കൊച്ചി: പട്ടികജാതിക്കാര്‍ക്കായി എടയാറില്‍ ആരംഭിച്ച അംബേദ്കര്‍ സ്മാരക സര്‍വ്വീസ് സൊസൈറ്റി നാശത്തിന്റെ പാതയില്‍. 1980ല്‍ എടയാര്‍ വ്യവസായ മേഖലയില്‍ സൊസൈറ്റിക്ക് ലഭിച്ച 75 സെന്റ് സ്ഥലം അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്നു.
ഭരണഘനടാശില്പിയായ ബി.ആര്. അംബേദ്കറുടെ ജയന്തി മുറതെറ്റാതെ ആഘോഷിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പേരില്‍ ആരംഭിച്ച പ്രസ്ഥാനങ്ങളിലൊന്നിന് ഈ ദുര്‍ഗതി.
സൊസൈറ്റിക്ക് കിട്ടിയ സ്ഥലം തട്ടിയെടുക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ ചില വന്‍തോക്കുകള്‍ രംഗത്തിറങ്ങിയതായി അറിയുന്നു. സൊസൈറ്റിയുടെ നേതൃത്വത്തില്‍ 75 സെന്റ് സ്ഥലത്ത് ആരംഭിച്ച കുമ്മായ ചൂളയ്ക്ക് ഇപ്പോള്‍ അവശേഷിക്കുന്നത് 25 സെന്റ് സ്ഥലം മാത്രമാണ്. സൊസൈറ്റിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നപേരില് സര്‍ക്കാര്‍ തിരിച്ചെടുത്ത 50 സെന്റ് സ്ഥലമാണ് അന്യാധീനപ്പെടുത്താന്‍ നീക്കംനടക്കുന്നത്.
പട്ടികജാതിക്കാര്‍ക്ക് അവകാശപ്പെട്ട ഈ സ്ഥലം തിരിച്ചുകിട്ടാന്‍ സൊസൈറ്റി ഭാരവാഹികള്‍ നെട്ടോട്ടമോടുകയാണ്. തിരുവനന്തപുരത്ത് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ 50 സെന്റ് സ്ഥലം തിരിച്ചുനല്‍കാമെന്ന വാക്കാലുള്ള ഉറപ്പ് പ്രാവര്‍ത്തികമായിട്ടില്ല. ഇക്കാര്യത്തില്‍ ഏലൂര്‍ മുനിസിപ്പാലിറ്റിയും കടുങ്ങല്ലൂര്‍ പഞ്ചായത്തും നിസ്സഹകരണ മനോഭാവമാണ് പുലര്‍ത്തുന്നതത്രെ.
സെന്റിന് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കണ്ണായ സ്ഥലം തട്ടിയെടുക്കാന്‍ ഉന്നതന്മാരെ സ്വാധീനിച്ച് വന്‍ ഭൂമാഫിയ രംഗത്തിറങ്ങിയതിന്റെ സൂചനയാണ് അധികൃതരുടെ നിസംഗതയെന്ന് സംശയമുയര്‍ന്നുകഴിഞ്ഞു.
സൊസൈറ്റിക്ക് സര്‍ക്കാര്‍ സഹായമായി കിട്ടിയ പണംകൊണ്ടും ചില ബാങ്കുകളില്‍നിന്നെടുത്ത വായ്പകൊണ്ടും മെച്ചപ്പെട്ട സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള ശ്രമം സഫലമാകണമെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം തിരിച്ചുകിട്ടണം. ഈ അംബേദ്കര്‍ ജയന്തി ദിനത്തിലെങ്കിലും ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റായ കമലം മാഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: