കൊച്ചി: പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് മില്‍മയുടെ സഹകരണത്തോടെ ആവിഷ്കരിച്ചിട്ടുള്ള ‘ഐസ്ക്രീം ടു പ്രോസ്പെരിറ്റി’ പദ്ധതിയുടെ ഉദ്ഘാടനം 11 ന് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍ അറിയിച്ചു. പട്ടികജാതി വിഭാഗത്തില്പ്പെട്ടവര്ക്കായിട്ടുള്ളതാണ് ഈ പദ്ധതി.
വാഹനവും റെഫ്രിജറേറ്റര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും നല്കി ഇവരെ സ്വയം തൊഴിലിനു പ്രാപ്തരാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി 35 യുവാക്കള്‍ക്ക് കനോപ്പി സൗകര്യങ്ങളുള്ള പെട്ടി ഓട്ടോറിക്ഷയാണു നല്‍കുന്നത്. പദ്ധതിക്കായി 76 ലക്ഷം രൂപയാണു ചെലവഴിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് കാക്കനാട്ട് ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ അധ്യക്ഷനായിരിക്കും. ബെന്നി ബഹന്നാന് എംഎല്‍എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, മില്‍മ ചെയര്മാന് ബാലന്‍മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിന്ദു ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. മരട്, തൃപ്പൂണിത്തുറ, അങ്കമാലി മുനിസിപ്പല്‍ ചെയര്മാന്മാരായ അഡ്വ. ടി. കെ. ദേവരാജന്‍, ആര്. വേണുഗോപാല്‍, ബെന്നി മുഞ്ഞേലി എന്നിവര്‍ ആദ്യ കനോപ്പി സ്വീകരിക്കും.
ഫ്രീസര്‍, കനോപ്പി, ഇന്‍വെര്‍ട്ടര്‍ എന്നിവയടങ്ങിയ ഒരു യൂണിറ്റിന് 2.65 ലക്ഷം രൂപയാണു വില. ഇവര്‍ക്കാവശ്യമായ ഐസ്ക്രീം മില്‍മ നല്‍കും. രണ്ടാംഘട്ടമായി 200 യൂണിറ്റുകള്‍ കൂടി നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മേല്‍പ്പറഞ്ഞ മൂന്നു നഗരസഭകള്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് അഡ്വ. എല്‍ദോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: