കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മേടവിഷു മഹോത്സവം നാളെ ആരംഭിച്ച് 19ന് സമാപിക്കും. ശ്രീധര്‍മ്മശാസ്താവിന്റെ കുട്ടിക്കാലത്തെ അനുസ്മരിപ്പിക്കുന്നതാണ് കുളത്തൂപ്പുഴ ശ്രീധര്മ്മശാസ്താക്ഷേത്ത്രിലെ ഐതീഹ്യം. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി ഒഴുകുന്ന കല്ലടയാറില്‍ നിന്നും ശിശുവായ അയ്യപ്പന്റെ വിഗ്രഹം ലഭിക്കുകയും ഈ വിഗ്രഹം അമ്പലത്തില്‍ പ്രതിഷ്ഠിക്കുകയുമായിരുന്നു.
കല്ലടയാറ്റില്‍ കാണപ്പെടുന്ന തിരുമക്കള്‍ എന്നറിയപ്പെടുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് അന്നം നല്കിയാല് ഏത് വ്യാധികള്‍ക്കും ശമനമെന്നതും ഐതീഹ്യത്തിന് മാറ്റുകൂട്ടുന്നു. വിഷുദിനതലേന്നുള്ള ഭക്തിസാന്ദ്രമായ ഘോഷയാത്ര പ്രശസ്തമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ‘ഭക്തര്‍ ഘോഷയാത്രയില്‍ വിവിധ കലാരൂപങ്ങള്‍ക്കൊപ്പം അണിനിരക്കും, ഈ ഉത്സവ പരിപാടികള്‍ക്ക് ക്ഷേത്രം തന്ത്രി വെട്ടിക്കവല കോക്കുളത്ത് മഠത്തില്‍ മാധവ് ശംഭുപോറ്റി ഭദ്രദീപം തെളിയിച്ച് ആരംഭം കുറിക്കും.
നാളെ ക്ഷേത്ര പൂജകള്‍ക്കും അന്നദാനത്തിനും ശേഷം വൈകിട്ട് നാലിന് സാംസ്കാരിക സമ്മേളനം, ഭക്തിഗാനമേള, നാടകം, നാട്യസമര്‍പ്പണം. 14ന് നടക്കുന്ന എഴുന്നള്ളത്ത് ഘോഷയാത്രയില്‍ താലപ്പൊലി, മുത്തുക്കുട, കാവടിയാട്ടം, പുഷ്പക്കാവടി, ശിങ്കാരിമേളം, തൃശൂര്പൂക്കാവടി, നാഗനൃത്തം, മലബാര്കലാരൂപം, ആദിവാസിനൃത്തം, മയൂരസംഗമം, പഞ്ചവാദ്യം, നാദസ്വരം, തെയ്യം, ചെണ്ടമേളങ്ങള്‍, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്, ഫ്ളോട്ടുകള്‍ എന്നിവയുണ്ടാകും.
കുളത്തൂപ്പുഴ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഡിപ്പോ, ഗണപതിയമ്പലം, ആനക്കൂട് ശിവക്ഷേത്രം, ടൗണ്‍ ശ്രീമഹാവിഷ്ണുക്ഷേത്രം വഴി അയ്യന്‍പിള്ളവളവ് അമ്മന്‍കോവിലില്‍ പ്രദക്ഷിണം ചെയ്ത് തിരികെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രാങ്കണത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ആത്മീയ പ്രഭാഷണം കുന്നിക്കോട് എം.എം.ബഷീര്‍ മൗലവി നിര്‍വഹിക്കും, വൈകിട്ട് ഏഴുമുതല്‍ നൃത്തസന്ധ്യ, കഥാപ്രസംഗം, ഗാനമേള, നാടകം. 15ന് വിഷുക്കണിക്കൊപ്പം സംഘടിപ്പിച്ചിട്ടുള്ള ആകാശ ദീപകാഴ്ചയിലും ശ്രീഭൂതബലി എഴുന്നള്ളത്തിലും മീനൂട്ടിലും നൂറുകണക്കിന് പേര് പങ്കെടുക്കും.
വൈകിട്ട് ആത്മീയപ്രഭാഷണം പാലാ സംസ്കൃതകോളജ് മുന്‍ ആചാര്യന് ഗോപാലകൃഷണ വൈദിക് നിര്‍വഹിക്കും. തുടര്‍ന്ന് ഓട്ടന്തുള്ളല്, നൃത്തനൃത്യങ്ങള്‍, പാട്ടുത്സവം, നാടകീയനൃത്തശില്പ്പം എന്നിവയുണ്ടാകും. 16നും 17നും ക്ഷേത്ര പൂജകള്‍ക്കു പുറമേ വിവിധ കലാപരിപാടികളും ഗാനമേള, മാജിക്ഷോ എന്നിവയുമുണ്ടാകും. കുളത്തൂപ്പുഴ എന്‍.ഉണ്ണികൃഷ്ണന് ആത്മീയ പ്രഭാഷണം നടത്തും. 18നും 19നും പ്രത്യേക ക്ഷേത്രപൂജകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: