പാട്ടാണ് മണിക്കുജീവിതം. കുട്ടിയായിരിക്കുമ്പോള്‍ പാട്ടിനോട് കൂട്ടുകൂടിയതാണ് എറണാകുളം ജില്ലയിലെ കുമ്പളങ്ങി എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ച മണി. ആ നാട്ടിലെ ആദ്യ റേഡിയോപാട്ടുകാരിയും മണിതന്നെ. റേഡിയോയുടെ ലോകത്തുനിന്നും നാടകവട്ടത്തിലേക്ക്. പ്രൊഫഷണല്‍ നാടകവേദിയില്‍ തിളങ്ങി നിന്ന മണി പിന്നീട് സംഗീത അദ്ധ്യാപികയായിമാറി.
സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച ഈ പാട്ടുകാരി ഇന്നും സംഗീതലോകത്തുതന്നെ ജീവിക്കുന്നു. കുമ്പളങ്ങി ഗ്രാമത്തില്‍ റേഡിയോ അപൂര്‍വ വസ്തുവായിരുന്ന കാലത്താണ് മണിയുടെ പാട്ട് റേഡിയോയിലൂടെ ഒഴുകിയെത്തുന്നത്. അക്കാലത്ത് മണിയുടെ വീട്ടിലും റേഡിയോ ഉണ്ടായിരുന്നില്ല.
തൃശൂര്‍ നിലയത്തിനുവേണ്ടിയാണ് മണി കൃഷ്ണന് എന്ന ഗായിക ആദ്യമായി പാടിയത്. കുമ്പളങ്ങി ഗ്രാമത്തിലെ മാര്‍ക്കറ്റിനടുത്ത് പൊതുസ്ഥലത്ത് വച്ച റേഡിയോയില്‍ നിന്ന് മണിയുടെ മധുര ശബ്ദം ഒഴുകിയെത്തുമ്പോള്‍, ദൂരെയൊരു വീട്ടിലിരുന്നാണ് മണി ആ പാട്ടുകേള്‍ക്കുന്നത്. 20 വര്‍ഷക്കാലം മണി തൃശൂര്‍ നിലയത്തിനുവേണ്ടി പാടി.
മധുരം പുരട്ടിയ മനോഹരമായ പാട്ടുകള്‍. തൃശൂര്‍ പി. രാധാകൃഷ്ണന്, കേശവന് നമ്പൂതിരി, തിരുവിഴ ശിവാനന്ദന് തുടങ്ങി അക്കാലത്തെ പ്രമുഖരായ സംഗീതജ്ഞര്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ മണിയുടെ ശബ്ദത്തിലൂടെയാണ് മലയാളികള്‍ കേട്ടത്.
അമ്പലക്കുന്നിലെ…യക്ഷിത്തറയിലെ എന്നു തുടങ്ങുന്ന പാട്ട് അക്കാലത്ത് സംഗീതപ്രേമികളുടെ ചുണ്ടുകളിലുണ്ടായിരുന്നു. എട്ടാംവയസ്സിലാണ് കൊച്ചുമണി ആദ്യമായി വേദിയിലെത്തുന്നത്. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിലായിരുന്നു ആദ്യ പാട്ട്. കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് സ്കൂളിലെ മികച്ച ഗായികയായിരുന്നു. പത്താം ക്ലാസ് പഠനത്തിനുശേഷം തൃപ്പൂണിത്തുറ ആര് എല്‍ വി കോളേജില്‍ സംഗീതം പഠിക്കുവാന്‍ ചേര്‍ന്നു. അദ്ധ്യാപകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു അത്.
ഗാനഭൂഷണം പാസായി. ഇതിനിടയില്‍ വൈക്കം മാളവികയുടെ അമരക്കാരനായ ടി.കെ. ജോണ്‍ മണിയുടെ പാട്ടുകേള്‍ക്കാനിടയായി. മാളവികയിലൂടെ ടി.കെ. ജോണ്‍ മണിക്ക് നാടകത്തിലേക്ക് വഴിതുറന്നുകൊടുത്തു. പിന്നെ നാടകയാത്രകളായിരുന്നു. എത്രപാട്ടുകള്‍ പാടിയെന്ന് മണിക്കുതന്നെ നിശ്ചയമില്ല. നാടകസംഘത്തോടൊപ്പം വേദിയിലെത്തി ലൈവായി പാടുന്ന രീതിയായിരുന്നു അക്കാലത്ത്. വേദികളില്‍ നിന്നും വേദികളിലേക്കുള്ള ഓട്ടം.
ചങ്ങനാശേരി ഗീഥ, കൊല്ലം ഉപാസന, എറണാകുളം ദൃശ്യ കലാഞ്ജലി തുടങ്ങി അക്കാലത്തെ പ്രമുഖ നാടകസംഘങ്ങള്‍ക്കൊപ്പം മണി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ മിക്കവാറും എല്ലാ അമച്വര്‍ സംഘങ്ങളുമായും സഹകരിച്ചു. എം.കെ. അര്ജുനന്, കുമരകം രാജപ്പന്, വൈപ്പിന്‍ സുരേന്ദ്രന്, തുടങ്ങിയവരുടെ ഈണത്തിലാണ് മണി കൂടുതല്‍ പാട്ടുകള്‍ പാടിയിരിക്കുന്നത്.
മാളവികയുടെ രാജസൂയത്തിലെ പാട്ടിന് സംസ്ഥാനതല അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അക്കാലത്ത് സര്‍ക്കാര്‍ അവാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. ‘സൂര്യരാഗം’ എന്ന നാടകത്തിലെ പാട്ടിന് വിക്രം സാരാഭാസ് സ്പേസ് സെന്ററിന്റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. വിവാഹ ശേഷം മണി നാടകവഴിയില്‍ നിന്നും മാറി.
എരൂര്‍ സ്വദേശിയും എല്‍ഐസി ഉദ്യോഗസ്ഥനുമായ ഷണ്മുഖന്റെ ജീവിതസഖിയായി മാറിയ മണി അതിന് ശേഷമാണ് സംഗീത അദ്ധ്യാപികയാകുന്നത്. അതോടെ സംഗീതത്തിന്റെ ട്രാക്ക് മാറി.
കോതമംഗലം മാരമംഗലം സ്കൂളിലായിരുന്നു ആദ്യ നിയമനം. പെന്ഷന് കാലമായപ്പോള്‍ മരട് മാങ്കായില്‍ സ്കൂളിലെത്തി. വിരമിച്ച ശേഷവും നിരവധി സ്കൂളുകളില്‍ പാടാനെത്തി. ഗാനമേള ട്രൂപ്പുകളുമായും സഹകരിച്ചു.
ഭര്‍ത്താവിന്റെ സഹായവും പിന്തുണയുമാണ് സംഗീത വഴിയില്‍ പിടിച്ചുനില്ക്കാന് സഹായിച്ചതെന്ന് മണി പറയുന്നു. പഴയപാട്ടുകളുമായി മണി ഇപ്പോഴും വേദികളിലെത്തുന്നു. മണിയുടെ സഹോദരന് സാലിമോനും പാട്ടുകാരനാണ്. ഇരുവരും ചേര്‍ന്നാണ് പലപ്പോഴും വേദികളില്‍ എത്തുന്നത്.
മണിയുടെ മകള്‍ ആതിര കോളേജ് ലക്ചററാണ്. ധാരാളം ശിക്ഷ്യഗണമുള്ള മണി ഇപ്പോഴും കുട്ടികളെ സംഗീതം പഠിപ്പിക്കുന്നു. ജോലിയില്‍ നിന്നും വിരമിച്ച ശേഷം സംഗീതത്തിനായി കൂടുതല്‍ സമയം കിട്ടുന്നതായി മണി പറയുന്നു.
കാലങ്ങള്‍ കടന്നുപോയിട്ടും പണ്ട് കുമ്പളങ്ങി ഗ്രാമം കാതോര്‍ത്ത ആ മധുര ശബ്ദത്തിന് മാറ്റമില്ല. പാടാന്‍ പാട്ടുകളും ബാക്കി. കുമ്പളങ്ങിയിലെ നാടക പ്രവര്‍ത്തകനായിരുന്ന കെ.ടി. കൃഷ്ണന്റെ മകളാണ് മണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: