കലാമണ്ഡലം വനജ ടീച്ചര്‍ക്ക് ജീവിതത്തില്‍ എല്ലാം ദൈവമയമാണ്. നൃത്തമായാലും സംഗീതമായാലും അഭിനയമായാലും എല്ലാം ദൈവാനുഗ്രഹം. ജീവിതം തന്നെ കലയ്ക്ക് വേണ്ടി സമര്‍പ്പിച്ച ടീച്ചര്‍ അടിയുറച്ച ദൈവവിശ്വാസിയാണ്. നൃത്തവും സംഗീതവും നാടകവും ഭക്തിയില്‍ കോര്‍ത്തിണക്കി മാത്രമേ ടീച്ചര്‍ അവതരിപ്പിച്ചിട്ടുള്ളു.
1957 ലാണ് വനജ ടീച്ചര്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നത്. സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നേടിയായിരുന്നു പഠനം. കലാമണ്ഡലത്തില്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഒരുവര്‍ഷത്തോളം നിരവധി വേദികളില്‍ നൃത്തമവതരിപ്പിച്ചു. പിന്നീടാണ് നാടക രംഗത്തേക്ക് തിരിഞ്ഞത്.
1977 ല്‍ പ്രശസ്തമായ നടനകലാക്ഷേത്രം ആരംഭിച്ചു. അന്തരിച്ച മഹാനടന് തിക്കുറിശ്ശി സുകുമാരന്‍ നായരാണ് കലാക്ഷേത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. നിരവധി സിനിമാ നടന്മാരും, നടികളും, സാംസ്കാരിക നായകന്മാരും പങ്കെടുത്ത കലാക്ഷേത്രയുടെ ഉദ്ഘാടനം കണ്ണൂരിനെ സംബന്ധിച്ച് അന്ന് വലിയ അത്ഭുതമായിരുന്നു. നാടക മേഖലയില്‍ മായാത്ത മുദ്ര പതിപ്പിച്ച നടനകലാ ക്ഷേത്രയുടെ പ്രവര്‍ത്തനത്തിന് ടീച്ചര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയത് ഭര്‍ത്താവ് രവീന്ദ്രനായിരുന്നു.
കടാങ്കോട്ട് മാക്കം, ചണ്ഡാല ഭിക്ഷുകി, ശ്രീ മുത്തപ്പന് മാഹാത്മ്യം, രാജാഹരിശ്ചന്ദ്ര, ചോറ്റാനിക്കര അമ്മ തുടങ്ങി നാല്പത്തിയഞ്ചോളം നാടകങ്ങള്‍ കലാക്ഷേത്രയുടെ ബാനറില്‍ അവതരിപ്പിച്ചു. മിക്ക നാടകങ്ങളും സംവിധാനം ചെയ്തതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചതും വനജ ടീച്ചര്‍ തന്നെയാണ്. രണ്ടായിരത്തോളം വേദികളില്‍ അവതരിപ്പിച്ച കടാങ്കോട്ട് മാക്കം എന്ന നാടകത്തില്‍ ആയിരത്തി അഞ്ഞൂറോളം വേദികളില്‍ മാക്കത്തെ അവതരിപ്പിച്ചത് വനജ ടീച്ചറാണ്.
ചരിത്രവും വിശ്വാസവും കെട്ട് പിണഞ്ഞ് കിടക്കുന്നതാണ് കടാങ്കോട്ട് മാക്കത്തിന്റെ ഇതിവൃത്തം. നാത്തൂന്മാരുടെ അപവാദ പ്രചരണത്തില്‍ വിശ്വസിച്ച് സ്വന്തം സഹോദരിയെ ആങ്ങളമാര് കഴുത്തറുത്ത് കൊലപ്പെടുത്തുന്നു. പിന്നീട് പുനര്‍ജനിക്കുന്ന മാക്കം സ്വന്തം തറവാട് അഗ്നിക്കിരയാക്കി പ്രതികാരം ചെയ്യുന്നു. ഭക്തിയും പ്രണയവും സ്നേഹവും ദു:ഖവും പ്രതികാരവും മാറിമറിഞ്ഞ് വരുന്ന നാടകത്തില്‍ ഏറെ തന്മയത്വത്തോടെയാണ് മാക്കം എന്ന കഥാപാത്രത്തെ വനജ ടീച്ചര്‍ അവതരിപ്പിച്ചത്.
വേദിയില്‍ കയറിയാല്‍ താന്‍ മാക്കമായി മാറുകയാണെന്ന് ടീച്ചര്‍ പറയുന്നു. പിന്നീട് അഭിനയിക്കുകയല്ല, മാക്കമായി ജീവിക്കുകയാണ്. കൂടെ അഭിനയിക്കുന്നവര്‍ക്ക് ചില നേരങ്ങളില്‍ മാക്കം തന്നെ തങ്ങളുടെ മുന്നില്‍ നില്ക്കുന്നതായി അനുഭവപ്പെട്ടിട്ടുമുണ്ട്. നാടകം തീര്‍ന്നാലും ഏറെ നേരം കഴിഞ്ഞാണ് ടീച്ചര്‍ സ്വന്തം വ്യക്തിത്വത്തിലേക്ക് മടങ്ങിയെത്തുക.
കേരളസംഗീതനാടക അക്കാദമിയുടെ അവാര്‍ഡ് ഉള്‍പ്പടെ ചെറുതും വലുതുമായ നിരവധി അവാര്‍ഡുകള്‍ ടീച്ചറെ തേടിയെത്തിയിട്ടുണ്ട്. അര്‍ഹിക്കുന്ന അംഗീകാരം തനിക്ക് ലഭിച്ചില്ലെന്ന് വിശ്വസിക്കുമ്പോഴും കേവലം അവാര്‍ഡുകള്‍ക്കും അംഗീകാരങ്ങള്‍ക്കും വേണ്ടി ആര്‍ക്കും സ്തുതി പാടുന്ന ശീലം വനജ ടീച്ചര്‍ക്കില്ല.
അര്‍ഹതയുണ്ടെങ്കില്‍ എല്ലാം ഭഗവാന് തന്നെ മുന്നിലെത്തിച്ച് തരുമെന്നതാണ് ടീച്ചറുടെ വിശ്വാസം. എന്തുകൊണ്ട് ഭക്തിരസ പ്രധാനമായ നാടകങ്ങള്‍ മാത്രം ചെയ്തു എന്ന ചോദ്യത്തിന് ടീച്ചര്‍ക്ക് ഒറ്റ ഉത്തരമേയുള്ളു. കലികാലത്ത് ജനങ്ങള്‍ക്ക് ഭക്തി പകരാന്‍ നാടകത്തോളം പോന്ന മാധ്യമം വേറെ ഇല്ല. കേവലം സാമ്പത്തിക ലാഭത്തിന് വേണ്ടി മാത്രം ടീച്ചര്‍ നാടകവും നൃത്തവും അവതരിപ്പിച്ചിട്ടില്ല. കണ്ണൂരിലെയും സമീപ ജില്ലകളിലെയും ആയിരക്കണക്കിന് കുട്ടികളെ വനജ ടീച്ചര്‍ നൃത്തം പരിശീലിപ്പിച്ചിട്ടുണ്ട്.
ശിഷ്യസമ്പത്തിനോളംപോന്ന അവാര്‍ഡുകളും അംഗീകാരങ്ങളും വേറെയില്ലെന്നാണ് ടീച്ചറുടെ വിശ്വാസം. നടനകലാക്ഷേത്രയെ സജീവമാക്കി കൂടുതല്‍ നാടകങ്ങള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വനജ ടീച്ചര്‍. ഒപ്പം തനിക്ക് ദൈവികമായി ലഭിച്ച അഭിനയവും നൃത്തവും കൂടുതല്‍ പേരിലേക്ക് പകര്‍ന്ന് നല്‍കണമെന്നും ആഗ്രഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: