പാലക്കാട്: ജില്ലയില്‍ തൊഴിലുറപ്പ്കാരുടെ കൂലി കൊടുത്തു തീര്‍ക്കുവാന്‍ 15 കോടി കുടിശ്ശിക. ജില്ലാ വികസനസനിതി യോഗത്തില്‍ എന്‍ആര്‍ഇജിഎസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചതാണിത്.
കെ.വി.വിജയദാസ് എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടിയായാണ് 15 കോടി രൂപയാണ് ഇനി കൂലിയിനത്തില്‍ നല്‍കുവാനുള്ളതെന്നും കേന്ദ്ര-സംസ്ഥാന ഫണ്ട് വന്നാല്‍ ഉടന്‍ നല്‍കുമെന്നും കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു.
യോഗത്തില്‍ കൃഷിസംബന്ധിച്ച് ജില്ലയില്‍ ഒന്നാംവിള ഇറക്കുന്നതിനായി കാഞ്ചന, ഉമ, ജ്യോതി നെല്‍വിത്തുകള്‍ കൃഷിഭവന്റെ ആവശ്യകതയനുസരിച്ച് സീഡ് അതോറിറ്റി വിതരണം ചെയ്യുന്നില്ല എന്ന് എം.എല്‍.എ പറഞ്ഞു.
ആവശ്യകതയനുസരിച്ച് സീഡ് അതോറിറ്റി കൃഷിഭവനുകളില്‍ വിത്ത് വിതരണം ചെയ്യും. ജില്ലയില്‍ കൃഷി ഓഫീസര്‍മാരുടെ 10 ഒഴിവുകളുണ്ടെന്നും പി.എസ്.സി.ലിസ്റ്റില്‍ നിലവില്‍ ആരുമില്ലാത്തതിനാലാണ് ചിലപ്രദേശങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാത്തതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
29 കോടിരൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പോത്തുണ്ടി കുടിവെള്ള പദ്ധതിയ്ക്ക് 11 കോടി അനുവദിച്ചിട്ടുണ്ട്. ഇതുവരെ പണി ആരംഭിച്ചിട്ടില്ലെന്ന വി.ചെന്താമരാക്ഷന് എം.എല്‍.എയുടെ ചോദ്യത്തിന്, ഉടന്‍ തുടങ്ങുമെന്ന് ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മറുപടി നല്കി. ചിറ്റൂര്‍ പലകപാണ്ടി കുടിവെള്ള പദ്ധതി ഈ വര്‍ഷം ഡിസംബറോടുകൂടി പണി പൂര്‍ത്തിയാക്കും.
പലകപാണ്ടി കുടിവെള്ള പദ്ധതി പണി തുടങ്ങിയിട്ട് 10 വര്‍ഷമായിട്ടും പണി പൂര്ത്തിയാക്കാത്തതിനെകുറിച്ച് വി.ചെന്താമരാക്ഷന് എം.എല്‍.എ അപലപിച്ചപ്പോള്‍ ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മറുപടി നല്‍കുകയായിരുന്നു. പട്ടാമ്പി ആമയൂരില്‍ ജില്ലാ വ്യവസായവകുപ്പിന്റെ സ്ഥലം സാധാരണ ജനങ്ങള്‍ കൈയേറിയത് മുന്‍പ് വിധിച്ച കോടതിവിധിയുടെ അടിസ്ഥാനത്തിലാണ്.
എന്നാല്‍ ഇവര്‍ക്ക് താമസിക്കുവാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. കൈയേറിയ ഓരോ കുടുംബത്തിനും 3 സെന്റ് സ്ഥലം നല്‍കുന്നതിന് ഒരു രാഷ്ട്രീയപാര്‍ട്ടിക്കാരും എതിരല്ല. എന്നാല്‍ തഹസില്‍ദാരുടേയും വില്ലേജ് ഓഫീസറുടേയും അനാസ്ഥമൂലം ഇവര്‍ക്കിത് ലഭിക്കുന്നില്ല. ഇതിന് എത്രയും പെട്ടന്ന് റവന്യു വകുപ്പ് അധികൃതര്‍ നടപടി കൈക്കൊള്ളണമെന്ന് സി.പി മുഹമ്മദ് എം.എല്‍.എ ആവശ്യപ്പെട്ടു.
പട്ടാമ്പി താലൂക്കിലെ ഗ്രീന്‍പാര്‍ക്ക് ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ പണി പകുതിയായ സമയത്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍ നിര്‍മ്മാണം തടസ്സപ്പെടുത്തി, ഈ സ്ഥലത്തിനു പരിസരത്തുള്ള വയലുകള്‍ നികത്തി സ്വകാര്യവ്യക്തികള്‍ വന്‍കിട കെട്ടിടങ്ങള്‍ പണിതപ്പോള്‍ നിയമനടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ പാവങ്ങളെ സഹായിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എ.ഡി.എം. യു.നാരായണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: