ആലപ്പുഴ: തകഴി ശിവശങ്കരപ്പിള്ളയുടെ കഥകളും നോവലുകളും കുട്ടനാടും ചുറ്റുപാടുകളും നിറഞ്ഞ നാടിന്റെ ജീവചരിത്രമാണെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. നവീകരിച്ച തകഴി മ്യൂസിയം പുനര്‍സമര്‍പ്പിച്ച് തകഴി സാഹിത്യമേളയും പിആര്‍ഡിയുടെ തകഴി ചിത്രപ്രദര്‍ശനവും സ്മാരകത്തിന്റെ വെബ്സൈറ്റും തകഴി ശങ്കരമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തകഴി കൃതികളിലൂടെയും കഥാപാത്രങ്ങളിലൂടെയും കടന്നുപോകാനും മഹാനായ സാഹിത്യകാരന്റെ സ്മരണ ഉണര്‍ത്താനും കഴിയുന്ന ഉചിതമായ സ്മാരകമാകും തകഴിയില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്ന പൈതൃക മ്യൂസിയം. നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തകഴിയുടെ സഹധര്‍മ്മിണി കാത്ത ചേച്ചിയുടെ ശവകുടീരം നവീകരിക്കാന്‍ മന്ത്രി സ്മാരകസമിതിക്ക് നിര്‍ദേശം നല്കി.
കൊടിക്കുന്നില്‍ സുരേഷ് എംപി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സി.ആര്. ഓമനക്കുട്ടന് തകഴിയെ അനുസ്മരിച്ചു. മന്ത്രിയും എംപിയും ജനപ്രതിനിധികളും സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വൈകിട്ട് തകഴി കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ബാന്‍ഡ് മേളവും അനശ്വര എന്‍എസ്എസ് വനിതാസംഘത്തിന്റെ തിരുവാതിരയും അരങ്ങേറി. തുടര്‍ന്ന് തകഴി ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: