ആലപ്പുഴ: മലയാള സിനിമാ ചരിത്രത്തില്‍ ശ്രദ്ധേയസ്ഥാനമുള്ള ‘ഇണപ്രാവുകള്‍’ക്ക് അമ്പത് വയസ് തികഞ്ഞു. ഉദയായുടെ ബാനറില്‍ എക്സല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ഇണപ്രാവുകള്‍ ഉര്‍വശി ശാരദയുടെ ആദ്യ മലയാള സിനിമയാണ്.
കഥയും സംഭാഷണവും രചിച്ചത് മുട്ടത്തു വര്‍ക്കിയാണ്. മലയാള സിനിമാ ചരിത്രത്തിലെ വിഗതകുമാരന് മുതല്‍ 141-ാമത്തെ ചിത്രമായിരുന്നു ഇണപ്രാവുകള്‍. 1964 ഏപ്രില്‍ പത്തിനാണ് സിനിമ റിലീസ് ചെയ്തത്.
ഈ സിനിമയില്‍ വയലാറിന്റെ വരികള്‍ക്ക് ദക്ഷിണാമൂര്‍ത്തി സംഗീതം നല്കി യേശുദാസ് ആലപിച്ച ‘കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി കൂടെവിടെ’, ‘കുരുത്തോല പെരുന്നാളിന് പള്ളിയില്‍ പോയ് വരും കുഞ്ഞാറ്റ കുരുവികളെ’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ഹിറ്റുകളാണ്.
ജേസിസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഇണപ്രാവുകളുടെ സുവര്‍ണ ജൂബിലി ഇന്ന് ആഘോഷിക്കും. രാത്രി ഏഴിന് എറണാകുളം ടൗണ്‍ഹാളില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ഈ സിനിമയില്‍ അഭിനയിച്ച് ഇന്ന് ജീവിച്ചിരിക്കുന്ന താരങ്ങളായ ശാരദ, സച്ചു, കാഞ്ചന (കുണ്ടറ ഭാസിയുടെ ഭാര്യ), ജിജോ പുന്നൂസ്, ജോസ് പുന്നൂസ് എന്നിവരും ഗാനങ്ങള്‍ ആലപിച്ച കെ. ജെ. യേശുദാസ്, പി. സുശീല, എല്‍. ആര്. ഈശ്വരി, ലതാരാജു, ഉദയാ സ്റ്റുഡിയോ സൗണ്ട് റിക്കോര്‍ഡിസ്റ്റ് കെ.എന്‍. അപ്പുക്കുട്ടന് നായര്‍ എന്നിവര്‍ക്കൊപ്പം സിനിമയുടെ സംവിധായകന് കുഞ്ചാക്കോയുടെ കൊച്ചുമകന് കുഞ്ചാക്കോബോബന്, സിനിമയില്‍ അഭിനേതാക്കളായ അന്തരിച്ച നടീനടന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും മക്കള്‍ എന്നിവരെ ആദരിക്കും.
കാര്‍ട്ടൂണിസ്റ്റ് യേശുദാസ് അദ്ധ്യക്ഷത വഹിക്കും. അമ്മ, ഫെഫ്ക ഭാരവാഹികള്‍, തീയേറ്റര്‍-വിതരണ സാരഥികള്‍, സംവിധായകന് മാര്‍ത്താണ്ഡന്‍, ജോയി കെ. മാത്യു തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തും. ജെ.ജെ. കുറ്റിക്കാട്ട് സ്വാഗതവും ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി എബ്രഹാം ലിങ്കണ് നന്ദിയും പറയും. പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: