കൊച്ചി: കള്ളനോട്ട് കേസില്‍ 18 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ എറണാകുളം ക്രൈംബ്രാഞ്ച് സംഘടിത കുറ്റാന്വേഷണ വിഭാഗം അറസ്റ്റുചെയ്തു. എറണാകുളം, മഴുവന്നൂര്‍, ചെറുനെല്ലാട് കരയില്‍ വാണാക്കുഴിയില് വീട്ടില്‍ കുഞ്ഞുമോന് എന്ന റെജിമാത്യു (60)വിനെയാണ് അറസ്റ്റ്ചെയ്തത്. പിടികിട്ടാപ്പുള്ളികളെ അറസ്റ്റുചെയ്യുന്നതിന് രൂപീകരിച്ച ക്രൈം സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.
1997 ലാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ കോലഞ്ചേരിയിലെ ഒരുബാറില്നിന്നും മദ്യപിച്ചതിനുശേഷം 100 രൂപയുടെ വ്യാജനോട്ടുകള്‍ നല്‍കുകയായിരുന്നു. പുത്തന്‍കുരിശ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി.കോടതിയില്‍നിന്നും ജാമ്യം നേടിയ പ്രതി പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. കോലഞ്ചേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാള്‍ക്കെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കോയമ്പത്തൂരില്‍ ഒരു കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് അലക്സ് കെ. ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് പോലീസ് കോയമ്പത്തൂരിലെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതി പിടികൊടുക്കാതെ കേരളത്തിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് മൂവാറ്റുപുഴയില്‍ ക്രൈംബ്രാഞ്ച് എറണാകുളം സബ് യൂണിറ്റ് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ടി.സി. അയ്യപ്പന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.പി. റെജി, എം.വി. സുനില്‍, ഗുരുദേവന് എന്നിവര്‍ ചേര്‍ന്നാണ് റെജി മാത്യുവിനെ അറസ്റ്റുചെയ്തതത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: