ശ്യാമളയമ്മക്ക് റോഡ് വക്കില്‍ ചിതയൊരുക്കിയിരിക്കുന്നു
ചാത്തന്നൂര്‍: തലചായ്‌ക്കാന്‍ ഇത്തിരി മണ്ണിന് വേണ്ടി റോഡ് പുറമ്പോക്കില്‍ അഭയം തേടുന്നവര്‍ക്ക് ആറടിമണ്ണിന് വേണ്ടി തെരുവോരം തന്നെ ശരണം. ഇത്തിക്കര പഴയ ദേശീയപാതയുടെ പുറമ്പോക്കില്‍ താമസിക്കുന്ന ശ്യാമളയമ്മയ്‌ക്ക് ചിതയൊരുക്കിയത് റോഡരികില്‍ തന്നെ. അര സെന്റ് പോലും ഇല്ലാത്ത വസ്തുവില്‍ നിര്‍മ്മിച്ച വീടിനുമുന്നില്‍ കൂടിയുള്ള റോഡിന്റെ എതിര്‍വശത്ത് മുപ്പതടി താഴ്ചയിലേക്ക് ഇടിഞ്ഞു വീഴാറായി നില്‍ക്കുന്ന സ്ഥലത്താണ് ചിതയൊരുക്കിയത്.
വര്‍ഷങ്ങളായി ദേശീയപാതയോട് ചേര്‍ന്നുള്ള ഈ പ്രദേശത്ത് റോഡ് പുറമ്പോക്കില്‍ താമസിക്കുന്നത് പത്ത് കുടുംബങ്ങള്‍. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് കക്കൂസുകള്‍ ഇല്ല. കുടിവെള്ളത്തിന് കിണറുകള്‍ ഇല്ല. പൊതു ടാപ്പുകളെ ആശ്രയിക്കുന്ന ഇവര്‍ താമസിക്കുന്നതും ജീവന്‍ പണയം വച്ചാണ്
ഒരു വശം കുന്നാണെങ്കില്‍ മറുവശം മുപ്പതടി താഴ്ചയുള്ള കുഴി. ഇതിനുനടുവിലാണ് പത്ത് കുടുംബങ്ങള്‍. എണ്‍പത് വയസ്സുകാര്‍ മുതല്‍ കൈക്കുഞ്ഞുങ്ങള്‍ വരെ ഈ വീടുകള്‍ക്കുള്ളിലുണ്ട്. ഓരോ വീടുകളിലും അഞ്ചും അതിലധികവും അംഗങ്ങളുണ്ട് താനും. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് കൈവശ സര്‍ട്ടിഫിക്കറ്റ് കൊടുത്ത വീടുകള്‍ക്ക് പഞ്ചായത്ത് നമ്പരും ഇട്ടിട്ടുണ്ട്. എങ്കിലും അസൗകര്യങ്ങള്‍ക്ക് നടുക്ക് ജീവിക്കുന്ന ഇവരെ പുനരധിവസിപ്പിക്കുവാനോ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുവാനോ പഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണിയോ കേരളം മാറി മാറി ഭരിച്ച മുന്നണികളോ ഒന്നും ചെയ്തിട്ടില്ല. പുനരധിവാസം ആവശ്യപ്പെട്ട് ഇവര്‍ മുട്ടാത്ത വാതിലുകളില്ല.
സാര്‍വദേശീയ തോഴിലാളി ദിനമായ മേയ് ഒന്നിനാണ് 63കാരി ശ്യാമളയമ്മ മരണമടഞ്ഞത്. നാല് മക്കളുള്ള ശ്യാമളയമ്മ 13 വയസ്സുള്ളപ്പോള്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളിയായി വിപ്ലവപാര്‍ട്ടിയുടെ സംഘടനയില്‍ അംഗമായതാണ്. അന്ന് മുതല്‍ മരണം വരെ പിടിച്ചത് ചെങ്കൊടി മാത്രം. വര്‍ഷങ്ങള്‍ ഇത്രയായി ഒരൊറ്റ മെയ്ദിനം പോലും മുടങ്ങിയിട്ടില്ല. എന്നിട്ടും കൊടിപിടിക്കാന്‍ മാത്രം വിധിക്കപ്പെട്ട് താന്‍ അദ്ധ്വാനിക്കുന്നതിന്റെ പങ്കുപറ്റുന്ന നേതാക്കന്മാര്‍ പഞ്ചായത്തു ഭരിച്ചിട്ടും അവഗണനയായിരുന്നു ഫലം. വര്‍ഷങ്ങളായി സുഖമില്ലാതെ കിടന്നിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല അവര്‍.
പാര്‍ട്ടിനേതാക്കന്മാര്‍ പഞ്ചായത്ത് മാറിമാറി ഭരിച്ചിട്ടും ശ്യാമളയമ്മയടക്കമുള്ളവരുടെ പുനരധിവാസം മാത്രം മരുപ്പച്ചയായി. ഒടുവില്‍ നിരത്തുവക്കില്‍ ഒരുക്കിയ ചിതയില്‍ അവര്‍ എരിഞ്ഞുതീരുമ്പോള്‍ വീണ്ടും ഇന്നാട്ടുകാര്‍ പുനരധിവാസമെന്ന അവകാശവാദം ഉയര്‍ത്തുകയാണ്. ആറടിമണ്ണെങ്കിലും വേണമെന്ന ആവശ്യവുമായി പുതിയ സമരമുഖമൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: