2010 ഡിസംബര്‍ 19… കൊല്ലം ചിന്നക്കടയിലെ തിരക്കേറിയ പാതയിലൂടെ പത്തോ പന്ത്രണ്ടോ വയസുമാത്രം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി അതിവേഗതയില്‍ ബൈക്ക് ഓടിച്ചുവന്നു. അത്ഭുത പരതന്ത്രരായ ജനം അവള് അടുത്തെത്തിയപ്പോള്‍ കൂടുതല്‍ ഞെട്ടി. ഇരുകണ്ണുകളും കറുത്ത തുണികൊണ്ട് മൂടിയാണ് അവള് ഈ സാഹസികതയ്ക്ക് ഒരുങ്ങിയത്. മാജിക് ചരിത്രത്തിലെ പുതിയ പേരാവുകയായിരുന്നു അന്നു മുതല്‍ മരുതമണ്കാരി മാളവിക.എം.എസിന്റേത്. എന്‍ഡോസള്‍ഫാനെതിരായ ബോധവല്‍ക്കരണമായിരുന്നു ചിന്നക്കടയിലെ അതിസാഹസിക മാന്ത്രികജാലത്തിന്റെ ഉന്നം.
ചിന്നക്കടയിലൂടെ മൂന്നുകിലോമീറ്റര്‍ ദൂരം കണ്ണുകെട്ടി ബൈക്ക് ഓടിച്ചതിലൂടെ മാളവികയുടെ പേര് അമേസിങ് വേള്‍ഡ് റിക്കോര്‍ഡ്, ഏഷ്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റിക്കോര്‍ഡ്, ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കോര്‍ഡ് എന്നിവയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു.
സാമൂഹികപ്രശ്നങ്ങള്‍ ജനങ്ങളുടെയും അധികാരികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ഇത് പരിഹരിക്കുകയാണ് മാളവിക മാജിക്കിലൂടെ ലക്ഷ്യമിടുന്നത്. സമൂഹനന്മയ്ക്ക് വേണ്ടിയുള്ള മാളവികയുടെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി രാഷ്ട്രപതിയുടെ ബാലശ്രീ പുരസ്കാരത്തിനുള്ള നോമിനേഷനും ലഭിച്ചു. എന്നാല്‍ ഇരുകണ്ണും മൂടിക്കെട്ടി തിരക്കേറിയ കൊല്ലം ടൗണില്‍ കൂടി തന്റെ ചെറുപ്രായത്തില്‍ ബൈക്ക് ഓടിച്ച ജാലവിദ്യ ഇന്നും തന്റെ ജീവിതത്തിലെ അഭിമാനനിമിഷമായി കാണുകയാണ് ഈ കൊച്ചുകലാകാരി.
മായാജാലം എന്ന മാജിക് ഷോ ആയിരത്തിലധികം പൊതുവേദികളില്‍ അവതരിപ്പിച്ചു കഴിഞ്ഞു. മാജിക് ഷോ അവതരിപ്പിക്കുന്ന പെണ്‍കുട്ടി എന്ന പേരില്‍ മാത്രമല്ല മാളവിക മറ്റ് കലാരംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ലളിതഗാനം, ഉറുദു ഗസല്‍ ആലാപനം, ഉറുദു സംഘഗാനം എന്നിവയില്‍ എ ഗ്രേഡും നേടിയിട്ടുള്ള മാളവിക നല്ല ഒരു ഗായിക കൂടിയാണ്.
കാതോട് കാതോരം എന്ന സിനിമാഗാനത്തിലൂടെ പ്രശസ്തയായ പിന്നണിഗായിക ലതികയുടെ ശിക്ഷണത്തിലാണ് സംഗീതം അഭ്യസിക്കുന്നത്. ഒപ്പം കീബോര്‍ഡ്, മൃദംഗം, വീണ എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
ജാലവിദ്യയില്‍ ഇത്തരം കലാരൂപങ്ങളെ കോര്‍ത്തിണക്കി പുത്തന്‍ വാതായനങ്ങള്‍ തുറക്കാന്‍ ഒരുങ്ങുന്ന മാളവികയുടെ മാജിക് രംഗത്തെ ഗുരു കൊല്ലം ആര്‍സി ബോസ് ആണ്. ജനശ്രദ്ധ ഏറെ നേടിയ ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട സമരത്തിലും പങ്കാളിയായി.
പെട്ടിക്കുള്ളില്‍ കയറി അടച്ചശേഷം മണലില്‍ കുഴിച്ചിട്ട് പെട്ടിയില്‍ നിന്ന് രക്ഷപ്പെടുന്ന അണ്ടര്‍ഗ്രൗണ്ട് എസ്കേപ്പ്, ഹെലികോപ്റ്റര്‍ വാനിഷിങ് എന്നി മായാജാലങ്ങളും സ്വന്തമാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. മജീഷ്യന്മാര് ഏറെ കഴിവ് തെളിയിച്ച ഇനമായ ഫയര്‍ എസ്കേപ്പിലും കഴിവ് തെളിയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും മാതാപിതാക്കളുടെ അനുവാദം ഈ ഇനത്തിനായി ലഭിച്ചിട്ടില്ല എന്നതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു.
കൊട്ടാരക്കര ഗവ.ബോയ്സ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ മാളവിക നാട്ടിലും സ്കൂളിലും മിന്നുംതാരമാണ്. നിരവധി സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയ മാളവികയ്ക്ക് തന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്കി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അച്ഛന് എം.മനോജും അമ്മ സിനിയും ഒപ്പമുണ്ട്.
കൊട്ടാരക്കര, വെളിയം, ഉപജില്ല, കൊല്ലം റവന്യുജില്ലാകലോത്സവങ്ങളില് ലളിതഗാനം, ശാസ്ത്രീയസംഗീതം, മോണോആക്ട്, മാപ്പിളപ്പാട്ട്, സംഘഗാനം, നാടോടിനൃത്തം, സംഘനൃത്തം എന്നിവയില്‍ ഒന്നാം സ്ഥാനവും നേടിയ മാളവിക കഴിഞ്ഞ നാല് വര്‍ഷം സംസ്ഥാന കലോത്സവത്തില്‍ കൊല്ലം ജില്ലയ്ക്കുവേണ്ടി ലളിതഗാനം, മോണോ ആക്ട്, ഗസല്‍ ആലാപനം എന്നിവയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയിട്ടുണ്ട്. കൂടാതെ നിരവധി ആല്‍ബങ്ങളിലും പ്രൊഫഷണല്‍ ഗാനമേള വേദികളിലും ഗാനങ്ങള്‍ ആലപിച്ച് കൊണ്ടിരിക്കുന്ന മാളവിക വിവിധ ചാനലുകളില്‍ റിയാലിറ്റി ഷോകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
മാജിക് രംഗത്തെ കുലപതികളായ മുതുകാടിനേപ്പോലുള്ളവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തനിക്കെന്നും അനുഗ്രഹമായിട്ടുള്ളതായും ഈ കലാകാരി പറയുന്നു. പിതാവ് മനോജ് പ്രൊഫഷണല്‍ കീബോര്‍ഡിസ്റ്റാണ്. നമ്മുടെ നാട്ടിലുണ്ടാകുന്ന സാമൂഹ്യപ്രശ്നങ്ങള്‍ക്കെതിരെ അധികാരികളുടെ ശ്രദ്ധ കൊണ്ടുവരുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനും മാജിക്, സംഗീതം എന്നിവ പ്രയോജനപ്പെടുത്തുവാനും ഈ കൊച്ചുകലാകാരി ശ്രദ്ധ ചെലുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: