വിദ്യാര്‍ത്ഥിജീവിതത്തിലെ വലിയ കടമ്പ പത്താം തരം കടന്നുകൂടുക എന്നതായിരുന്നു പണ്ട്. പത്താം ക്ലാസ് ഫലം വരുമ്പോള്‍ നെഞ്ചിടിപ്പോടെ കാത്തിരുന്നവര്‍. ജയമോ, പരാജയമോ എന്തു തന്നെയായാലും നാട്ടില്‍ പാട്ടാവും. തോറ്റാലത്തെ കഥ പറയുകയും വേണ്ട. എങ്ങനെ തലയുയര്‍ത്തി പുറത്തിറങ്ങും. കാണുന്നവരുടെയെല്ലാം ആദ്യ ചോദ്യം പാസായോ എന്നാവും. ഇല്ല എന്നാണ് ഉത്തരമെങ്കില്‍ അത് എങ്ങനെ പറയും.
വീട്ടുകാരുടെ കുറ്റപ്പെടുത്തല്‍ മറുവശത്ത്. പഠിക്കാന്‍ വിട്ടപ്പോള്‍ നീ എന്തുചെയ്യുവാരുന്നു എന്നതില്‍ തുടങ്ങും ശകാരം. റിസള്‍ട്ട് അറിഞ്ഞ് പിറ്റേന്ന് പുറത്തിറങ്ങുന്ന പത്രത്തിനും എന്തായിരുന്നു ഡിമാന്റ്. ജയിച്ചോ തോറ്റോ എന്നറിയണമെങ്കില്‍ പത്രം തന്നെ ശരണം. ഡിസ്റ്റിങ്ഷന്‍ തൊട്ടുതാഴോട്ട് ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ് എന്ന ക്രമത്തില്‍ കൊടുത്തിട്ടുണ്ടാവും ഫലം. ജില്ല തിരിച്ചുള്ള, സ്കൂള്‍ അടിസ്ഥാനത്തിലുള്ള ഫലം വിരലുകള്‍കൊണ്ട് പരതുമ്പോള്‍ സകലദൈവങ്ങളേയും മനസ്സില്‍ വിളിച്ചുപോകും.
ഫലം പ്രഖ്യാപിക്കുന്നതിനും മുന്നേ തുടങ്ങും നാട്ടുകാരുടെ അന്വേഷണം. അല്ല എസ്എസ്എല്‍സി ഫലം വരാറായല്ലോ, ജയിക്കും ഇല്ലേ എന്ന ചോദ്യം. നാട്ടിലെ പഠിപ്പിസ്റ്റിനോടും ഉഴപ്പനോടും ചോദിക്കും റാങ്ക് കിട്ടും അല്ലേ എന്ന്. ആദ്യം പറഞ്ഞ കക്ഷിയോടാണെങ്കില് ചോദ്യത്തില്‍ തെല്ല് അസൂയയുണ്ടാകും. രണ്ടാമത്തെ കക്ഷിയോട് പരിഹാസവും. എന്നാല്‍ ആ കാലം പോയി. ഗ്രേഡിങ് സമ്പ്രദായത്തിലേക്ക് ഫലം മാറിയപ്പോള്‍ ഈഅന്വേഷണവും കുറഞ്ഞു. പത്രങ്ങള്‍ സമ്പൂര്‍ണ എസ്എസ്എല്‍സി ഫലം നല്‍കുന്നതും നിര്‍ത്തി. വിജയശതമാനം കൂടി. തോല്‍ക്കുന്നവര്‍ ചുരുക്കം.
എങ്കിലും എസ്എസ്എല്‍സി തന്നെയാണ് ഇന്നും തുടര്‍വിദ്യാഭ്യാസം ഏത് മേഖലയിലേക്ക് വഴി തിരിച്ചുവിടണം എന്ന് നിര്‍ണയിക്കുന്ന അളവുകോല്‍. നല്ല മാര്‍ക്കോടെ പാസായാല്‍ ആദ്യ പരിഗണന ഡോക്ടറോ എഞ്ചിനീയറോ എന്നതിനുതന്നെ. പക്ഷേ പരാജിതന്റെ ആത്മസംഘര്‍ഷം എന്താണെന്ന് പലപ്പോഴും മനസ്സിലാക്കാറില്ല. ചുറ്റും നിന്ന് കുറ്റപ്പെടുത്തുന്നവരില്‍ നിന്നും അവര്‍ ഒരു ഒളിച്ചോട്ടം നടത്തും.
അത് ചിലപ്പോള്‍ സ്വന്തം ജീവിതത്തില്‍ നിന്നാവാം, നാട്ടില്‍ നിന്നാവാം, ചുറ്റുപാടുകളില്‍ നിന്നാവാം. പരാജയത്തിന്റെ കയ്പുനീര് കുടിച്ചാലും വിജയത്തിന്റെ മധുരം നുണയാം, അല്പം ആത്മവിശ്വാസമുണ്ടെങ്കില്‍ എന്ന് തിരിച്ചറിയുന്നിടത്താണ് ജീവിതത്തിന്റെ യഥാര്‍ത്ഥ തുടക്കം. അങ്ങനെ ജീവിതം ആരംഭിച്ച് പ്രശസ്തിയുടെ ഗിരിശൃംഖങ്ങളിലെത്തി മറ്റുള്ളവര്‍ക്ക് മാതൃകയായവരുമുണ്ട് നിരവധി.
സ്ഫടികം സിനിമയിലെ ചാക്കോ മാഷിനേയും മകന് തോമസ് ചാക്കോയേയും എങ്ങനെ മറക്കും. സംഭവം കഥയാണെങ്കിലും നമ്മുടെ തന്നെ ചുറ്റുപാടുമുള്ള ആരുടെയെങ്കിലുമൊക്കെ ജീവിത പരിച്ഛേദംതന്നെയാണത്. ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ മാത്തമാറ്റിക്സിലാണെന്ന് വാദിക്കുന്ന ചാക്കോ മാഷും കണക്കിലെ കളികളെക്കുറിച്ച് ഒട്ടും അറിവില്ലാത്ത മകന് തോമസ് ചാക്കോയും. മകന്റെ വാസന എഞ്ചിനീയറിങിലാണെന്ന് അറിഞ്ഞിട്ടും അവന്റെ ആഗ്രഹത്തെ ഉപ്പുകല്ലില്‍ മുട്ടുകുത്തി നിര്‍ത്തിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചു ചാക്കോ മാഷ്.
ഒടുവിലവന് നാടുവിട്ടോടി പിന്നീട് തിരിച്ചെത്തുന്നത് ആരേയും വകവയ്പ്പില്ലാത്ത തെമ്മാടി ആടുതോമയായി. പല മാതാപിതാക്കളും ചാക്കോ മാഷിനെപ്പോലെയാണ്. അവര്‍ അവരുടെ ആഗ്രഹത്തിനൊപ്പിച്ച് മക്കളെ പഠിപ്പിക്കാന്‍ ശ്രമിക്കും. സ്വന്തം ഇഷ്ടങ്ങളേയും ആഗ്രഹത്തേയും മാതാപിതാക്കള്‍ക്കുവേണ്ടി ബലി കഴിച്ച് താല്പര്യമില്ലാത്ത മേഖലയിലേക്ക് കാല്‍വയ്ക്കും കുട്ടികള്‍. തല്ലിപ്പഴുപ്പിച്ചാല്‍ പഴുക്കില്ല എന്ന് പറയുന്നതുപോലെയാവും പിന്നത്തെ കാര്യം. മക്കളുടെ വാസന തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിനാവണം മുന്‍ഗണന. അല്ലെങ്കിലവര് അമ്പേ പരാജയമാവും.
ഇരുട്ടകറ്റിയ എഡിസണ്
പഠിക്കാന്‍ വേണ്ടത്ര ബുദ്ധിയില്ലെന്ന അധ്യാപകന്റെ പരിഹാസത്തെത്തുടര്‍ന്ന് സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച ബാലന്. പിന്നീട് അവന്റെ ഗുരുകുലം അമ്മയായി. അവന്റെ കഴിവുകള്‍ അമ്മയോളം മറ്റാരും തിരിച്ചറിഞ്ഞില്ല. ആ കഴിവുകള്‍ പിന്നീട് ലോകം പലതരത്തില്‍ അനുഭവിച്ചറിഞ്ഞു. ലോകം പിന്നീട് അത്ഭുതാദരങ്ങളോടെ വീക്ഷിച്ച ആ ബാലന്റെ പേരാണ് തോമസ് ആല്‍വാ എഡിസണ്. ലോകത്തിന് രാത്രിയിലും വെളിച്ചം പകര്‍ന്നു നല്കാന് അദ്ദേഹത്തിന്റെ മനീഷയില്‍ പിറവി കൊണ്ട ഇലക്ട്രിക് ബള്‍ബ്. ഇതിന്റെ പരീക്ഷണത്തില്‍ ആയിരം വട്ടം പരാജയപ്പെട്ടുവെങ്കിലും വിജയത്തിലേക്കുള്ള ആയിരം വട്ടം പ്രയാണമാണതെന്നാണ് ആ ശുഭാപ്തി വിശ്വാസക്കാരന്‍ ചിന്തിച്ചത്. 1093 അമേരിക്കന്‍ പേറ്റന്റുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളതത്രെ. കാര്‍ബണ്‍ ടെലിഫോണ്‍ ട്രാന്‍സ്മിറ്റര്‍, ഫോണോഗ്രാഫ് തുടങ്ങി ഒട്ടനേകം കണ്ടുപിടുത്തങ്ങള്‍ നടത്തിയ എഡിസണ് തന്നെയാണ് ലോകത്തിലാദ്യമായി മെന്‍ലോ പാര്‍ക്കില്‍ വ്യാവസായിക പരീക്ഷണ ശാല സ്ഥാപിച്ചതും. മകനിലെ കഴിവ് കണ്ടെത്തിയ അമ്മതന്നെയാണ് ലോകം ഇന്നറിയുന്ന എഡിസണെ വാര്‍ത്തെടുത്തതും. നമ്മുടെ ചുറ്റുവട്ടത്തുമുണ്ട് അത്തരത്തില്‍ ഏറെപ്പേര്‍. അവരില്‍ ചിലരെ അറിയാം…
റിസ്ക് എടുത്തു,
വിജയിച്ചു
പരാജയത്തില്‍ നിന്നും വിജയത്തിന്റെ പടി ചവിട്ടിക്കയറിയ ആളാണ് മേജര്‍ രവി. പട്ടാളക്കാരനായും സിനിമാസംവിധായകനായും അറിയപ്പെടുന്നുണ്ടെങ്കില്‍ അത് പരാജയത്തില്‍ തളര്ന്നുപോവാതിരുന്നതുകൊണ്ടുമാത്രമാണെന്ന് അദ്ദേഹം പറയുന്നു. പഠിക്കാന്‍ അത്ര മിടുക്കനായിരുന്നില്ല മേജര്‍ രവിയെന്ന് അറിയപ്പെടുന്ന എ.കെ. രവീന്ദ്രന്. അതിനാല്‍ത്തന്നെ ഒമ്പതിലും പത്തിലും തോറ്റു. അച്ഛന്റേയും അമ്മയുടേയും നിര്‍ബന്ധത്തിന് വഴങ്ങി പഠിക്കുന്ന ശീലം പണ്ടേയില്ല. പത്തില്‍ തോറ്റശേഷം തനിച്ചിരുന്ന് ചിന്തിച്ചപ്പോഴാണ് പഠിക്കണമെന്നും ജീവിതത്തില്‍ വിജയിക്കണമെന്നുമുള്ള ലക്ഷ്യബോധമുണ്ടായത്. പരാജയം ജീവിതത്തിന്റെ അവസാനമല്ലെന്നും അതില്‍ നിന്നും ഉയിര്‍ത്ത് എഴുന്നേല്ക്കുകയാണ് വേണ്ടതെന്നുമുള്ള തിരിച്ചറിവാണ് എല്ലാവര്ക്കും ഉണ്ടാകേണ്ടത്.
പരാജയത്തില്ക്കൂടി പഠിക്കുന്ന പാഠമാണ് ജീവിതത്തെ മൂല്യമുള്ളതാക്കിത്തീര്ക്കുന്നതെന്നാണ് മേജറിന്റെ തന്നെ ജീവിതാനുഭവം. ഒരുവനെ വ്യക്തിത്വമുള്ളവനായി രൂപപ്പെടുത്തിയെടുക്കുന്നതും അതാണ്. കഠിനാധ്വാനമാണ് എല്ലാത്തിന്റേയും അടിത്തറ. പരാജയമെന്നത് ജീവിതത്തിന്റെ അവസാനമല്ല. അതൊരു തുടക്കമാണ്. ചിലരുണ്ട് പരാജയപ്പെട്ടാലും ഒന്നുമില്ല എന്ന് ഭാവിക്കുന്നവര്‍. ചിലരാകട്ടെ പരാജയത്തോടെ ജീവിതം അവസാനിച്ചുവെന്ന് കരുതും. പത്ത് പാസായി പട്ടാളത്തില്‍ ചേര്‍ന്ന ശേഷമാണ് പ്രീഡിഗ്രിയും ഡിഗ്രിയുമെല്ലാം പാസായതും ഓഫീസറായതും.
വെല്ലുവിളി ഏറ്റെടുത്ത് വിജയിക്കുമ്പോള്‍ നമ്മുടെ പരാജയംപോലും സമൂഹം അംഗീകരിക്കും. താനാരെന്ന് തെളിയിക്കാനുള്ള സമയമാണ് ആവശ്യം. ജീവിതത്തില്‍ നുണ പറയാതിരിക്കാനുള്ള ചങ്കൂറ്റമാണ് ആവശ്യം. തെറ്റുചെയ്താല്‍ പോലും അത് അംഗീകരിക്കാനുള്ള മനസ്സ് വേണം. തെറ്റുചെയ്താലും അത് ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് അതിന് വേണ്ടി കൂടുതല്‍ തെറ്റുകള്‍ ചെയ്യേണ്ടി വരുന്നത്. തെറ്റുചെയ്താല്‍ ശിക്ഷ കിട്ടുമായിരിക്കാം. പക്ഷേ അതും പോസിറ്റീവായി കാണുക. സാഹചര്യങ്ങളെ അതിജീവിക്കാനുളള കരുത്താണ് അത് നല്‍കുക.
എന്നാല്‍ ഇന്നത്തെ വിദ്യാഭ്യാസകാഴ്ചപ്പാടുകളോടും മേജറിന് വിയോജിപ്പാണുള്ളത്. വിദ്യാഭ്യാസം വെറും മെറ്റീരിയലിസ്റ്റിക് ആയിപ്പോവുന്നു.
എത്ര ശതമാനം മാര്‍ക്ക് കിട്ടിയെന്നതിനാണ് ഇന്ന് പ്രസക്തി. കുട്ടികള്‍ എന്ത് പഠിച്ചുവെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. പഠിച്ചത് അതേപോലെ പകര്‍ത്തിവച്ചാല്‍ മാത്രമേ മാര്‍ക്ക് കിട്ടു എന്ന അവസ്ഥ മാറണം. കണ്ടന്റ് ശരിയാണോ എന്നാണ് ചിന്തിക്കേണ്ടത്. പഠിച്ചത് സ്വന്തം ഭാഷയില്‍ എഴുതിയാലും ആ രീതിയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. എന്താണ് കുട്ടിയുടെ താല്പര്യം എന്ന് മാതാപിതാക്കളും നോക്കുന്നില്ല. വീട്ടുകാരുടെ താല്പര്യം കൊണ്ട് എഞ്ചിനീയറിംഗ് വിദ്യാഭ്യാസം തിരഞ്ഞെടുത്ത യുവാവ് എന്റടുത്ത് വന്നു. അയാള്‍ക്ക് സിനിമയോടാണ് അഭിനിവേശം മുഴുവന്‍.
അത് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ എന്റെ അസിസ്റ്റന്റാക്കി. ഇപ്പോള്‍ തമിഴില്‍ ഒരു പടം സംവിധാനം ചെയ്തിരിക്കുന്നു. അയാളൊരു എഞ്ചിനീയര്‍ ആയെങ്കില്‍ ചെയ്യുന്ന തൊഴില്‍ ഒരിക്കലും ആസ്വദിക്കാന്‍ സാധിക്കുമായിരുന്നില്ല. തന്റെ ഒപ്പം നന്നായി പഠിച്ചിരുന്നവരെ ഇന്ന് കാണുമ്പോള്‍ അവര്‍ പലരും ജീവിതത്തില്‍ ഒന്നും ആയിട്ടില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും മേജര്‍ പറയുന്നു. കാരണം അവര്‍ റിസ്ക് എടുക്കാന്‍ തയ്യാറായില്ല. റിസ്ക് ഇല്ലെങ്കില്‍ ജീവിതത്തില്‍ എങ്ങും എത്താന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒട്ടും സന്തോഷമില്ലെന്നും മേജര്‍ രവി അഭിപ്രായപ്പെടുന്നു.
തോല്‍വിയില്‍ നിന്നും
ഐപിഎസിലേക്ക്
ആദ്യവട്ടം എസ്എസ്എല്‍സി പരീക്ഷ എഴുതിയപ്പോള്‍ ഫലം തോല്വിയായപ്പോള് സങ്കടമുണ്ടായി. തോറ്റത് വലിയ ജീവിത പ്രശ്നമായി തോന്നിയില്ല. ഏഴാം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ കുലിപ്പണിക്കാരനായ അച്ഛനൊപ്പം ജോലിക്കു പോയിരുന്നതിനാലാകും അത്. പത്തിലെ തോല്‍വിയോടെ കെട്ടിടം പണിയുന്ന കോണ്‍ട്രാക്ടറുടെ കൂടെ സ്ഥിരം ജോലിക്കാരനായി. കല്ലുചുമടായിരുന്നു പണി. ഇടയ്ക്ക് സോപ്പ് കമ്പനിയിലും ജോലി ചെയ്തു. ജോലിക്കിടയിലും വായനയെ കൈവിട്ടില്ല. വായനശാലയിലെ പുസ്തകങ്ങളെല്ലാം വായിച്ചു. വീണ്ടും പരീക്ഷ എഴുതെണമെന്ന ആഗ്രഹത്തിനു പിന്നില്‍ വായനയാണ്. പ്രേരണയായത് ജോലിയോടൊപ്പം പ്രൈവറ്റായി പഠിച്ച് പത്താം ക്ലാസ് ജയിച്ച നാട്ടുകാരനും.
ആദ്യശ്രമത്തിന് ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും എസ്എസ്എല്‍സി എഴുതിയപ്പോള്‍ ജയം. പിന്നീട് തോല്‍വിയറിഞ്ഞില്ല. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ എം.എ. ബിരുദവും എം.ഫില്ലും. എം എ ഇക്കണോമിക്സിന് യുജിസിഫെല്ലോഷിപ്പ് കിട്ടി. അന്നത് അപൂര്‍വ്വമായിരുന്നു.
മാസം 1800 രൂപയുണ്ട്. മാത്രമല്ല ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്തു. റിസര്‍ച്ചിന്റെ ഭാഗമായി ദല്‍ഹിയിലൊക്കെപ്പോയി. വലിയ ആള്‍ക്കാരെ പരിചയപ്പെട്ടു. ഉള്ളിലെ അപകര്‍ഷതാബോധമൊക്കെ മാറി. ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വ്വീസും കിട്ടി. ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവര്‍ക്കും കഴിവുണ്ടെങ്കില്‍ അവസരം ലഭിച്ചാല്‍ ഉയരാനാകുമെന്ന് മനസിലായി. അങ്ങനെ സിവില്‍സര്‍വീസിലേക്ക് പോയി. 1999 ല്‍ ഐപിഎസും കിട്ടി. ഇപ്പോള്‍ കേരള പോലീസിലെ ഇന്റലിജന്‍സ് ഡിഐജിയാണ്.
പഠിത്തം പാട്ടിനുവിട്ടു, പാട്ടിന്റെ വഴിയേ പോയി
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിന് ഗോപീ സുന്ദറിന്റെ ജീവിതവുമായി എവിടെയൊക്കയോ സാമ്യമുണ്ട്. ക്രിക്കറ്റിനെ പ്രാണന് തുല്യം സ്നേഹിക്കുന്നതാണ് 1983 ലെ നായക കഥാപാത്രം രമേശനെങ്കില് ഗോപിയുടെ പ്രണയം സംഗീതത്തോടായിരുന്നു. ക്രിക്കറ്റ്താരമാകുന്നതും സ്വപ്നം കണ്ട് പഠനത്തില്‍ ഉഴപ്പിനടന്ന് ഒടുവില്‍ എങ്ങുമെത്താതായി രമേശ്. എന്നാല്‍ പഠനത്തില്‍ പിന്നിലായെങ്കിലും ഗോപീ സുന്ദര്‍ തന്റെ സ്വപ്നത്തിന് പിന്നാലെത്തന്നെ യാത്രചെയ്തു. അതില്‍ നൂറ് ശതമാനം വിജയിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ 1983 ലൂടെത്തന്നെ ദേശീയ അവാര്‍ഡും കിട്ടിയപ്പോള്‍ ഗോപീ സുന്ദറിന്റെ സന്തോഷത്തിനുമുണ്ട് ഇരട്ടിമധുരം.
പാട്ടാണ് തന്റെ വഴിയെന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴേ തിരിച്ചറിഞ്ഞ വ്യക്തിയാണ് ഗോപീസുന്ദര്‍. സയന്‍സും കണക്കുമൊന്നും അദ്ദേഹത്തിന്റെ വരുതിക്കുവന്നതേയില്ല. ഫലമോ പത്താംക്ലാസില്‍ പരാജയം. എന്നാല്‍ ആ പരാജയമാണ് ഇപ്പോഴത്തെ തന്റെ വിജയത്തിന് കാരണമെന്നും പത്ത് പാസായിരുന്നുവെങ്കില്‍ ഇന്നത്തെ ഗോപീസുന്ദര്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. പഠിച്ച് ജയിച്ചിരുന്നുവെങ്കില്‍ തുടര്‍ന്ന് പഠിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുമായിരുന്നു. തുടര്‍ന്ന് പഠിച്ചിരുന്നെങ്കില്‍ എങ്ങും എത്താതെ ഇന്ന് തെണ്ടിത്തിരിഞ്ഞു നടന്നേനെ. തോറ്റതുകൊണ്ട് ഏതായാലും അതുണ്ടായില്ല.
പിന്നെ തനിക്ക് പ്രിയപ്പെട്ട തബല വാദനവും സംഗീതവുമൊക്കെയായി മുന്നോട്ടുപോയി. ചെന്നൈയിലെ അഡയാര്‍ മ്യൂസിക് കോളേജില്‍ പ്രവേശനം നേടിയെങ്കിലും ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയില്ല. എന്നുകരുതി കുട്ടികള്‍ പഠിക്കേണ്ടന്നോ ഉന്നത വിദ്യാഭ്യാസം നേടേണ്ടന്നോ എന്ന അഭിപ്രായക്കാരനുമല്ല ഗോപീ സുന്ദര്‍. പത്താം ക്ലാസോ അല്ലെങ്കില്‍ ഏതെങ്കിലും കോഴ്സിലോ പരാജയപ്പെട്ടു എന്നുകരുതി അത് ജീവിതത്തിന്റെ അവസാനമായി കാണരുതെന്നേയുള്ളു.
കുട്ടികള്‍ക്ക് ഏത് മേഖലയിലാണോ താല്പര്യം അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഫുട്ബോള്‍ ആണ് ഇഷ്ടമെങ്കില്‍ അതില്‍ മുന്നേറാന്‍ സഹായിക്കുക. ഇന്നത്തെ വിദ്യാഭ്യാസത്തിലാണെങ്കില്‍ ഉയര്‍ന്ന ഗ്രേഡ് നേടുന്നതിലാണ് കാര്യം. ഈ രീതി മാറണമെന്നാണ് ആഗ്രഹം. എന്നാല്‍ ഇത് ആഗ്രഹിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും ഗോപീ സുന്ദര്‍ പറയുന്നു.
സംഗീത സംവിധായകന് ഔസേപ്പച്ചനാണ് ഗുരുസ്ഥാനീയന്‍. 2006 ല്‍ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര സംഗീത ലോകത്തിലേക്ക് പ്രവേശിച്ച ഗോപീ സുന്ദര്‍ ഇതിനോടകം തന്നെ ഒട്ടനവധി ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. 1983 എന്ന ചിത്രത്തിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ അവാര്‍ഡും ഗോപീ സുന്ദര്‍ സ്വന്തമാക്കി.
കുട്ടികളുടെ മനസ്സ് അറിയണം
മാതാപിതാക്കള്‍ കുട്ടികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയാല്‍ത്തന്നെ ഏത് സാഹചര്യത്തേയും നേരിടാന്‍ അവര്‍ക്ക് സാധിക്കും. എസ്എസ്എല്‍സി തുടങ്ങിയ നിര്‍ണായക പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്കുമുന്നേതന്നെ പല കുട്ടികളും സംഘര്‍ഷത്തിന് അടിപ്പെടുന്നതായാണ് കാണുന്നത്. നീ ജയിക്കുമോ എത്ര ശതമാനം മാര്‍ക്ക് കിട്ടും എന്ന ചോദ്യങ്ങളുമായി രക്ഷകര്‍ത്താക്കളും പിന്നാലെ കൂടും. ഇതും കുട്ടികളുടെ മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകും.
ഫലം എന്തായാലും അതിനെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് ഒരുക്കിക്കൊടുക്കേണ്ടത് മാതാപിതാക്കളാണ്. ജയിച്ചാലും തോറ്റാലും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. പ്രതീക്ഷിച്ച മാര്‍ക്ക് നേടാനായില്ലെങ്കില്‍ ഇഷ്ടപ്പെട്ട വിഷയം പഠിക്കാന്‍ എങ്ങനെ പ്രവേശനം കിട്ടും എന്ന് ചിന്തിച്ച് ആകുലപ്പെടുന്നവരുണ്ട്. പഠിച്ചിട്ടും മാര്‍ക്ക് കുറഞ്ഞുപോയല്ലോ എന്ന് കരുതും ഇവര്‍. തോറ്റുപോയാല്‍ രണ്ടാമത് എഴുതാമെന്നും പരിശ്രമിച്ചാല്‍ നല്ലമാര്‍ക്ക് നേടാന്‍ സാധിക്കുമെന്നും കുട്ടികളെ പറഞ്ഞ് ബോധിപ്പിക്കണം.
രക്ഷിതാക്കളുടെ സമീപനം രണ്ടൂകൂട്ടരോടും ഒരേപോലെയാവണം. അല്ലാതെ എരിതീയില്‍ എണ്ണ ഒഴിക്കുന്നത് ഒഴിവാക്കുക. കുട്ടികള്‍ തങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല എന്നുകരുതി കുറ്റപ്പെടുത്തന്ന മാതാപിതാക്കളുണ്ട്. അത് അവര്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം കൊണ്ടാണ്. പക്ഷേ ഈ സമീപനം കാര്യങ്ങള്‍ കുഴപ്പത്തില്കൊണ്ടുചെന്നെത്തിക്കും. കുട്ടികള്‍ക്ക് മാനസിക പിന്തുണയാണ് ആവശ്യം.
പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ഇനി എന്തിന് ജീവിക്കണമെന്നും ജീവിതത്തിന് മൂല്യമില്ലെന്നും കരുതി ആത്മഹത്യക്ക് മുതിരുന്നവരുമുണ്ട്. ഒരു നിമിഷത്തെ തോന്നലുകൊണ്ടാണ് പലര്‍ക്കും ജീവിതം മടുത്തുവെന്ന് തോന്നുന്നത്. പരീക്ഷ തോറ്റതുകൊണ്ട് ഒന്നും പ്രത്യേകിച്ച് വരാനില്ലെന്നും വീണ്ടും എഴുതിയാല്‍ ജയിക്കാനുള്ളതേയുള്ളുവെന്നും അവരെ ബോധ്യപ്പെടുത്തി ധൈര്യം നല്‍കണം. യാഥാര്‍ത്ഥ്യമാണ് മനസ്സിലാക്കികൊടുക്കേണ്ടത്. തൊട്ടടുത്തുള്ള മിടുക്കന്മാരുമായി മക്കളെ താരത്മ്യം ചെയ്യരുത്. ഓരോ കുട്ടിയിലുമുള്ള കഴിവുകള്‍ വ്യത്യസ്തമാണ്.
കുട്ടികള്‍ക്ക് താല്പര്യമുള്ള മേഖല തെരഞ്ഞെടുക്കാന്‍ അനുവദിക്കുക. ചെയ്യുന്ന ജോലി ആത്മാര്‍ത്ഥമായി ചെയ്യുക എന്നതാണ് കാര്യം.
സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള പദവി നോക്കി, അപ്രകാരമുള്ള സമ്മര്‍ദ്ദം കുട്ടികളുടെമേല്‍ പ്രതിഫലിക്കാന്‍ ഇടവരുത്തരുത്. കുട്ടികളുടെ അഭിരുചി മനസിലാക്കി ആ വഴിയിലേക്ക് മാനസികമായി വളര്‍ത്തിയെടുക്കുകയാണ് മാതാപിതാക്കളുടെ ധര്‍മം. 100 ശതമാനം വിജയം ലക്ഷ്യമിട്ട് കുട്ടികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന അദ്ധ്യാപകരുമുണ്ട്. ഒന്നോ രണ്ടോ സെമസ്റ്റര്‍ പരീക്ഷകള്‍ കഴിയുമ്പോഴേക്കും അദ്ധ്യാപകര്‍ക്ക് കുട്ടികളുടെ കഴിവ് മനസിലാകും. അതോടെ അദ്ധ്യാപകരുടെ സമീപനത്തിലും മാറ്റം വരുന്നതാണ് കാണുന്നത്. പഠിക്കാന്‍ പിന്നാക്കം നില്ക്കുന്ന കുട്ടികളാണെങ്കില്‍ അക്കാര്യം മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും കൂടുതല്‍ പരിഗണനയും പ്രോത്സാഹനവും പിന്തുണയും നല്‍കുകയുമാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: