ഒരോരുത്തരുടെയും വിധി നിശ്ചയിക്കുന്നത് ദൈവമാണെന്ന വിശ്വാസക്കാരനാണ് വാസവനെന്ന വാസുദേവന്‍. 68 കാരനായ വാസുദേവന്‍ 30 വര്‍ഷം ആനപാപ്പാനായി നടന്നപ്പോഴും കുടുംബം പോറ്റാനായി വേമ്പനാട്ടുകായലില്‍ മത്സ്യത്തൊഴിലാളിയായി പോകുമ്പോഴും വാസുദേവന്‍ ആര്‍ക്കും സുപരിചിതനായിരുന്നില്ല.
ദേശീയ അംഗീകാരം ലഭിച്ച ‘ഒറ്റാല്’ എന്ന ചിത്രത്തിലെ വല്യപ്പച്ചായി എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചതോടെ വാസുദേവന്‍ കുമരകംകാര്ക്കെന്നപോലെ ലോകത്തിനും പരിചിതനായി. പൊന്നാടയും ആദരവും ലഭിക്കുമ്പോഴും പഴയതുപോലെ വാസവന് വേമ്പനാട്ടു കായലില്‍ മത്സബന്ധനത്തിനായി പോകുന്നു. അതില്‍നിന്നും കിട്ടുന്ന വരുമാനം കൊണ്ട് വാസവന് തന്റെ ജീവിതം മുന്നോട്ടുനീക്കുന്നു.
ആന, വാസവന് ദൗര്‍ബല്യമായിരുന്നു. ഒരാനപാപ്പാനാകുന്നതിനുള്ള ആഗ്രഹം വീട്ടുകാരെ അറിയിച്ചെങ്കിലും വാസവനെ പാപ്പാനാകാന്‍ അവര്‍ സമ്മതിച്ചില്ല. അപകടകരമായ ആ തൊഴിലില്‍ നിന്നും പിന്മാറാന് വാസവനും കൂട്ടാക്കിയില്ല. വാസവന് ആന പാപ്പാനായി. അതും മൂന്നു പതിറ്റാണ്ടുകാലം. ഒരു ദിവസം വാസവന് നേരെ ആനയിടഞ്ഞു. വാസവന്റെ കാലില്‍ ആന കുത്തി പരിക്കേല്പിച്ചു. മാരകമായി പരിക്കേറ്റ കാല് മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.ദൈവകൃപയാല്‍ കാല് മുറിക്കേണ്ടി വന്നില്ലെന്ന് വാസവന് പറഞ്ഞു.
തന്റെ പുതിയ ചിത്രത്തിലെ താറാവുകാരന്‍ വല്യപ്പച്ചായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ നടനെ തിരഞ്ഞുനടന്ന സംവിധാകന് ജയരാജ് വേമ്പനാട്ടു കായലില്‍ മത്സ്യം പിടിക്കുകയായിരുന്ന വാസവനില്‍ കഥാപാത്രത്തെ കണ്ടെത്തി. 5000ത്തോളം വരുന്ന താറാവിന് കൂട്ടത്തെ കൊതുമ്പുവള്ളത്തില്‍ നിന്നുകൊണ്ട് തോട്ടിലൂടെ മേയ്ക്കുന്ന ഷോട്ടുകള്‍ ശ്രമകരമായിരുന്നെങ്കിലും ജയരാജിനെ അതിശയിപ്പിച്ചുകൊണ്ട് വാസവന് ആ ഷോട്ടുകള്‍ ഹൃദ്യമാക്കി.
കുട്ടപ്പായി എന്ന അനാഥബാലനെ വളര്‍ത്തി വലുതാക്കി, വല്യവനാക്കി വിട്ട് അവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന താറാവുകാരന്റെ കഥപറയുന്ന ‘ഒറ്റാലി’ന് ശേഷം പുതിയ റോളൊന്നുമില്ലെ എന്ന നാട്ടുകാരുചോദ്യത്തിന് മുന്നില്‍ വാസവന് ഒരൊറ്റ മറുപടിയെ ഉള്ളു ‘ഈ മീശക്കും ശരീരത്തിനും പറ്റിയ റോള്‍ വരട്ടേ… അതുവരെ കാത്തിരിക്കാം… ഇനി കിട്ടിയില്ലെങ്കിലും വേമ്പനാട്ടു കായലല്ലെ വാസവന് മുന്നില്‍ കിടക്കുന്നത്’. തന്നെ ആന പാപ്പാനില്‍ നിന്നും മത്സ്യത്തൊഴിലാളിയില്‍ നിന്നും ഉയര്‍ത്തി ദേശീയ അംഗീകാരം നേടിയ ചിത്രത്തിലെ നായകനാക്കിയും പ്രതിഫലമായി പലപ്പോഴായി ഒരുലക്ഷം രൂപയോളം നല്കിയ സംവിധായകന് ജയരാജിനോടുള്ള നന്ദിയും കടപ്പാടും വാസവന് വ്യക്തമാക്കി. ഇനിയും തനിക്കായുള്ള വേഷങ്ങളുമായി സംവിധായകര്‍ തേടിയെത്തുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് വാസവന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: