കൊച്ചി: കലൂര്‍ പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിലെ മേടപൗര്ണമി പൊങ്കാലയുടെ സമാപനം കുറിച്ചുകൊണ്ട് ആയിരക്കണക്കിന് സ്ത്രീകള്‍ പാര്‍വതീദേവിക്ക് ഭക്തിയുടെ നിറവില്‍ പൊങ്കാല അര്‍പ്പിച്ചു.
ചടങ്ങുകള്‍ രാവിലെ 5 മണിക്ക് മഹാഗണപതി ഹോമത്തോടെ ആരംഭിച്ചു. അതിനുശേഷം പാര്‍വതീദേവിക്ക് അഷ്ടാഭിഷേകവും വിശേഷാല്‍ പൂജകളും നടന്നു. കലൂര്‍ ജംഗ്ഷന് മുതല്‍ പേരണ്ടൂര്‍ റോഡില്‍ ഇരുവശവും പൊങ്കാല അടുപ്പുകള്‍കൊണ്ട് നിറഞ്ഞു. 9.00 മണിയ്ക്ക് ക്ഷേത്രസന്നിധിയില്‍ ‘തലപൊങ്കാല’ സമര്‍പ്പണം നടന്നു. ദശപുഷ്പംകൊണ്ട് അലങ്കരിച്ച ഉരുളിയില്‍ ദ്രവ്യങ്ങള്‍ സമര്‍പ്പിച്ചശേഷം മേല്‍ശാന്തി മൂക്കന്നൂര്‍ മോഹനന് നമ്പൂതിരിയുടെ ഭാര്യ സിന്ധു മോഹന്‍ ആദ്യപൊങ്കാല അര്‍പ്പിച്ചു. തുടര്‍ന്ന് മൂക്കന്നൂര്‍ മോഹനന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പൊങ്കാല അടുപ്പില്‍നിന്ന് 18 നിലവിളക്കുകളിലേക്ക് ദീപം പകര്‍ന്നു.
ഉദ്ദിഷ്ടകാര്യ സിദ്ധിയ്ക്കും കുടുംബസൗഖ്യത്തിനുമായി വ്രതനിഷ്ഠയോടുകൂടി ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഭക്തര്‍ പൊങ്കാല അര്‍പ്പിച്ചു. തുടര്‍ന്ന് പത്തോളം പൂജാരിമാരുടെ നേതൃത്വത്തില്‍ ഭക്തര്‍ തയ്യാറാക്കിയ നിവേദ്യത്തില്‍ തീര്‍ത്ഥം തളിച്ചു. ഉച്ചയ്ക്ക് നടന്ന പ്രസാദ ഊട്ടിന് ശേഷം അനുഗ്രഹപുണ്യം നേടിയ ഭക്തര്‍ മടങ്ങി. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്കായി പുഴുക്കും കഞ്ഞിയും പ്രത്യേകം തയ്യാറാക്കിയിരുന്നു.
പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രസമിതിയുടെ നേതൃത്വത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നതായി ജനറല്‍ കണ്‍വീനര്‍ കെ.പി.മാധവന്‍കുട്ടിയും ക്ഷേത്രസമിതി പ്രസിഡന്റ് കെ.എ.എസ്. പണിക്കരും പറഞ്ഞു.
പൊങ്കാലയ്ക്കുവേണ്ട കലം, കൊതുമ്പ്, അരി, ശര്‍ക്കര എന്നിവ അടങ്ങിയ കിറ്റ് ഭക്തര്‍ക്കായി തയ്യാറാക്കിയിരുന്നു. കൂടാതെ പോലീസ്, ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘവും ഭക്തരെ സഹായിക്കാനായി ഉണ്ടായിരുന്നു. ഭക്തര്‍ക്കായി ദാഹജലം, മിനറല്‍ വാട്ടര്‍, സംഭാരം എന്നിവ ഒരുക്കിയിരുന്നു. നിവേദ്യത്തിനുള്ള കലങ്ങള്‍ നാഗര്‍കോവിലില്‍നിന്നും കത്തിക്കാനുള്ള കൊതുമ്പുകള്‍ ഉദുമല്‍പേട്ടയില്‍ നിന്നുമാണ് കൊണ്ടുവന്നതെന്നു ജനറല്‍ കണ്‍വീനറായ മാധവന്‍കുട്ടി പറഞ്ഞു.
ചടങ്ങുകള്‍ക്ക് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്, ജോയിന്റ് സെക്രട്ടറി എം.ബി.വിജയകുമാര്‍, ക്ഷേത്രം പ്രഭാരി ശ്രീനിവാസ പ്രഭു, പൊങ്കാല സമിതി പ്രസിഡന്റ് പത്മ രാജശേഖരന്, പൊങ്കാല സമിതി സെക്രട്ടറി അഡ്വ.ഷൈലജ, വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന്, കമ്മറ്റിയംഗങ്ങളായ സി.രാമകൃഷ്ണന്, വിശ്വനാഥന്, ബാലകൃഷ്ണ കമ്മത്ത്, ശ്രീകുമാര്‍, സുരേന്ദ്രന്, നന്ദകുമാര്‍, സോമകുമാര്‍, സുരേഷ്, രതീഷ്, സന്തോഷ്, പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: