ചാലക്കുടി: ചാലക്കുടി പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ മീന്‍പിടിക്കുകയായിരുന്ന വയോധികന് രക്ഷിച്ചു. പുഷ്പഗിരി പൂമേലി വീട്ടില്‍ വേലുവാണ് പുഴയില്‍ മുങ്ങി താഴുകയായിരുന്ന യുവതിയുടെ രക്ഷകനായത്. രാവിലെ 11.30ഓടെയായിരുന്നു സംഭവം. ചാലക്കുടി പാലത്തിനടിയില്‍ വേലു ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെയാണ് പുഴയിലേക്ക് യുവതി ചാടിയത്.
ചാക്കിലാക്കി മാലിന്യങ്ങള്‍ പുഴയിലേക്കെറിഞ്ഞതെന്നാണ് ശബ്ദം കേട്ടപ്പോള്‍ വേലു കരുതിയത്. എന്നാല്‍ കുളിക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവിന്റെ നിലവിളി കേട്ട് നോക്കിയപ്പോഴാണ് പുഴയില്‍ മുങ്ങിത്താഴുന്ന യുവതിയെ കണ്ടത്. തുടര്‍ന്ന് പുഴയിലേക്ക് ചാടി യുവതിയെ കരക്കെത്തിക്കുകയായിരുന്നു. യുവതിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.
വേലു വേഷം മാറിയെത്തിയപ്പോഴേക്കും കടവില്‍ ആരുമുണ്ടായില്ല. തുടര്‍ന്ന് യുവതിയെ തേടി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സെന്റ് ജെയിംസ് ആശുപത്രിയിലുമെത്തി. അപകടനില തരണം ചെയ്ത യുവതിയെ കണ്ടതോടെ വേലുവിന് ആശ്വാസം. തുടര്‍ന്ന് യുവതി വീട്ടുകാരെ വിളിച്ചു. യുവതിയെ അമ്മയെ ഏല്‍പ്പിച്ചതിന് ശേഷമാണ് വേലു മടങ്ങിയത്.
കുടംബ വഴക്കാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് യുവതി പറഞ്ഞു. വെല്ലുവിളികള്‍ തരണം ചെയ്യുമ്പോഴാണ് ജീവതത്തില്‍ വിജയമുണ്ടാവുകയെന്ന ഉപദേശം യുവതിക്ക് നല്‍കിയാണ് ജീവിതാനുഭവ പാരമ്പര്യമുള്ള ഈ അറുപത്തിരണ്ടുകാരന് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: