സമുദ്രനിരപ്പില്‍നിന്നും 3000 അടി ഉയരത്തില്‍ മലമുകളില്‍ പതിനായിരങ്ങള്‍ പൊങ്കാല അര്‍പ്പിക്കുന്ന ഏക ദേവീസ്ഥാനമാണ് തിരുവനന്തപുരം ജില്ലയിലെ കാളിമല.
ദക്ഷിണഭാരത തീര്‍ത്ഥാടനകേന്ദ്രമായ കാളിമല സഹ്യപര്‍വത മുകളില്‍ സ്ഥിതിചെയ്യുന്നു. അഗസ്ത്യമുനി വരമ്പതിമലയില്‍ തപസ്സനുഷ്ഠിക്കുകയും മുനിയുടെ തപസ്സില്‍ സന്തുഷ്ഠനായ ശ്രീധര്‍മ്മശാസ്താവ് അഗസ്ത്യമുനിക്ക് ദര്‍ശനമേകി. മുനിയുടെ തപഃശക്തിയില്‍ മലമുകളില്‍ രൂപംകൊണ്ട ഉറവയില്‍നിന്നും ഔഷധഗുണമുള്ള ജലം പ്രവഹിച്ചു തുടങ്ങി. കൊടുംവേനലില്‍ വറ്റാത്ത ഉറവയായി കാളിതീര്‍ത്ഥം ഇന്നും പ്രവഹിച്ചുകൊണ്ടിരിക്കുന്നു.
രോഗശാന്തിക്കായി ഗംഗാതീര്‍ത്ഥം പോലെ കാളീതീര്‍ത്ഥവും വീടുകളില്‍ കൊണ്ടുപോയി പവിത്രമായി സൂക്ഷിക്കുന്നു. ചിത്രാപൗര്‍ണമി നാളില്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ പൊങ്കാല അര്‍പ്പിക്കുന്നത് കാളിതീര്‍ത്ഥത്തിലെ പുണ്യജലംകൊണ്ടാണ്. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച സ്ഥലത്ത് ഒരു സര്‍പ്പം കല്ലായി കിടക്കുന്നതു കാണാം.
ജഗത്ജനനിയുടെ അനശ്വരശക്തി തൊട്ടറിഞ്ഞ ആര്‍ഷഭാരത മുനിവര്യന്മാരുടെ പ്രാര്ത്ഥനാസത്യങ്ങളില് ഒന്നായ ഈശ്വരന്റെ മാതൃഭാവം കരുണാമയിയായ ദേവിയുടെ രൂപത്തില്‍ അത്ഭുത വരദായിനിയായ നാഗയക്ഷിയായും കാളിമലയില്‍ വാണരുളുന്നു. സന്താനസൗഭാഗ്യത്തിനുവേണ്ടി വിദൂരസ്ഥലങ്ങളില്‍ നിന്നുംപോലും നാഗയക്ഷിക്ക് പൂജ അര്‍പ്പിക്കുവാന്‍ ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു.
കാളിമലയില്‍ അന്നൂരി നെല്ല് എന്ന അത്ഭുത നെല്ല് ഉണ്ടായിരുന്നു. രാവിലെ കതിരാവുകയും ഉച്ചയോടുകൂടി നെല്ലായി അസ്തമനത്തിനുമുമ്പായി പഴുത്തു പൊഴിയുകയും ചെയ്യുന്ന ദൈവീകശക്തിയുള്ള നെല്ലാണ് അന്നൂരി നെല്ല്. ഈ നെല്ല് ഉതിര്‍ത്ത് ഭക്തര്‍ കൊണ്ടുവരുന്ന അരിയുടെ കൂടെ ചേര്‍ത്ത് പൊങ്കാല അര്‍പ്പിക്കുമായിരുന്നു.
പുണ്യമായ അന്നൂരി നെല്ല് പൊങ്കാലക്കലത്തില്‍ ഉണ്ടായിരുന്നാല്‍ ഒറ്റവറ്റുപോലും അവശേഷിക്കാതെ പൊങ്കാല മുഴുവന്‍ തിളച്ച് പുറത്തേക്ക് ചാടിപ്പോകുന്നതു കാണാം. ഇത് ഭഗവാന് സ്വീകരിച്ചു എന്ന് ഭക്തര്‍ വിശ്വസിക്കുന്നു. അവിശ്വാസികളുടെ കടന്നുകയറ്റംമൂലം നെല്ല് അപ്രത്യക്ഷമാവുകയാണ് ഉണ്ടായത്.കേരള തമിഴ്നാട് അതിര്‍ത്തിയില്‍ നെയ്യാറ്റിന്‍കര, വിളവംകോട് താലൂക്കുകളോടുചേര്ന്ന് വെള്ളറട, കടയാല്‍ പഞ്ചായത്ത് അതിര്‍ത്തിയിലാണ് വരമ്പതി എന്ന കാളിമല തീര്‍ത്ഥാടന കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: