ചേര്‍ത്തല: ചേര്‍ത്തലയുടെ കായികക്കുതിപ്പിന് കരുത്തുപകരേണ്ട മിനി സ്റ്റേഡിയം കടലാസില്‍. ഒളിംപിക്സിലും, ദേശീയ ഗെയിംസിലും മികവു തെളിയിച്ച ഒരുപിടി താരങ്ങള്‍ ചേര്ത്തലയിലുണ്ടെങ്കിലും ഇവരുടെ പരിശീലനത്തിനാവശ്യമായ സൗകര്യങ്ങള്‍ പോലുമില്ലാത്ത സ്ഥിതിയാണ്.
നിലവില്‍ കായികമേളകള്‍ സംഘടിപ്പിക്കുന്നതിനും, കായികതാരങ്ങള്‍ പരിശീലനത്തിനും ആശ്രയിക്കുന്നത് നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടിനെയാണ്. ദേശീയപാതവികസനം സാദ്ധ്യമായാല്‍ മൈതാനം ഇല്ലാതാകുമെന്ന സ്ഥിതിയാണ്. ഇതോടെ ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ സംഘടിപ്പിക്കുന്ന കായികമേളകള്‍ക്ക് മറ്റെവിടെയെങ്കിലും ഇടം കണ്ടെത്തേണ്ടിവരും. മിനി സ്റ്റേഡിയം യാഥാര്‍ത്ഥ്യമായാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും.
ആദ്യം സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയത് ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിലായിരുന്നു. ഇതിനായി പി. തിലോത്തമന് എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് അമ്പതു ലക്ഷം രൂപ നീക്കിവച്ചിരുന്നു. എ.കെ. ആന്റണിയും ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി എംഎല്‍എ പറഞ്ഞു. എന്നാല്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ സ്കൂളിലെ ചില കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടിവരുമെന്ന സ്ഥിതിയായതോടെ ഇതിനെതിരെ സ്കൂള്‍ പിടിഎ രംഗത്തെത്തി. ഇതോടെ നടപടികള്‍ തടസപ്പെട്ടു. പിന്നീട് നഗരത്തില്‍ നിന്ന് ഒരു കിലോമീറ്ററോളം കിഴക്കോട്ട് മാറി സ്വകാര്യ വ്യക്തിയുടെ ആറര ഏക്കറോളം വരുന്ന ഭൂമി സ്റ്റേഡിയത്തിനായി കണ്ടെത്തിയെങ്കിലും ഫണ്ടിന്റെ അഭാവം മൂലം പദ്ധതി പാതി വഴിയില്‍ മുടങ്ങുകയാണുണ്ടായത്. സ്ഥലം അക്വയര്‍ ചെയ്യുന്നതിനാവശ്യമായ തുകയുടെ മൂന്നിലൊരു ഭാഗം നഗരസഭയാണ് വഹിക്കേണ്ടത്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിന് കഴിയില്ലെന്ന നിലപാടിലാണ് നഗരസഭ. ഒരു കോടി രൂപയാണ് ഇത്തവണ സ്റ്റേഡിയത്തിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ശ്രീനാരായണ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട് നവീകരിക്കുവാനുള്ള നടപടിയെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അവധിക്കാലമായതിനാല്‍ മുന്നൂറിലധികം കായികതാരങ്ങളാണ് ദിവസേന ഗ്രൗണ്ടില്‍ പരിശീലത്തിനെത്തുന്നത്. മഴ തുടങ്ങിയതോടെ വെള്ളം നിറഞ്ഞ് ഗ്രൗണ്ടില്‍ പരിശീലത്തിനെത്തുന്നവര് തെന്നിവീഴുന്ന സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: