ആലപ്പുഴ: കോര്‍ത്തശേരി-തത്തംപള്ളി കുരിശടി റോഡിലെ മെറ്റിലിളകി യാത്ര ദുസഹമായി. തത്തംപള്ളി, ജില്ലാ കോടതി വാര്‍ഡ് കൗണ്‍സിലര്‍മാരുടെ അലംഭാവത്തിനെതിരെ പ്രതിഷേധം ശക്തമായി. ഈ റോഡിന്റെ വശത്തുള്ള കാണ വെള്ളമൊഴുക്കു സുഗമമാകത്തക്ക രീതിയില്‍ വൃത്തിയാക്കുകയും സ്ലാബുകള്‍ സ്ഥാപിച്ചു സുരക്ഷിതമാക്കുകയും ചെയ്യേണ്ടതുണ്ട്.
വളരെയേറെ ആള്‍ക്കാരും വാഹനങ്ങളും കടന്നു പോകുന്ന കിടങ്ങാംപറമ്പ്-കോര്‍ത്തശേരി- ഫിനിഷിങ് പോയിന്റ് റോഡ് റീടാര്‍ ചെയ്യുന്നതിനായി പണം അനുവദിച്ചതായി മാസങ്ങളായി പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഏതാനും ആഴ്ചകള്‍ മുന്‍പ് റോഡുകളുടെ ഇരുവശത്തും കുറുകെയും കേബിളിടാന്‍ നീണ്ട കുഴിയെടുത്തതിനാല്‍ റോഡിനു കൂടുതല്‍ ബലക്ഷയം ബാധിച്ചു.
കോര്‍ത്തശേരി ഭാഗത്ത് ആവശ്യമായ കാണ ഉചിതമായ രീതിയില്‍ സ്ലാബ് മൂടിയോടെ നിര്‍മ്മിക്കേണ്ടതുമാണ്. കിടങ്ങാംപറമ്പ്, തത്തംപള്ളി, ജില്ലാ കോടതി വാര്‍ഡുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. അടുത്ത മാസം മഴക്കാലമാകുമെന്നതിനാല്‍ ടാറിങ് ഉടനെ നടത്തണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: