അമ്പലപ്പുഴ: അമ്പലപ്പുഴ ഗ്യാസ് ഏജന്‍സിയില്‍ വിതരണ തൊഴിലാളികള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു. 631 രൂപ വിലയുള്ള ഗ്യാസിന് 700 രൂപ വാങ്ങിയാണ് മാസങ്ങളായി കൊള്ളയടി തുടരുന്നത്. നിലവില്‍ ഏജന്‍സിയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വിതരണ കൂലി വാങ്ങാതെ പാചകവാതകം എത്തിക്കണമെന്നാണ് നിയമം. എന്നാല്‍ ഇത് കാറ്റില്‍പ്പറത്തിയാണ് ട്രേഡ് യൂണിയന് നേതാക്കളുടെ ബലത്തില്‍ വിതരണക്കാര്‍ തട്ടിപ്പ് നടത്തുന്നത്.
കഴിഞ്ഞദിവസം സൈനികനായ അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ കോവിലിടത്തില് അജിത്കുമാറിന്റെ വീട്ടില്‍ നിന്നും 700 രൂപ നിര്‍ബന്ധമായി വിതരണക്കാര്‍ വാങ്ങിയിരുന്നു. വിവരം ഗ്യാസ് ഏജന്‍സിയെ വിളിച്ച് അറിയിക്കുകയും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഏജന്‍സിയും സ്വീകരിച്ചില്ലെന്ന് അജിത്കുമാര്‍ പറഞ്ഞു.
നിലവില്‍ അമ്പലപ്പുഴ, പുറക്കാട്, തകഴി ഭാഗങ്ങളില്‍ നിന്നും വര്‍ഷങ്ങളായി ഇത്തരത്തില്‍ വിതരണ തൊഴിലാളികള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നുണ്ട്. ഇതിനെതിരെ പുത്തന്‍നട പ്രദേശത്തെ സാംസ്കാരിക സംഘടന ഗ്യാസ് ഏജന്‍സിക്കെതിരെ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് പരാതി നല്കുവാന് തീരുമാനിച്ചു. അമ്പലപ്പുഴ കച്ചേരിമുക്കിലെ ലതാ ഗ്യാസ് ഏജന്‍സിക്കെതിരെയാണ് നിലവില്‍ പരാതികള്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: