പാലാ: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ ഭരണങ്ങാനത്തിനും ഈരാറ്റുപേട്ടയ്ക്കും ഇടയിലായി വ്യത്യസ്ത റോഡ് അപകടങ്ങളില്‍ മരണം തുടര്‍ക്കഥയാകുന്നു. ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തിനും മേരിഗിരിക്കുമിടയിലായാണ് ഏറെയും അപകടങ്ങള്‍. ചൊവ്വാഴ്ച്ച വ്യത്യസ്ത അപകടങ്ങളിലായി രണ്ടു ജീവനുകളാണ് പൊലിഞ്ഞതാണ് അപകട പരമ്പരയില്‍ ഒടുവിലത്തേത്. തലനാട് താന്നിക്കത്തൊട്ടിയില്‍ ഭാസ്കരന്റെ ഭാര്യ വല്‍സമ്മ (55), കൊച്ചിടപ്പാടി പാറയില്‍ പ്രദീപ് (48) എന്നിവരാണ് അപകടങ്ങളില്‍ മരിച്ചത്.
രാവിലെ കൊച്ചിടപ്പാടിയിലാണ് ആദ്യ അപകടം നടന്നത്. ആശുപത്രിയിലേയ്ക്ക് വരികയായിരുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും തീര്‍ഥാടക സംഘം സഞ്ചരിച്ച ടെമ്പോട്രാവലറും കൂട്ടിയിടിച്ചാണ് അപകടം. ഈ അപകടത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു.ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഭാസ്കരന്, മരുമകന് ബാബു, മകള്‍ ബിന്ദു, ഡ്രൈവര്‍ എന്നിവര്‍ക്കു പരിക്കേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാസ്കരനെ പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സിക്കുന്നതിനായി വീട്ടില്‍ നിന്നും പുറപ്പെട്ട കുടുംബാംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ടെമ്പോട്രാവലറിലുണ്ടായിരുന്ന ചിലര്‍ക്കും നിസാരപരിക്കേറ്റു. തൃശൂരില്‍ നിന്നും ഭരണങ്ങാനത്തിനു പോവുകയായിരുന്നു ടെമ്പോ ട്രാവലര്‍. വൈകുന്നേരം അഞ്ചോടെ അമ്പാറയിലാണ് രണ്ടാമത്തെ അപകടം നടന്നത്. ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ കൊച്ചിടപ്പാടി പാറയില്‍ പ്രദീപ് (48) ആണ് മരിച്ചത്. മേലടുക്കത്തുള്ള ഭാര്യാവീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. സമീപകാലത്തായി മുപ്പതോളം അപകടങ്ങളാണ് ഈ പ്രദേശങ്ങളില്‍ ഉണ്ടായത്. 11 പേര് അപകടത്തില്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പലരും ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതുള്‍പ്പടെയുള്ള സഹായങ്ങള്ക്ക്്് മുന്നിട്ടിറങ്ങുന്നവര്‍ കോടതിയും പോലീസ് സ്്റ്റേഷനും കയറിയിറങ്ങേണ്ട സ്ഥിതിയാണുള്ളത്.കേസും മറ്റുമായി നടന്നു മടുത്തുവെന്നാണ് സമീപവാസികള്‍ പറയുന്നത്. റോഡ് പണിയിലെ അശാസ്ത്രീയതും അമിത വേഗതയുമാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്നു പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: