ചേര്‍ത്തല: സിവില്‍ സപ്ലൈസ് ഗോഡൗണില്‍ അരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം അനിശ്ചിതത്വത്തില്‍. ജീവനക്കാരനായ പ്രതി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതാണ് അന്വേഷണം വഴിമുട്ടാന്‍ കാരണം.വയലാര്‍ പാലത്തിന് സമീപത്തെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ 2014 മാര്‍ച്ച് 28നാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. കംമ്പ്യൂട്ടറില്‍ കൃത്രിമം കാട്ടിയാണ് പണം അപഹരിച്ചത്.
ഓഫീസിലെ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ച നിലയില്‍ കണ്ടത്തിയതിനെ തുടര്‍ന്ന് അസിസ്റ്റന്റ് മാനേജര്‍ ഏപ്രില്‍ ഒന്നിന് ചേര്‍ത്തല പോലീസില്‍ പരാതി നല്കി. കമ്പ്യൂട്ടറില്‍ കൃത്രിമം കാട്ടിയതിനും ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചതിനും സ്റ്റോക് കസ്റ്റോഡിയന്‍ ശ്യാംരാജി (33)നെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ വിമുഖത കാട്ടിയ പോലീസ് ഏപ്രില്‍ 24 നാണ് കേസെടുത്തത്.
തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിച്ചും ഉന്നതരാഷ്ട്രീയ നേതാക്കളെ ഇടപെടുത്തിയും കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി വ്യാപക പരാതി ഉയരുകയും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരികയും ചെയ്തതോടെ ജില്ലാ പോലീസ് മേധാവി വിശദമായി അന്വേഷിക്കാന്‍ ചേര്‍ത്തല ഡിവൈഎസ്പി: കെ.ജി. ബാബുകുമാറിന് നിര്‍ദ്ദേശം നല്കി. കേസ് അന്വേഷിച്ച ഡിവൈഎസ്പി ജൂണ്‍ 13ന് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്കി. സിവില്‍ സപ്ലൈസ് വകുപ്പു തല ഓഡിറ്റിങ്ങില്‍ 39 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.
നഷ്ടപ്പെട്ട തുകയും 18 ശതമാനം പലിശയും ഉള്‍പ്പെടെ തുക അരക്കോടിയോളം വരുമെന്നായിരുന്നു ഓഡിറ്റിങ് സംഘത്തിന്റെ നിഗമനം. 25 ലക്ഷത്തിലധികം രൂപയ്ക്കുമേല്‍ ക്രമക്കേടു കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ഏജന്‍സിയായ വിജിലന്‍സ് അന്വേഷിക്കണമെന്നിരിക്കെ റിപ്പോര്‍ട്ട് നല്കി പത്തുമാസം പിന്നിട്ടിട്ടും അന്വേഷണം ഏറ്റെടുക്കാത്ത വിജിലന്‍സിന്റെ നടപടി ഉന്നത രാഷ്ട്രീയ സ്വാധീനം മൂലമാണെന്നാണ് വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്. ശ്യാംരാജ് ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷ മാസങ്ങള്‍ പിന്നിട്ടിട്ടും പരിഗണിച്ചിട്ടില്ല. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാനാകില്ലെന്നാണ് പോലീസിന്റെ നിലപാട്. കേസ് നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഹൈക്കോടതിയിലെ സിവില്‍ സപ്ലൈസിന്റെ വിജിലന്‍സ് ഓഫീസറുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായും ഡിവൈഎസ്പി: കെ.ജി. ബാബുകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: