കായംകുളം: ചെപ്പുകിലുക്കിണ ചങ്ങാതി നിന്റെ ചെപ്പുതുറന്നൊന്നു കാട്ടൂല്ലേ… മിന്നുന്നതെന്താണയ്യയ്യ മണി കുന്നിക്കുരുമണി പൊന്മാല… ഈ പാട്ട് പാടാത്ത ഒറ്റ മലയാളികള്‍ പോലും കാണില്ല. ഒരു കാലത്ത് മലയാള നാടകവേദിയില്‍ നിറസാന്നിധ്യമായിരുന്ന കെപിഎസി സുലോചനയുടെ അനുഗ്രഹീത ശബ്ദത്തില്‍ മലയാളികള്‍ കോരിത്തരിച്ച ദിവസങ്ങള്‍, ഈ കുയില്‍നാദം നിലച്ചിട്ട് ഇന്ന് പത്തുവര്‍ഷം തികയുന്നു.
മാവേലിക്കര കോട്ടയ്ക്കകത്ത് കുഞ്ഞുകുഞ്ഞിന്റേയും കല്യാണിയമ്മയുടേയും മകളായ സുലോചന കെപിഎസി യില്‍ എത്തിയത് ഒരു നിയോഗം പോലെയായിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് വഴിയരികിലുള്ള ചായക്കടയിലെ റേഡിയോയില്‍ നിന്ന് കേള്‍ക്കുന്ന പാട്ടു കേട്ട് വീട്ടില്‍ വന്നിരുന്ന് പാടുന്നത് പതിവായിരുന്നു.
ഇതുകേട്ട് അച്ഛന് മകളെ നാട്ടിലുള്ള ഒരു ഭഗവതരുടെ അടുക്കല്‍ സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കാന്‍ വിട്ടു. തുടര്‍ന്ന് ആകാശവാണിയില്‍ ബാലലോകം പരിപാടിയില്‍ അവസരം ലഭിച്ചു. ഈ പരിപാടിയില്‍ സുലോചനയുടെ പാട്ടുകേട്ട കെപിഎസിയുടെ സംഘാടകരായ അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ്, കേശവന്‍പോറ്റി, അഡ്വ. കല്യാണ കൃഷ്ണന് എന്നിവര്‍ സുലോചനയെ കെപിഎസിയിലേക്ക് വിളിക്കുകയായിരുന്നു.
1951ല്‍ എന്റെ മകനാണ് ശരി എന്ന നാടകത്തില്‍ പാടി അഭിനയിക്കാന്‍ അവസരം കിട്ടി പിന്നീട് അങ്ങോട്ട് മലയാളികളുടെ ഹൃദയത്തില്‍ തട്ടുന്നപ്പാട്ടുകള് കെപിഎസി സുലോചനയുടെ സ്വരമാധുരിയില്‍ കേരളമാകെ അലയടിച്ചു.
തുമ്പപ്പൂ പെയ്യണ പൂനിലാവേ…
ഏന് നെഞ്ചില്‍ നിറയുന്ന തേന്കിനാവേ…
എത്രനാളു കൊതിച്ചിരുന്നു ഏന് തേനൂറും പൂവാണന്ന്… എന്ന ഗാനം അക്കാലത്ത് അമ്മമാര്‍ കുഞ്ഞുങ്ങളെ പാടിയുറക്കിയത് ഈ പാട്ടുപാടിയയായിരുന്നു. ഒഎന്‍വി-ദേവരാജന്‍ കൂട്ടായ്മയിലൂടെ കെപിഎസിയുടെ ആദ്യഗാനം റിക്കോര്‍ഡ് ചെയ്തതും ആദ്യ സിനിമാ ഗാനവും ഗ്രാമഫോണ്‍ റിക്കോഡിലേക്ക് ആക്കിയതും സുലോചനയുടെ ദൈവാനുഗ്രഹമുള്ള ശബ്ദത്തിലായിരുന്നു.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മുടിയനായപുത്രന്, സര്‍വ്വേക്കല്ല്, പുതിയ ആകാശം പുതിയ ഭൂമി, ശരശയ്യ, അശ്വമേധം തുടങ്ങി കെപിഎസിയിലെ മിക്കനാടകങ്ങളിലും സുലോചന പാടി അഭിനയിച്ചു 1985ല്‍ സ്വന്തമായി സംസ്ക്കാര എന്ന നാടകസമിതി രൂപീകരിച്ച് തന്റെ കലാവൈഭവം തുടരുന്നതിനിടയിലാണ് 2005ല്‍ കാലയവനികക്കുള്ളില്‍ മറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: