക്കേറ്റ ലോറി ഡ്രൈവര്‍ കണ്ണൂര്‍ തളിപ്പറമ്പ് കാരിക്കല്‍ വീട്ടില്‍ പ്രതീഷി(31)നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ കാഞ്ഞൂര്‍ ദേവീക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയായിരുന്നു സംഭവം.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയെ മറികടന്ന് ബൈക്കുകള്‍ കുറുകെ നിര്‍ത്തിയാണ് യുവാക്കള്‍ മോഷണം നടത്തിയത്. മൂന്ന് യുവാക്കള്‍ ഡ്രൈവറുടെ കാബിനില്‍ ചാടിക്കയറി ഇയാളെ ചവിട്ടി റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാബിനിലുണ്ടായിരുന്ന 22,000 രൂപയും ലോറിയുടെ താക്കോലും മൊബൈല്‍ ഫോണും കൈക്കലാക്കി അക്രമി സംഘം കടന്നുകളഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ രണ്ട് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് ക്രയിന്‍ എത്തിച്ച് ലോറി വശത്തേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലെത്തിയത്. ഡ്രൈവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പ്രതികളില്‍നിന്നും മോഷ്ടിച്ച പണവും മൊബൈല്‍ഫോണും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്ഐ: ബി. അശോകന്റെ നേതൃത്വത്തില്‍ സിപിഒ മാരായ രാജേന്ദ്രന്, സുരേഷ്, പത്മകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: