തിരുവനന്തപുരം: പ്രമുഖ കവി പി. കുഞ്ഞിരാമന് നായരുടെ ജീവിതത്തെ ആധാരമാക്കി നിര്‍മിച്ച കളിയച്ഛന് എന്ന സിനിമയ്ക്കു മൂന്നുവര്‍ഷമായിട്ടും റിലീസ് അനുമതി നല്‍കാത്ത നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ(എന്‍എഫ്ഡിസി) നടപടി വിവാദമാകുന്നു.
യുപിഎ സര്‍ക്കാര്‍ നിയമിച്ച എന്‍എഫ്ഡിസി ഭരണസമിതിയുടെ അവഗണനയ്ക്കു ഏറ്റവും ഒടുവില്‍ ഇരയായിരിക്കുന്ന മലയാള ചിത്രമാണ് സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കളിയച്ഛന്. പാലക്കാട് സ്വദേശി ഫാറൂഖ് അബ്ദുറഹ്മാന്റെ കന്നി സംവിധാന സംരംഭമായ കളിയച്ഛനില്‍ മനോജ് കെ.ജയനാണു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
2011 ഒക്ടോബറില്‍ 2.20 കോടി ചിത്രത്തിനായി എന്‍എഫ്ഡിസി അനുവദിച്ചിരുന്നു. എന്നാല്‍ അനുവദിച്ച തുകയില്‍നിന്നും 1.85 കോടി മാത്രം ചെലവഴിച്ചു 2012 ആഗസ്റ്റോടെ ചിത്രീകരണം പൂര്‍ത്തിയാക്കി ബാക്കി തുക കോര്‍പ്പറേഷനു തിരിച്ചടച്ചു. എന്നാല്‍ നാളിതുവരെ ചിത്രത്തിനു റിലീസ് അനുമതി ലഭിച്ചിട്ടില്ല. എന്നാല്‍ ഇതോടൊപ്പം തുക അനുവദിച്ച ഹിന്ദി, ഗുജറാത്തി സിനിമകളെല്ലാം റിലീസ് ചെയ്തു.
2012 ല്‍ മികച്ച നവാഗത സംവിധായകനും മികച്ച സഹനടനും മികച്ച സംഗീത സംവിധായകനും(ബിജിബാല്‍) അടക്കം മൂന്ന് സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ കളിയച്ഛന് അതേവര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. അംഗീകാരങ്ങളുടെ പെരുമയില്‍ നില്ക്കുമ്പോള്തന്നെ റിലീസ് അനുവദിക്കണമെന്നാവശ്യപ്പെട്ടു നിരവധി തവണ എന്‍എഫ്ഡിസിയെ സമീപിച്ചിട്ടും അനുകൂല പ്രതികരണമുണ്ടായില്ലെന്നു സംവിധായകന് ഫാറൂഖ് അബ്ദുറഹ്മാന് പറഞ്ഞു.
ചിത്രം വിദേശ ചലച്ചിത്ര മേളകളിലേക്കു അയക്കണമെന്നാവശ്യപ്പെട്ടിട്ടും എന്‍എഫ്ഡിസി തയ്യാറായില്ല. ഈ കാലയളവില്‍ മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ കളിയച്ഛനു സാറ്റലൈറ്റ് അവകാശമായി 1.50 കോടി നല്‍കാമെന്നും അറിയിച്ചിരുന്നു. ഈ തുക ലഭിച്ചാല്‍ തന്നെ ബാക്കി 35ലക്ഷം രൂപ തീയേറ്റര്‍ കളക്ഷനായി നേടി എന്‍എഫ്ഡിസിക്കു മുടക്കുമുതല്‍ തിരിച്ചുപിടിക്കാമായിരുന്നു. റിലീസ് അനുവദിക്കാതിരുന്നതോടെ സര്‍ക്കാര്‍ ഖജനാവില്‍നിന്നു മുടക്കിയ തുക ഫലത്തില്‍ പാഴായി.
പി.കുഞ്ഞിരാമന്‍നായരുടെ ജീവിതത്തെ ആധാരമാക്കിയ സിനിമ പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന ചലച്ചിത്ര, സാംസ്കാരിക വകുപ്പ് മന്ത്രിമാരോടു അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജി.സുരേഷ്കുമാറും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണനും പറഞ്ഞു. ചിത്രം റിലീസ് ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖല ഒറ്റക്കെട്ടായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
കളിയച്ഛനു റിലീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ക്യാമ്പയിന്റെ ഭാഗമായി എന്‍എഫ്ഡിസിക്കു നാലായിരത്തിലധികംപേര്‍ ഇമെയില്‍ അയച്ചിട്ടുണ്ട്. ഫെഫ്ക, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, നാഷണല്‍ ഫിലിം ഫെഡറേഷന് തുടങ്ങിയ സംഘടനകളും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ഇതുവരെ എന്‍എഫ്ഡിസി ഭരണസമിതി പുനഃസംഘടിപ്പിച്ചിട്ടില്ല.
ഏറ്റവും കൂടുതല്‍ സിനിമകള്‍ റിലീസ് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നായിട്ടും കേരളത്തോട് തികഞ്ഞ അവഗണനയാണ് എന്‍എഫ്ഡിസി പുലര്‍ത്തുന്നത്. കേരളത്തില്‍ നിന്നും വര്‍ഷങ്ങളായി ഒരംഗം പോലും എന്എഫ്ഡിസിയിലില്ല.
ഉത്തരേന്ത്യന്‍ ലോബിയുടെ അവഗണന കാരണം കളിയച്ഛനു ശേഷം ഒരു മലയാള സിനിമയെപോലും എന്‍എഫ്ഡിസി സഹായിച്ചിട്ടില്ല. എന്‍എഫ്ഡിസിയുടെ നിലപാട് മൂലം അഞ്ജലീമേനോന് സംവിധാനം ചെയ്ത മഞ്ചാടിക്കുരുവിന്റെ റിലീസും പ്രതിസന്ധിയിലായിരുന്നു. ഒടുവില്‍ വാങ്ങിയ തുക മടക്കി നല്‍കിയശേഷമാണ് അഞ്ജലീമേനോന് മഞ്ചാടിക്കുരു റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: