ഹരിപ്പാട്: ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് അടക്കം നിരവധി പേരെ ക്രൂരമായി തല്ലിച്ചതച്ച മുന്‍ ഹരിപ്പാട് സിഐ: കെ.എസ്. ഉദയഭാനുവിനെതിരെ ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പലതവണ കോടതിയില്‍ ഹാജരാകാതിരിക്കുകയും ഏപ്രില്‍ 10ന് വീണ്ടും അവധിക്കുവെച്ച കേസിലും ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.
ഏപ്രില്‍ 16ന് ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് കോടതി നോട്ടീസ് അയച്ചു. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സപ്തംബര്‍ രണ്ടിന് ബിജെപി നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് ഹരിപ്പാട് ടൗണില്‍ പ്രകടനം നടത്തിയ നിയോജകമണ്ഡലം പ്രസിഡന്റ് ചിത്രാംഗദന്‍ അടക്കമുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ ലാത്തിച്ചാര്‍ജ് ചെയ്ത് ഹരിപ്പാട് സിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. ലാത്തിചാര്‍ജില്‍ ചിത്രാംഗദന്‍, ടി. മുരളി, ആനാരി രാമചന്ദ്രന്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അനില്‍കുമാര്‍, വിനോദ്, സന്തോഷ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.
കോടതിപരിസരത്ത് നടന്ന പോലീസ് അക്രമത്തിന് ദൃക്സാക്ഷിയായ മജിസ്ട്രേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിത്രാംഗദനെ ആശുപത്രിയില്‍ നേരിട്ടെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ഉദയഭാനുവിനെ കായംകുളത്തേക്ക് സ്ഥലം മാറ്റിയിരുന്നു. വാദി ഭാഗത്തിനുവേണ്ടി അഡ്വ. അജിത്ശങ്കര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: