ചങ്ങനാശേരി: വേനല്‍ മഴ ശക്തമായതിനെതുടര്‍ന്ന് ചങ്ങനാശേരിയിലും സമീപപ്രദേശത്തും പകര്‍ച്ചവ്യാധി ഭീഷണിയില്‍. ശുചിത്വമില്ലായ്മയും മാലിന്യങ്ങള്‍ നിരന്നുകിടന്ന് പരിസരമാകെ വ്യക്തിഹീനമായി കിടക്കുന്നത് രോഗങ്ങള്‍ വിളിച്ചുവരുത്തുന്നതിന് കാരണമാകുന്നു. ഓടകളിലും മറ്റും മാലിന്യവും മലിനജലവും കെട്ടികിടന്ന് കൊതുപെരുകുന്നതിനും എലിയുടെ ശല്യം വര്‍ദ്ധിക്കുന്നതിനും ഇടയാക്കും.
ചര്‍ദ്ദിയും വയറിളക്കവും പിടിപെട്ടു താലൂക്കാശുപത്രിയില്‍ നിരവധിയാളുകള്‍ ചികിത്സയ്ക്കായ് എത്തുന്നുണ്ട്. കൂടുതലും രോഗം മൂര്‍ച്ഛിക്കുന്നത് കുട്ടികള്‍ക്കാണ്. കുടിവെള്ളം മലിനമാകുന്നതും മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതും ഇത്തരം രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണം. വീടുകളിലെ മാലിന്യങ്ങള്‍ കൂടുകളിലാക്കി ഓടയിലും മറ്റു തള്ളുന്നതിനാല്‍ മഴപെയ്യുമ്പോള്‍ ഓടനിറഞ്ഞ് മാലിന്യങ്ങള്‍ മുഴുവന്‍ റോഡില്‍ പരക്കുന്നത് പതിവായിരിക്കുകയാണ്. ഇത് തോടുകളിലൂടെ ഒഴുകി മറ്റ് ജലാശയങ്ങളേയും മലിനമാക്കുന്നു.
നമ്പര്‍ വണ്‍ ബസ്റ്റാന്റ്, ബൈപ്പാസ് റോഡ്, ഫാത്തിമാപുരം, തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്ന അവസ്ഥയാണ്. മഴ തുടര്‍ച്ചയായി പെയ്യുന്നതിനാല്‍ ഇവിടെ മാലിന്യങ്ങള്‍ ചിഞ്ഞളിഞ്ഞ് പകര്‍ച്ചവ്യാധിക്ക് സാധ്യത കൂടുതലാണ്. കമ്പോളങ്ങളില്‍ മാലിന്യം തള്ളുന്നതും തുടര്‍ക്കാഴ്ചയാണ്. മാലിന്യം തള്ളുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. നഗരത്തിന്റെ ഉള്‍പ്രദേശങ്ങളും കോളനികളിലും വെള്ളം കെട്ടികിടക്കുന്ന സാഹചര്യം നിലനില്ക്കുന്നു.
നഗരം ശുദ്ധജലത്തിനായി പ്രധാനമായും കല്ലിശ്ശേരി കറ്റോട് ശുദ്ധജലപദ്ധതിയെ ആശ്രയിക്കുന്നത്. കുടിവെള്ളം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും നിലവിലുള്ള ശുദ്ധജല സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തിയാല്‍ വിവിധ സ്ഥലങ്ങളിലെ ആളുകള്‍ക്ക് കുടിവെള്ളം നല്കാന് കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പായിപ്പാട്, കുറിച്ചി, മാടപ്പള്ളി എന്നിവിടങ്ങളില്‍ ശുദ്ധജല വിതരണത്തിനുപയോഗപ്രദമായ ജലാശയങ്ങള്‍ ഉണ്ടെങ്കിലും പ്രയോജനപ്പെടുത്തിയിട്ടില്ല. ഇവിടങ്ങളിലെ ജനങ്ങള്‍ക്കാണ് ശുദ്ധജലക്ഷാമം വളരെ രൂക്ഷമായിരിക്കുന്നത്. കിഴക്കന്‍ പ്രദേശമായതിനാല്‍ വിലകൊടുത്ത് കുടിവെള്ളം വിലയ്ക്കുവാങ്ങുന്നു. സ്വകാര്യ വ്യക്തികള്‍ വിതരണം ചെയ്യുന്നവെള്ളത്തില് കോളിഫോം ബാക്ടീരിയകളുടെ അളവ് അപകടകരമായ തോതില്‍ ഉള്ളതായിട്ട് അറിയുവാന്‍ കഴിഞ്ഞെങ്കിലും ഈ വെള്ളവിതരണം നിയന്ത്രിക്കുവാനോ നിര്ത്തലാക്കുവാനോ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലന്ന ആക്ഷേപം നിലനില്ക്കുന്നു. ആയതിനാല്‍ ആരോഗ്യപരമായ സാഹചര്യങ്ങളില്‍ നിന്നുമാണ് കുടിവെള്ളം എടുക്കുന്നതെന്ന് ഉറപ്പുവരുത്തുവാന്‍ വേണ്ട നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് ജനങ്ങളുടെ ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: