ആലപ്പുഴ: നഗരത്തിലെ കനാലുകള്‍ ശുചീകരിക്കാന്‍ കോടികള്‍ മുടക്കിയുള്ള പദ്ധതി നടപ്പാക്കുന്നതിനിടെ കനാലുകളിലേക്ക് സെപ്റ്റിക് ടാങ്കുകളില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നു. വിവിധ ഹോട്ടലുകളും സ്ഥാപനങ്ങളും വീടുകളില്‍ നിന്നുവരെ പ്രത്യേക പൈപ്പുകളും ഓടകളും സ്ഥാപിച്ചാണ് കക്കൂസുകളില്‍ നിന്നുള്‍പ്പെടെയുള്ള മലിനജലം കനാലുകളിലേക്ക് ഒഴുക്കുന്നത്.
കനാലുകള്‍ കൈയേറി നിര്‍മ്മിച്ചിട്ടുള്ള ചില ആരാധനാലയങ്ങളില്‍ നിന്നുള്ള മലിനജലവും മാലിന്യങ്ങളും എത്തിച്ചേരുന്നത് കനാലുകളിലേക്കാണ്. വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും രാത്രികാലങ്ങളില്‍ പച്ചക്കറി അവശിഷ്ടങ്ങളും മറ്റും കനാലുകളില്‍ തള്ളുന്നത് തടയാന്‍ സ്ക്വാഡുകളും മറ്റും രൂപീകരിക്കുന്ന നഗരസഭയും ജനപ്രതിനിധികളും ഇത്തരത്തില്‍ അനധികൃതമായി പൈപ്പുകള്‍ സ്ഥാപിച്ച് മാലിന്യം കനാലിലേക്ക് ഒഴുക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നു.
ചില സര്‍ക്കാര്‍ സ്ഥാപനങ്ങളും മലിനജലം ഒഴുക്കുന്നത് കനാലുകളിലേക്കാണെന്നതാണ് വിരോധാഭാസം. കൊമേഴ്സ്യല്‍ കനാലിലാണ് ഈ രീതിയില്‍ വ്യാപകമായി മാലിന്യം ഒഴുക്കുന്നത്. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പേരിലും സൗന്ദര്യവത്കരണത്തിന്റെയും മറവില്‍ കോടികള്‍ കനാലുകളില്‍ ഒഴുക്കി പാഴാക്കുന്നതിനിടെയാണ് അധികൃതരുടെ മൂക്കിന്തുമ്പില് ഇത്തരത്തില്‍ നിയമലംഘനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: