ആലപ്പുഴ: ജില്ലയില്‍ അനധികൃത നിലംനികത്തല്‍, അനധികൃത മണ്ണെടുപ്പ് എന്നിവയ്ക്കെതിരെ ശക്തമായ നടപടികള്‍ തുടരുന്നു. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇതിനായി പ്രത്യേകം സ്ക്വാഡിനെ ചുമതലപ്പെടുത്തിയിരുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഈ പ്രത്യേക സംഘം നടത്തിയ പരിശോധനയില്‍ അനധികൃതമായി നിലം നികത്തിയ 30 കേസുകള്‍ കണ്ടെത്തി നിയമ നടപടി സ്വീകരിച്ചു. അനധികൃതമായ മണ്ണെടുപ്പിന് ഒരു കേസും സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധം ഗ്രാവല്‍ കൂട്ടിയിട്ടതിന് രണ്ടുകേസുകളും എടുത്തു.
ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.ആര്. ചിത്രാധരന്‍, ഭൂ പരിഷ്കരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.കെ.ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് സ്ക്വാഡ് പ്രവര്‍ത്തിക്കുന്നത്.അനധികൃത നിലം നികത്തല്‍, മണ്ണെടുപ്പ് എന്നിവയ്ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: