കുറവിലങ്ങാട്: ഉഴവൂര്‍ ടൗണിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മോഷണം നടത്തുവാന്‍ എത്തിയ ഹൈടെക് മോഷ്ടാക്കള്‍ കാമറയില്‍ കുടുങ്ങി. തിങ്കളാഴ്ച രാത്രി 10 മണിയോടുകൂടിയാണ് നാലംഗസംഘം സ്ഥാപനത്തിന്റെ ഷട്ടറു തുറക്കുവാന്‍ ശ്രമം നടത്തിയത്. വെളളമുണ്ടും, ഷര്‍ട്ടും ധരിച്ച 25 നും 40 നും ഇടയില്‍ പ്രായം തോന്നിക്കുന്ന നാലംഗസംഘം ഒരു മണിക്കൂറോളം ഷട്ടറിന്റെ താഴ് തകര്‍ക്കുവാനുളള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മടങ്ങുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സ്വകാര്യ പണമിടപാട് സ്ഥാപനം തുറക്കുവാന്‍ എത്തിയ ഉടമ ഷട്ടര്‍ പൊളിക്കുവാന്‍ ശ്രമം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടത് സംഘത്തിലെ നാലുപേരുടെ ചിത്രങ്ങളാണ് ക്യാമറയില്‍ വ്യക്തമായിട്ടുളളത്. മോഷണസംഘം രാത്രി 10 മുതല്‍ 11.30 വരെ വില്ലേജ് ഓഫീസിന് എതിര്‍വശമുളള കെട്ടിടത്തിന്റെ മുകളില്‍ ഉണ്ടായിരുന്നതായി ക്യാമറ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. മോഷണം ആരംഭിച്ചതുമുതല്‍ ഒരാള്‍ ഫോണിലൂടെ സംസാരിക്കുന്നതായി ക്യാമറയില്‍ കാണുന്നു. സംഘത്തിലെ മറ്റൊരാള്‍ക്ക് താടിയുണ്ട്. കളളത്താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ സാധിക്കാത്തതിനാല്‍ കമ്പിപ്പാര ഉപയോഗിച്ച് അടിക്കുന്നതായും ക്യാമറയിലുണ്ട്. ഉടമ കുറവിലങ്ങാട് പോലീസില്‍ അറിയിക്കുകയുമായിരുന്നു. പ്രിന്‍സിപ്പല്‍ എസ്.ഐ.കെ.ആര്. മോഹന്‍ദാസിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളുടെ സി.സി.ടി.വി. ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: