പൂഞ്ഞാര്‍: തെക്കേക്കര പഞ്ചായത്തിലെ കുന്നോന്നി അമ്പലം റോഡിലെ പാലംപറമ്പില്‍ കടവിലേയ്ക്ക് വെട്ടിയിട്ട ചേര് മരം നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. നൂറുകണക്കിന് കുടുംബങ്ങള്‍ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന വെള്ളമാണ് ഇതുമൂലം മലിനമായിരിക്കുന്നത്. രണ്ട് മാസം മുമ്പാണ് ചേര് മരം കടവിലേയ്ക്ക് വെട്ടിയിട്ടത്. തോടിന്റെ സംരക്ഷണഭിത്തി നിര്‍മ്മാണത്തിനായാണ് കൂറ്റന്‍ മരം വെട്ടിയത്. ചേര് മരം മുറിച്ചാല്‍ വെട്ടുന്നവരുടെ ദേഹം ചൊറിഞ്ഞുപൊട്ടുമെന്നതാനാല് ഇത് വെട്ടിമാറ്റാന്‍ ആരും തയ്യാറാകുന്നില്ല. അതിനാല്‍ വെട്ടിയ മരം കുളിക്കടവില്ത്തന്നെ കിടക്കുകയാണ്. ഇതോടെ കുളിക്കടവിന്റെ ഉപയോഗവും നിലച്ചു. ജനങ്ങള്‍ കുളിക്കുന്നതിനായി മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയാണിപ്പോള്‍. മഴപെയ്തു തുടങ്ങിയതോടെ ചേരിന്റെ കറയുള്ള വെള്ളം താഴേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുകയുമാണ്. ഇതോടെ തോട്ടിലെ മറ്റ് കുളിക്കടവുകള്‍ ഉപയോഗിക്കുന്നവര്‍ക്കും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. അടിയന്തരമായി മരം മുറിച്ചുമാറ്റാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: