കൊല്ലം: ഹൃദയത്തിന്റെ ജീവസ്പന്ദനത്തിനൊപ്പം അവര്‍ മണ്ണിന്റെ ഹൃദയസ്പന്ദനം അറിഞ്ഞു. സ്റ്റെതസ്കോപ്പ് പിടിക്കുന്ന കൈകളില്‍ തൂമ്പയും തൈകളുമായി ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മണ്ണിലിറങ്ങിയപ്പോള്‍ ലോകാരോഗ്യ ദിനത്തില്‍ അതു വേറിട്ട കാഴ്ചയായി.
വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ക്കു പ്രധാന കാരണം വിഷമയമായ പച്ചക്കറികളും ഭക്ഷ്യപദാര്ത്ഥങ്ങളുമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ജൈവകൃഷിയിലൂടെ ഭക്ഷ്യസുരക്ഷയും ആരോഗ്യസുരക്ഷയും പ്രചരണ സന്ദേശമാക്കി മെഡിസിറ്റി ചികിത്സാവിഭാഗങ്ങളിലെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും കാമ്പസില്‍ ജൈവകൃഷിക്ക് വിത്തു പാകിയത്.
മുപ്പതു സെന്റില്‍ കിളച്ചൊരുക്കിയ മണ്ണില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. എബ്രഹാം ജോബി പയറിന്തൈ നട്ടു തുടക്കമിട്ട ജൈവകൃഷി പദ്ധതിയില്‍ പിന്നാലെ നിരന്നത് വെണ്ടയും പാവലും പടവലവും ചീരയും മത്തനും ഉള്‍പ്പെടെ നാട്ടുപച്ചക്കറികളുടെ ചെറുതൈകള്‍. കുഴിയെടുത്തും തടം വെട്ടിയും തൈകള്‍ക്കു കുടിനീര് നല്‍കിയും ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും കാമ്പസില്‍ തീര്‍ത്തത് ഭക്ഷ്യസുരക്ഷയിലേക്കുള്ള പച്ചപ്പിന്റെ വഴി.
പച്ചക്കറി തൈതകള് പാകിയ തോട്ടത്തിന് അതിരിടാന്‍ ഏത്തനും കപ്പയും കദളിയും ഉള്‍പ്പെടെ പലയിനം വാഴത്തൈകളുടെ വൈവിധ്യം. ജൈവകൃഷിത്തോട്ടം എന്ന ആശയത്തിന് പ്രചോദനം ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ എ.സലാം ഒരുക്കിയ ചെറുതോട്ടത്തിലെ ജൈവകൃഷിയുടെ സമൃദ്ധിയായിരുന്നു.
തോട്ടത്തില്‍ നിന്ന് തീന്മേശയിലേക്ക് എന്ന ലോകാരോഗ്യദിന സന്ദേശം ഉള്‍ക്കൊണ്ട് വിഷമയമായ പച്ചക്കറികള്‍ക്കു പകരം മെഡിസിറ്റി ജൈവകൃഷിത്തോട്ടത്തില്‍ നിന്നുള്ള സുരക്ഷിതമായ ചച്ചക്കറികളും മറ്റു ഭക്ഷ്യപദാര്‍ത്ഥങ്ങളും മെഡിക്കല്‍ കോളേജ്, ആശുപത്രി എന്നിവിടങ്ങളിലെ കാന്റീനുകളിലും ഹോസ്റ്റല്‍ കാന്റീനിലും ഉപയോഗിച്ച് ്യക്ഷ്യസുരക്ഷയും സ്വയം പര്യാപ്തതയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് എ.സലാമും സെക്രട്ടറി എ.എ. അബ്ദുള്‍ സലാമും പറഞ്ഞു. സൂപ്രണ്ട് ഡോ.ഷാഹുല്‍ ഹമീദ്, ഡോ.സുമിത്ദത്ത, ഡോ.വിന്‍സി നെല്‍സണ്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: