ഹരിപ്പാട് ഏവൂരിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷുദര്‍ശനവും വിഷു മഹോത്സവവും ഏറെ പ്രശസ്തമാണ്.
ദര്ശനത്തിനെത്തുവര്ക്കെല്ലാം നന്മയുടേയും സമ്പല്‍സമൃദ്ധിയുടേയും ശുഭാശംസകളുമായി എത്തുന്ന മേടപ്പുലരിയില്‍ നല്ലതുകാണുക, നല്ലതു കേള്‍ക്കുക, നല്ലത് നുണയുക, നല്ലത് ശ്വസിക്കുക, നല്ലത് സ്പര്‍ശിക്കുക എന്ന കാഴ്ചപ്പാടോടുകൂടി പഞ്ചേന്ദ്രിയങ്ങള്‍ക്കും മനസ്സിനും നിര്‍വൃതിയേകി ജീവാത്മാവിനെ പരമാത്മ ചൈതന്യത്തിലേക്ക് കേന്ദ്രീകരിക്കുവാന്‍ കഴിയുമാറാണ് ഇവിടെ വിഷുദര്‍ശനവും ആഘോഷവും. വിഷുക്കണി, വിഷുദീപം, വിഷുകൈനീട്ടം, തൃമധുരം, പുല്ലാങ്കുഴല്‍കച്ചേരി, നൃത്തനൃത്യങ്ങള്‍, കര്‍ണ്ണാടക സംഗീതം, നാമജപം ഇവയാല്‍ ഏവൂര്ക്ഷേത്രം വിഷുപ്പുലരിയില്‍ ഭക്തിതരിതമാകും.
ഏവൂര്‍ വിഷുദര്ശന പുണ്യം
രാശിപ്രമാണങ്ങളും, ക്ഷേത്ര ഐതീഹ്യവും ചേര്‍ന്ന് ഏവൂര്‍ വിഷുദര്‍ശനം ഭക്തിനിര്‍ഭരവും പുണ്യദായകവുമെന്ന് ഭക്തര്‍ വിശ്വസിച്ചുവരുന്നു. അഗ്നികാരകനായ ചെവ്വയുടെ രാശിയില്‍ അന്ധകാരാന്തകനായ സൂര്യന് ഉച്ചസ്ഥിതിയില്‍ എത്തുന്ന ആദ്യ പ്രഭാതം ഏവൂര്‍ വിഷുദര്‍ശനം. അഗ്നിദേവന് മേടവിഷു സംക്രമത്തിലുണ്ടാകുന്ന ചൈതന്യപ്രഭാവം ശ്രീകൃഷ്ണസാന്നിദ്ധ്യത്തില് അര്ജ്ജുനസഹായത്താല് അഗ്നിദേവന് പ്രതിഷ്ഠിച്ച ചതുര്‍ബാഹു വിഗ്രഹത്തില്‍ കൈവരുന്നു.
അഗ്നിയുടേയും വിഷ്ണു ചൈതന്യത്തിന്റേയും ദിവ്യ സാന്നിദ്ധ്യം കൊണ്ട് പുണ്യപ്രദമാകുന്നു ഏവൂര്‍ വിഷുദര്‍ശനം. മംഗല്യഭാഗ്യത്തിനും, സന്താലബ്ധിക്കും, വിദ്യാലാഭത്തിനും, ധനധാന്യ വര്‍ദ്ധനവിനും, ജ്ഞാനമോക്ഷ ലബ്ധിക്കും, ആത്മശുദ്ധിക്കും വിശിഷ്യാ ആയുരാരോഗ്യസൗഖ്യത്തിനും ഏവൂര്‍ വിഷുദര്‍ശനവും തുടര്‍ന്നുള്ള ദശാവതാര ചാര്‍ത്ത് ദര്‍ശനം കാരണമാണെന്നു വിശ്വസിക്കുന്നു.
പരമ്പരാഗത ആചാര പ്രകാരം നാലമ്പലത്തിനുള്ളില്‍ മുഖമണ്ഡപത്തില്‍ കണിക്കൊന്ന പൂക്കളുടേയും, കണിവെള്ളരിയുടേയും നിറവില്‍ ഓട്ടുരുളിയില്‍ അരി, നെല്ല്, നാളികേരം, ഫലവര്‍ഗ്ഗങ്ങള്‍, കസവ് പുടവ, വാല്‍ക്കണ്ണാടി, താളിയോല ഗ്രന്ഥം, തങ്കം, അഷ്ടമംഗല്യം എന്നീ കണിക്കൂട്ടുകളോടൊപ്പം നെയ്ത്തിരി താളത്തിന്റെ ശോഭയില്‍ ഭഗവത് രൂപം ദര്‍ശിച്ചാല്‍ ലഭിക്കുന്ന പുണ്യവും പരമാനന്ദവും തനിക്ക് വരും വര്‍ഷത്തിന്റെ സമൃദ്ധിക്കുള്ള ഭഗവത് അനുഗ്രഹമായി ഓരോ ഭക്തനും കരുതുന്നു.
ദശാവതാര ചാര്‍ത്ത്
തിരുവിതാംകൂറിലെ പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രമായ ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഗുരുവും (ബ്രഹസ്പതി), വായുവും (പഞ്ചഭൂതങ്ങളില്‍ ഒന്ന്) ചേര്‍ന്ന് പ്രതിഷ്ഠിച്ച വൈഷ്ണവ തേജസ്സ് ഗുരുവായൂരിലും, പ്രിയസുഹൃത്തും (അര്ജ്ജുനന്) അഗ്നിയും (പഞ്ചഭൂതങ്ങളില്‍ ഒന്ന്) ചേര്‍ന്ന് പ്രതിഷ്ഠിച്ച വൈഷ്ണവ തേജസ്സ് ഏവൂരിലും പരിലസിക്കുന്നു.
വിഷു മഹോത്സവത്തോടനുബന്ധിച്ച് ദര്‍ശനത്തിന് ഏറ്റവും പുണ്യമെന്ന് ഭക്തര്‍ വിശ്വസിച്ചുപോരുന്ന മേടമാസത്തില്‍ സൂര്യ തേജസ്സ് അധികരിച്ച് കാണുന്ന് മേടം ഒന്നു മുതല്‍ 10 വരെ ദശാവതാരചാര്‍ത്ത് അണിയിച്ച് ഭഗവത് വിഗ്രഹം തേജോമയമാക്കുന്നത്.
ത്രിമൂര്‍ത്തികളില്‍ സ്ഥിതികാരകനും ലോകരക്ഷകനുമായ ഭഗവാന് മഹാവിഷ്ണു കാവ്യമാതാവിനെ ചക്രായുധത്തില്‍ വധിച്ചപ്പോള്‍ ലഭിച്ച ശാപഫലമായി അവതാരമെടുത്തു എന്നാണ് ഐതിഹ്യം.
ബ്രഹ്മശ്രീ ഗോപന് നമ്പൂതിരിയാണ് ചന്ദനം ചാര്‍ത്ത് നിര്‍വ്വഹിക്കുന്നത്. ഏവൂര്‍ ക്ഷേത്രം മേല്‍ശാന്തി ഈശ്വരന് നമ്പൂതിരി പൂജാദി കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നു. അനുഷ്ഠാന ക്ഷേത്രകലാസാംസ്ക്കാരിക സമിതിയാണ് ദശാവതാര ചാര്‍ത്തിന്റെ സംഘാടകത്വം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: