അമ്പലപ്പുഴ: നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തുന്നതിനെതിരെ റവന്യൂ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോഴും വീട് വയ്ക്കാനെന്ന മറവില്‍ നിലം നികത്തുന്നത് വ്യാപകമായി. നിയമങ്ങള്‍ പലതും ഉണ്ടെങ്കിലും യാതൊരു തടസങ്ങളുമില്ലാതെ നെല്‍വയലുകള്‍ നികത്തുന്നു.
നീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ ഉണ്ടായിട്ടും പലയിടങ്ങളിലും അധികൃതരുടെ ഒത്താശയോടെയുള്ള പൊതുതോടുകള്‍ കൈയേറ്റവും വ്യാപകമാണ്. പ്രത്യേകം ഏജന്റുമാര്‍ കരാര്‍ അടിസ്ഥാനത്തിലാണ് പാടശേഖരങ്ങള്‍ നികത്തികൊടുക്കുന്നത്. ടിപ്പറുകള്‍ കയറാത്തിടത്ത് കെട്ടുവള്ളങ്ങളില്‍ ഗ്രാവല്‍ എത്തിച്ച് കൊടുക്കുന്ന സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. ചില റിയല്‍ എസ്റ്റേറ്റ് സംഘങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തം പേരിലല്ലാതെ ചില ബിനാമികളുടെ പേരിലാണ് നിലങ്ങള്‍ വാങ്ങുന്നത്. പത്ത് സെന്റില്‍ കൂടുതല്‍ നികത്തുന്നത് നിയമം അനുവദിക്കാത്തതിനാല്‍ സ്വന്തമായി സ്ഥലം ഇല്ലാത്ത പലരുടെ പേരിലാണ് ഇത് വാങ്ങുന്നത്. ഇത് നികത്തി വീട് വെച്ചതിന് ശേഷം മറിച്ച് വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. ഇതിന് വേണ്ട നിയമ സഹായങ്ങള്‍ ചെയ്യുന്നതും റവന്യൂ അധികൃതര്‍ തന്നെയാണ്.
കുട്ടനാടന്‍ മേഖലകളില്‍ കൃഷിചെയ്യുന്ന പാടശേഖരങ്ങള്‍ നികത്തുന്നതിനെതിരെ നിയമ നടപടികള്‍ കര്‍ശനമാക്കിയപ്പോള്‍ നാളുകളായി കൃഷിയിറക്കാതെ തരിശ്ശ് കിടക്കുന്ന ചില കരപ്പാടങ്ങളാണ് റിയല്‍ എസ്റ്റേറ്റ് മാഫിയ ഇപ്പോള്‍ കൈക്കലാക്കുന്നത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചൂളപ്പറമ്പില്‍ വര്‍ഷങ്ങളായി തരിശിട്ടിരുന്ന നിലം കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് വളഞ്ഞവഴി സ്വദേശിയായ ഒരു റിയല്‍ എസ്റ്റേറ്റ് ഉടമ കൈക്കലാക്കിയിരുന്നു. മകള്‍ക്ക് വേണ്ടി വീട് വെയ്ക്കാനെന്നാണ് പ്രദേശവാസികളോട് പറഞ്ഞിരുന്നത്. നിലം നികത്താന്‍ തുടങ്ങിയപ്പോഴാണ് മകളുടെ പേരില്‍ മറ്റ് പലയിടങ്ങളിലും ഇയാള്‍ നിലം വാങ്ങി നികത്തിയിട്ടുള്ളതായി അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ നിലം നികത്ത് തടഞ്ഞിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ചില ക്വട്ടേഷന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ടിപ്പറില്‍ ഗ്രാവലിറക്കി നിലം നികത്തല്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യമൊക്കെ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ത്തെങ്കിലും ഇപ്പോള്‍ കണ്ടില്ലെന്ന് നടിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. പഴയനടക്കാവ് റോഡിന് സമാന്തരമായുള്ള കുറവന്തോട് തോടാണ് സ്വകാര്യ വ്യക്തികള്‍ കൈയേറി ഇരിക്കുന്നത്. പൂക്കൈതയാറുമായി ബന്ധപ്പെട്ട് ദേശിയപാതവരെ കിടക്കുന്ന തോടിന്റെ ഇരുവശങ്ങളും സമീപവാസികള്‍ കൈയേറിയിരുന്നു. പഴയനടക്കാവ് റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഒരുവശം എടുത്തതോടെ എതിര്‍വശവും ഇപ്പോള്‍ കൈയ്യേറുകയാണ്.
ഇരുപതടിയിലധികം വീതിയുണ്ടായിരുന്ന തോടിന് ഇപ്പോള്‍ കാനയുടെ വലുപ്പം മാത്രമാണുള്ളത്. കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ അധികൃതര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇപ്പോഴും പഴയപടിതന്നെയാണ്. പുന്നപ്ര അറവുകാടിന് കിഴക്ക് ഗുരുപാദം ജങ്ഷന് സമീപത്തെ തോടും വ്യക്തി പകുതിയിലേറെ നികത്തിയിരിക്കുകയാണ്. തോടുകള്‍ നികന്നതോടെ വെള്ളം ഒഴുകിമാറാതെ പലവീടുകളും വെള്ളത്തിലാകുമെന്ന അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: