തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന ആനകളെ വനം, പോലീസ്, മൃഗ സംരക്ഷണ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ഏത് തരം പരിശോധനകള്‍ക്കും വിധേയമാക്കാനും സഹകരിക്കാനും കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന് തീരുമാനിച്ചു. പൂരത്തില്‍ ആനകളില്‍ നിന്നും അപകടം ഉണ്ടാകാതിരിക്കാന്‍ ആന ഉടമകളും തൊഴിലാളികളും പരമാവധി ശ്രദ്ധിക്കും.
ആനകള്‍ക്ക് ആവശ്യമായ സുരക്ഷയും സൗകര്യവും നല്കാന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളോടും മറ്റ് ബന്ധപ്പെട്ട പൂരം കമ്മറ്റികളോടും ഫെഡറേഷന് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിവാദങ്ങള്‍ ഉണ്ടാക്കി കേരളത്തിലെ ഉത്സവ ആഘോഷങ്ങളും ആന എഴുന്നള്ളിപ്പും ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചുവരികയാണ്.
അത്തരം ആളുകള്‍ ഉദ്യോഗസ്ഥ വിഭാഗത്തെ ഭീഷണിപ്പെടുത്തിയും നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും ദുഷ്പ്രചരണം നടത്തിയും പൂരങ്ങളെക്കുറിച്ചും ആന എഴുന്നള്ളിപ്പുകളെക്കുറിച്ചും കിംവദന്തികളും ഭയാശങ്കകളും വളര്‍ത്തുവാന്‍ ശ്രമിക്കുന്നു.
പൂരവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണവകുപ്പും വനംവകുപ്പും നടത്തുന്ന പരിശോധനയില്‍ പങ്കെടുക്കുന്ന ആനകള്‍ക്ക് വ്യക്തമായ മുറിവോ കൂട്ടാനകളോട് പേടിയോ, മദലക്ഷണങ്ങളോ, മറ്റ് ആരോഗ്യപ്രശ്നങ്ങളോ കണ്ടെത്തിയാല്‍ അത്തരം ആനകളെ യാതൊരു കാരണവശാലും പൂരത്തില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ആന ഉടമസ്ഥ ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: