പാലാ: പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പണം വാങ്ങുന്ന മലയാളിയുടെ സംസ്കാരത്തെ ചോദ്യംചെയ്ത് ദമ്പതിമാരുടെ പദയാത്ര പാലായിലെത്തി. കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ ജീവനക്കാരന് ജെപി (ജയപ്രകാശ്) വേളമാനൂരും ഭാര്യ ശ്രീകല പുതുക്കുളവുമാണ് ‘സഹിച്ചുമടുത്ത’ വര്‍ക്കായി മംഗലാപുരം മുതല്‍ പാറശാലവരെ പദയാത്ര നടത്തുന്നത്. രാഷ്ട്രീയയാത്രകള്‍ സുപരിചിതമായ കേരളത്തില്‍ ശുചിത്വമുള്ള ശൗചാലയം സൗജന്യമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദമ്പതികള്‍ നടത്തുന്ന യാത്ര വേറിട്ട കാഴ്ചയാവുന്നു.
കൊല്ലം ജില്ലക്കാരനായ ജെപി സ്വന്തം പഞ്ചായത്തിലെ ശൗചാലയത്തില്‍ ഫീസ് ഈടാക്കരുതെന്ന ആവശ്യവുമായി 87-ലാണ് ആദ്യമായി സമരത്തിനിറങ്ങുന്നത്. പരാതിയില്‍ ന്യായം കണ്ടെത്തിയ പഞ്ചായത്ത് ആവശ്യം പരിഗണിച്ചു. സ്ത്രീകള്‍ക്ക് ശൗചാലയത്തില്‍ ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നതിനെതിരെയും ‘ടോയ്ലറ്റ് സാഹിത്യ’ങ്ങള്‍ക്കും മറ്റും ഇരയാകുന്നതിനെതിരെയും ഇവര്‍ ശബ്ദമുയര്‍ത്തി. ഇതെല്ലാം വിജയം കണ്ടതോടെയാണ് സംസ്ഥാനത്തെ മുഴുവന്‍ ശൗചാലയങ്ങളും സൗജന്യമാക്കുകയെന്ന ആശയവുമായി ദമ്പതിമാര്‍ പ്രചരണത്തിനിറങ്ങിയത്. ഒരു രൂപയ്ക്ക് ഒരു കിലോ അരി ലക്ഷ്യമാക്കുന്ന സര്‍ക്കാര്‍ പക്ഷെ സര്‍ക്കാര്‍ കംഫര്‍ട്ട് സ്റ്റേഷനുകളില്‍ പോലും മലമൂത്രവിസര്‍ജനത്തിന് 5 മുതല്‍ 10 രൂപവരെയാണ് ഈടാക്കുന്നത്. പാലിനേക്കാള്‍ വിലയുള്ള കുടിവെള്ളം ഇവയെല്ലാം മലയാളിയില്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയാണ് ജെപി സമരരംഗത്തിറങ്ങിയത്. എല്ലാ സമരങ്ങളിലും പിന്തുണ നല്കുന്ന ഭാര്യ ശ്രീകലയും കൂട്ടിനുണ്ട്.
ത്രിതല പഞ്ചായത്തംഗങ്ങള്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവരുടെ വീടുകള്‍ സന്ദര്‍ശിച്ചും ലഘുലേഖകള്‍ നല്‍കിയും ഒപ്പുകള്‍ ശേഖരിച്ചുമാണ് യാത്ര. മേയ് 10നകം അവസാനിക്കുന്ന യാത്രയില്‍ ലഭിച്ച ഒപ്പുകളും ഭീമഹര്‍ജിയും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും നല്‍കാനാണ് തീരുമാനം. സുഹൃത്തുക്കളുടെ വീടുകളിലാണ് യാത്രയ്ക്ക് ശേഷമുള്ള ഓരോ ദിവസങ്ങളിലെയും വിശ്രമം. സ്വന്തം വീട്ടില്‍ വിളയിച്ചെടുത്ത പച്ചക്കറി വിഭവങ്ങളുടെ വിത്തുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കിയും പരമ്പരാഗത രീതികളെ പ്രോത്സാഹിപ്പിച്ചുമാണ് യാത്ര. 80 ഓളം ജപ്രതിനിധികളെ സന്ദര്ശിച്ചെങ്കിലം 35 പേരെ മാത്രമേ നേരില്കണാന് സാധിച്ചുള്ള. കാലടി സംസ്കൃത സര്‍വകലാശാലയിലെ ക്ലാസ് ഫോര്‍ ജീവനക്കാരനാണ് ജയപ്രകാശ്. തനിക്കു ലഭിക്കുന്ന തുച്ഛമായ പ്രതിഫലം ഉപയോഗിച്ചാണ് സന്ദേശയാത്രകള്‍ നടത്തുന്നത്. നിരവധി പേര് അനുഭാവം പ്രകടിപ്പിച്ച് പ്രതിഫലം നല്‍കിയെങ്കിലും ജയപ്രകാശും കുടുംബവും സ്നേഹത്തോടെ നിരസിച്ചു. മക്കളായ പ്ലസ് ടു വിദ്യാര്‍ത്ഥി ജ്വാലയും പത്താംക്ലാസ് വിദ്യാര്‍ത്ഥി ഉജ്ജ്വലും പൂര്‍ണ്ണപിന്തുണയാണ് നല്‍കുന്നത്. ചില യാത്രകള്‍ക്ക് ഇവയെയും ഒപ്പം കൂടാറുണ്ട്. ജില്ലായില്‍ മൂന്ന്ദിവസം പദയാത്ര നടത്താനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. ഇന്ന് മന്ത്രി കെ.എം. മാണിയേയും റോഷി അഗസ്റ്റിന് എംഎല്‍എയും കാണാന്‍ ശ്രമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: