ആലപ്പുഴ: ആലപ്പുഴയുടെ സ്വപ്ന പദ്ധതിയായ ബൈപ്പാസിന്റെ നിര്‍മ്മാണോദ്ഘാടനം ഏപ്രില്‍ 10ന് നടക്കും. കൊമ്മാടിയില്‍ സജ്ജമാക്കുന്ന വേദിയില്‍ രാവിലെ 10.30ന് കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രി പി. രാധാകൃഷ്ണന്, മന്ത്രിമാരായ വി.കെ. ഇബ്രാഹിം കുഞ്ഞ്, രമേശ് ചെന്നിത്തല, എംപിമാരായ കെ.സി. വേണുഗോപാല്‍, എ.കെ. ആന്റണി, വയലാര്‍ രവി, എംഎല്‍എമാരായ ഡോ. ടി.എം. തോമസ് ഐസക്, ജി. സുധാകരന് തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ ഒമ്പതിന് ചലച്ചിത്രപിന്നണി ഗായകന് സുദീപിന്റെയും സംഘത്തിന്റെയും ഗാനമേള ഉണ്ടായിരിക്കും. അന്ന് രാവിലെ കളപ്പുരയില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയെ തുടര്‍ന്നാണ് കൊമ്മാടിയില്‍ 10.30ന് ഉദ്ഘാടനചടങ്ങ് നടക്കുക.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷമാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി പണം മുടക്കിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. കൊമ്മാടി മുതല്‍ കളര്‍കോട് വരെ 6.8 കിലോമീറ്റര്‍ നീളം ബൈപ്പാസിന്റെ പദ്ധതിച്ചെലവ് 348.43 കോടി രൂപയാണ്. ബീച്ചില്‍ 3,200 മീറ്റര്‍ നീളമുള്ള എലിവേറ്റഡ് ഹൈവേയാണ് നിര്‍മ്മിക്കുക. സ്ഥലവാസികള്‍ക്ക് നിലവിലുള്ള എല്ലാ സൗകര്യവും തുടര്‍ന്നും ലഭിക്കത്തക്കവിധത്തിലാണ് പദ്ധതി നടപ്പാക്കുക. 30 മാസത്തിനകം പണി പൂര്ത്തിയാക്കത്തക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: