ചെങ്ങന്നൂര്‍: യുവാവിന്റെ മരണത്തിനു പിന്നില്‍ വ്യാജസിന്ധന്റെ ചികിത്സയാണെന്ന ആരോപണം ശക്തമാകുന്നു. ചെറിയനാട് മാമ്പ്ര മലയില്‍ രജീഷാ (33)ണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഇതുസംബന്ധിച്ച് രജീഷിന്റെ അച്ഛന് ബാലകൃഷ്ണന് വെണ്മണി പോലീസില്‍ നല്കിയ പരാതി പിന്‍വലിപ്പിക്കാനുള്ള സമ്മര്‍ദ്ദവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.
രജീഷിന്റെ സമീപകാലത്ത് പിടിപെട്ട ചില രോഗങ്ങളുടെ ചികിത്സയ്ക്കാണ് കൊല്ലകടവ് കിഴക്കെ ജങ്ഷനു സമീപമുള്ള സിദ്ധന്റെ അടുത്ത് ഏപ്രില്‍ ഏഴിന് എത്തുന്നത്. പരിശോധിച്ച ശേഷം കൈവിഷം ഉള്ളില്‍ ചെന്നതാണെന്നു പറഞ്ഞ സിദ്ധന്, ഭേദപ്പെടാന്‍ മരുന്നു നല്കി. പ്രതിഫലമായി 8,000 രൂപയും കൈപ്പറ്റി.
വീട്ടിലെത്തി മരുന്ന് കഴിച്ച് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ മുതല്‍ രജീഷിന് ഛര്‍ദ്ദില്‍ ആരംഭിച്ചു. ഉച്ചയായതോടെ തീരെ അവശനായ രജീഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് കേസന്വേഷണത്തില്‍ അലംഭാവം കാട്ടുകയാണെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും മൃതദേഹം സംസ്കരിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മൃതദേഹം സംസ്കരിച്ചത്.
സംസ്കാരം നടത്തിയതിന്റെ അടുത്ത ദിവസം രജീഷിന്റെ വീട്ടിലെത്തിയ ചെറിയനാട് അരിയന്നൂര്‍ സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് കേസു പിന്‍വലിക്കണമെന്നും കേസുമായി മുന്നോട്ടുപോയാല്‍ വീട്ടുകാരും പ്രതിയാകുമെന്ന് രജീഷിന്റെ സഹോദരനോട് പറഞ്ഞു. അഭിഭാഷകനായ മറ്റൊരു കോണ്‍ഗ്രസുകാരനും ഫോണിലൂടെ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. ഇതോടെ ഭയപ്പാടിലായ വീട്ടുകാര്‍ കേസിന്റെ തുടര്‍ നടത്തിപ്പില്‍ നിന്ന് പിന്നോക്കം പോയിരിക്കുകയാണ്. വ്യാജസിദ്ധനുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും സിദ്ധന് ലീഗിന്റെ പ്രവര്‍ത്തകനാണെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: