പല്ലിശ്ശേരി കുഞ്ഞുണ്ണി മകള്‍ പ്രിയ എന്നത് പൂരം കണ്ട പ്രിയ എന്നാക്കി മാറ്റണമെന്ന് പറഞ്ഞത് മലയാളത്തിലെ പ്രശസ്ത ഹാസ്യ നടന് നന്ദകിഷോറാണ് അദ്ദേഹം അങ്ങനെ വ്യാഖ്യാനിക്കാനും ഒരു കാരണമുണ്ട്. ഓര്‍മവയ്ക്കുന്നതിനു മുമ്പേ അച്ഛന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി തൃശ്ശൂര്‍ പൂരം കാണാന്‍ വന്നു തുടങ്ങിയതാണ് പ്രിയ.
കുഞ്ഞായിരിക്കുമ്പോഴേ അമ്മയെ നഷ്ടപ്പെട്ട പ്രിയക്ക് പിന്നീട് അച്ഛനായിരുന്നു എല്ലാം. അച്ഛന്റെ വിരലില്‍ തൂങ്ങി ഒരു വയസ്സു മുതലേ തേക്കിന്‍കാട് മൈതാനത്തിലെ പൂര വിസ്മയം കാണാനും മേളപ്പെരുമയിലേക്ക് ലയിച്ചിറങ്ങാനും പ്രിയക്കു സാധിച്ചിരുന്നു. തൃശൂര്‍ കിഴക്കേ കോട്ടയില്‍നിന്നും നടക്കാവുന്ന ദൂരം മാത്രമാണ് പൂരപ്പറമ്പിലേക്കുള്ളത്.
ഓര്‍മവച്ച കാലം മുതല്‍ കണ്ടു തുടങ്ങിയ പൂരത്തിന്റെ ചരിത്രത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും അറിയണമെന്ന മോഹം പ്രിയയെ കൊണ്ടുചെന്നെത്തിച്ചത് ‘തൃശൂര്‍ പൂരം’ എന്ന പുസ്തകത്തിന്റെ രചനയിലേക്കാണ്. തൃശൂര്‍ പൂരത്തിന്റെ ഐതിഹ്യവും ആചാരങ്ങളും ഘടകപൂരങ്ങളും എല്ലാത്തിനേയും കുറിച്ച് വാമൊഴിയല്ലാതെ കൃത്യമായ ഒരു രേഖ ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യവും.
തൃശൂര്‍ പൂരം എന്നത് കൃത്യമായി എല്ലാവര്ക്കും വായിച്ചു മനസ്സിലാക്കാന്‍ സാധിക്കണം എന്ന മോഹമാണ് ഒരു പുസ്തകം എഴുതണം എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. അന്നുമുതല്‍ അതിനുള്ള അന്വേഷണങ്ങളും ആരംഭിച്ചു. ജീവിച്ചിരിക്കുന്നവരില്‍ നിന്നും അവരുടെ അനുഭവങ്ങള്‍ ശേഖരിച്ചാണ് പുസ്തകത്തിലേക്കുള്ള സംഗതികള്‍ കണ്ടെത്തിയത്. അല്ലാതെ കൃത്യമായ യാതൊരു രേഖകളും എവിടേയും ലഭ്യമായിരുന്നില്ല. ജീവിച്ചിരിക്കുന്ന പഴമക്കാരില്‍ പലര്‍ക്കും പൂരത്തെക്കുറിച്ച് പല അറിവുകളായിരുന്നു ഉണ്ടായിരുന്നത്.
പൂരം ചരിത്രത്തോടൊപ്പം മിത്തിനും പ്രാധാന്യം നല്‍കിവേണം പുസ്തകത്തിന്റെ രചന നിര്‍വഹിക്കേണ്ടത് എന്ന തികഞ്ഞ ബോധ്യം പ്രിയക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരു ഗവേഷണഗ്രന്ഥം എന്നതിനുപകരം സാധാരണക്കാരനുപോലും ഒരു കഥപോലെ വായിച്ചു രസിക്കാവുന്ന രീതിയിലാണ് പുസ്തകത്തിന്റെ രചന നിര്‍വഹിച്ചതും.
പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങളുടെ പെരുമയാണ് തൃശൂര്‍ പൂരത്തെക്കുറിച്ച് സാധാരണക്കാരന്റെ അറിവ്. എന്നാല്‍ വടക്കുംനാഥന്റെ മുന്നിലേക്കെത്തുന്ന ഓരോ ഘടകപൂരങ്ങള്‍ക്കും അത്രതന്നെ പ്രാധാന്യമുണ്ട് എന്നത് വായനക്കാരിലേക്കെത്തിക്കുവാന്‍ പ്രിയക്ക് തന്റെ പുസ്തകത്തിലൂടെ സാധിച്ചു. അതിനുവേണ്ടി ഓരോ ഘടക ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചശേഷമാണ് എഴുത്തുതുടങ്ങിയത്.
ഏകദേശം ഒരു വര്‍ഷത്തോളം നടത്തിയ ഗവേഷണത്തിനുശേഷമാണ് പുസ്തകം പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞത്. തൃശൂര്‍ പൂരത്തിന്റെ ചരിത്രം, ഐതിഹ്യം, വര്‍ത്തമാനം, ശക്തന് തമ്പുരാന്റെ ചരിത്രം, വടക്കുംനാഥന്റെ കഥകള്‍, ഘടകപൂരങ്ങള്‍, മഠത്തില്‍ വരവ്, ഇലഞ്ഞിത്തറമേളം, കുടമാറ്റം, വാദ്യകലയുടെ ശാസ്ത്രം, ആനപ്പെരുമ എന്നു തുടങ്ങി പൂരം എക്സിബിഷനെക്കുറിച്ചുവരെ സമഗ്രമായി പ്രതിപാദിക്കുന്നുണ്ട് പുസ്തകത്തില്‍. അതുകൊണ്ടുതന്നെ പുസ്തകത്തിന്റെ രചന പൂര്‍ത്തിയായപ്പോള്‍ എന്തുപേരിടണമെന്ന കാര്യത്തില്‍ പ്രിയക്ക് സംശയമൊന്നും ഉണ്ടായില്ല. ”തൃശ്ശൂര്‍ പൂരം” എന്നതില്‍ കവിഞ്ഞ് മികച്ച ഒരു ശീര്‍ഷകം ഈ പുസ്തകത്തിന് വേറെയില്ലെന്ന് പ്രിയക്ക് ഉറപ്പായിരുന്നു.
പൂരത്തെക്കുറിച്ച് ആദ്യമായി പറഞ്ഞു മനസ്സിലാക്കി തന്ന അച്ഛനു തന്നെ പ്രിയ പുസ്തകം സമര്‍പ്പിച്ചു. 2010 ലാണ് ആദ്യ എഡിഷന് പുറത്തിറക്കിയത്. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ആദ്യ പതിപ്പിന് അവതാരിക എഴുതിയത്. 2013 ല്‍ പുറത്തിറങ്ങിയ രണ്ടാംപതിപ്പിന് അവതാരിക എഴുതിയ നടന് ജയറാം പറഞ്ഞത്. ‘വരുംതലമുറക്ക് പൂരത്തെക്കുറിച്ച് അറിയാനുള്ള ഗവേഷണ ഗ്രന്ഥമായിരിക്കും ഈ പുസ്തകം’ എന്നാണ്.
ക്ഷേത്രങ്ങള്‍ ചരിത്രവും ഐതിഹ്യവും. കാര്‍ഷികരംഗത്തെ വിജയകഥകള്‍, കാര്‍ഷിക യാത്രകള്‍ തുടങ്ങി പതിനഞ്ചോളം പുസ്തകങ്ങള്‍ പ്രിയ എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിരവധി കാര്‍ഷിക ഡോക്യുമെന്ററികളുടെ രചന നിര്‍വഹിച്ചിട്ടുണ്ട്.
2012 ല്‍ തൃശൂരില്‍ വച്ച് ലോകത്തിലാദ്യമായി കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കാര്‍ഷിക റിയാലിറ്റി ഷോ സംഘടിപ്പിച്ചതില്‍ പ്രധാന പങ്കുവഹിച്ചിരുന്നതും പ്രിയയായിരുന്നു. ഒരു പതിറ്റാണ്ടിലേറെയായി പത്രപ്രവര്‍ത്തകയായി സേവനമനുഷ്ഠിച്ചുവരികയാണ്. ഇപ്പോള്‍ തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നമ്മുടെ മലയാളം എന്ന ഓണ്‍ലൈന്‍ മാഗസിന്റെ ചീഫ് എഡിറ്ററാണ്.
ഓരോ പൂരം വരുമ്പോഴും തന്റെ പുസ്തകം നിരവധി ദൃശ്യ-പത്ര മാധ്യമ സുഹൃത്തുക്കള്‍ റിസര്‍ച്ചിനായി ഉപയോഗിക്കാറുണ്ട് എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായി പ്രിയ കണക്കാക്കുന്നത്. അച്ഛന്റെ വിരല്‍ തുമ്പില്‍ പൂരം കാണാന്‍ വരാറുള്ള ആ കൊച്ചുകുട്ടിയുടെ അതേ കൗതുകത്തോടെ അച്ഛന് ഇല്ലാതായ ഈ കാലത്തും പൂരപ്പറമ്പിലേക്കെത്തുകയാണ് പ്രിയ. താന്‍ അറിഞ്ഞതിലും കൂടുതലായി പൂരക്കഥകള്‍ ഇനിയും അറിയാനുണ്ടാവും എന്ന പ്രതീക്ഷയോടെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: