ആലപ്പുഴ: കേരള കാര്‍ട്ടൂണ്‍ അക്കാദമി ആലപ്പി ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിച്ച 101 അന്സേര കാര്‍ട്ടൂണ്‍സ് പ്രദര്‍ശനം ശ്രദ്ധേയമായി. കഴിഞ്ഞ അഞ്ചിന് തുടങ്ങിയ പ്രദര്‍ശനം ഏപ്രില്‍ 12ന് സമാപിക്കും. പരേതനായ ഗിരി അന്സേര, മകന് രാകേഷ് അന്സേര, രാകേഷിന്റെ മകള്‍ നന്ദന ആര്.അന്സേര എന്നിവര്‍ വരച്ച കാര്‍ട്ടൂണുകളുടെ പ്രദര്‍ശനമാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ലിയോ തെര്ട്ടീന്ത് ഇംഗ്ലീഷ് മീഡിയം സെന്‍ട്രല്‍ സ്കൂളിലെ അദ്ധ്യാപകനായ രാകേഷ് അന്സേര കേരള കാര്‍ട്ടൂണ്‍ അക്കാദമി എക്സിക്യൂട്ടീവ് അംഗവുമാണ്. ഇതിനോടകം മുന്നൂറ്റി അമ്പതിലേറെ കാര്ട്ടൂണുകള് വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനതല സാഹിത്യ മത്സരത്തില്‍ കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ വി. ബാലചന്ദ്രന് പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങളും രാകേഷ് നടത്തിയിട്ടുണ്ട്.
ചരിത്രകാരന്, എഴുത്തുകാരന്, കാര്‍ട്ടൂണിസ്റ്റ്, ചിത്രകാരന് തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ ഗിരി അന്‍സേരയുടെ പാരമ്പര്യം മകന് രാകേഷിലൂടെയും കൊച്ചുമകള്‍ നന്ദനയിലൂടെയും തുടരുകയാണ്. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ നന്ദനയുടെ നിരവധി പെയിന്റിങ്ങുകള്‍ ഇതിനകെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹോദയ ഫെസ്റ്റില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തില്‍ പുരസ്കാരം നേടിയിട്ടുണ്ട്. സമകാലിക വിഷയങ്ങളുടെ നേര്‍സാക്ഷ്യങ്ങളായ കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: