പൊന്‍കുന്നം: വേദനിക്കുന്നവരെ സ്നേഹിച്ച് അവര്‍ക്ക് സ്വാന്തന സ്പര്‍ശമായി എത്തിയിരുന്ന കലാകാരന് മജീഷ്യന്‍ സിജി വിശ്വനാഥിന്റെ വേര്‍പാട് നാടിന്റെ ദു:ഖമായി. 42 വയസുകാരന് സിജി പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. നെടുമാവില്‍ ആബുലന്‍സ് സൗകര്യം ഒരുക്കി രോഗികളെ സഹായിക്കാന്‍ മുന്‍കൈയെടുത്തത് സിജിയായിരുന്നു. തന്റെ കലയായ മാജിക്കിലൂടെ അനീതിക്കെതിരെ കണ്ണുകെട്ടി ജീപ്പോടിച്ച് പ്രതിഷേധിച്ചു. തള്ളക്കയം തടയിണയ്ക്ക് കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെതിരെ ഏതാനും വര്‍ഷം മുമ്പ് നാട്ടുകാരെ പങ്കെടുപ്പിച്ച് തടയിണയ്ക്ക് മുകളില്‍ ഓണ സദ്യ ഒരുക്കി പ്രതിഷേധം രേഖപ്പെടുത്താന്‍ നേതൃത്വം നല്കിയതും സിജിയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫലം വരുന്നതിന് മുമ്പ് സിജി ഫലം കൃത്യമായി പ്രവചിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ പ്രവചനം പെട്ടിയിലാക്കി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ പെട്ടിതുറന്നപ്പോള്‍ ഫലം കൃത്യമായിരുന്നു. ഇത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പുളിക്കല്‍കവലയില്‍ കുമ്മാട്ടി എന്ന അപ്ഹോള്‍സ്റ്ററി സ്ഥാപനം നടത്തി വന്നിരുന്ന സിജി മലയാളി മാജിക് അസോസിയേഷന് കോട്ടയം മുന്‍ ജില്ലാ സെക്രട്ടറി, എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന് സംസ്ഥാന കമ്മറ്റിയംഗം, വ്യാപാരി വ്യവസായി ഏകോപന സമിതി പുളിക്കല്‍കവല യൂണിറ്റ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിജി ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: