ചാത്തന്നൂര്‍: കൊടുംചൂടില്‍ നാട് വിയര്‍ത്തൊഴുകുന്നു. ചുട്ടുപൊള്ളുന്ന രാപ്പകലുകള്‍ ജനത്തിന്റെ ഉറക്കം കെടുത്തുകയാണ്. വരുംദിനങ്ങളില്‍ ചൂടിന്റെ കാഠിന്യം ഏറുമെന്ന് മുന്നറിയിപ്പും വന്നുകഴിഞ്ഞു. ചൂട് കനത്തതോടെ വെള്ളം കിട്ടാതെ ജനങ്ങളും വലഞ്ഞുതുടങ്ങി. ഒപ്പം ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ വേനല്‍ക്കാലരോഗങ്ങളും മിക്ക സ്ഥലങ്ങളിലും തലപൊക്കിയിട്ടുണ്ട്.
32, 33 ഡിഗ്രി സെല്‍ഷ്യസ് മാത്രം അനുഭവപ്പെട്ടിരുന്ന ചൂട് ഇപ്പോള്‍ 35 കടന്നു. വരും ദിവസങ്ങളില്‍ ചൂട് ഇനിയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.മുമ്പെങ്ങും ഇല്ലാത്ത വിധമാണ് തീരമേഖലയില്‍ ചൂട് വര്‍ധിക്കുന്നത്. ഇത് മത്സ്യത്തൊഴിലാളികളില്‍ ആശങ്കക്കും കാരണമായിട്ടുണ്ട്. പകല്നേരങ്ങളെപോലെ രാത്രിയും പൊള്ളുന്ന സ്ഥിതിയിലേക്കാണ് കാലാവസ്ഥ മാറിയിരിക്കുന്നത്.
കൊല്ലം നഗരപ്രദേശം മുതല്‍ പരവൂര്‍, ഇരവിപുരം, മയ്യനാട് തുടങ്ങിയ തീരപ്രദേശ മേഖലകളില്‍ വരെ ചൂടിന്റെ ആധിക്യം മനുഷ്യരെ വലക്കുകയാണ്. കൊട്ടിയം, ചാത്തന്നൂര്‍, കുണ്ടറ മേഖലകളിലും ചൂടിന്റെ കാഠിന്യം വര്‍ധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ചൂട് കൂടുന്നതനുസരിച്ച് കൃഷിയിടങ്ങളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യത ഏറെയാണ്.
അവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ചൂട് രൂക്ഷമാകുന്നതിനൊപ്പം ശാരീരികാസ്വാസ്ഥ്യവും ക്ഷീണവും വര്‍ധിക്കുകയാണ്. ശരീരത്തിലെ ജലാംശം മറ്റ് സമയങ്ങളെ അപേക്ഷിച്ച് കൂടുതല്‍ നഷ്ടപ്പെടുന്നതാണ് കാരണം. കുട്ടികളില്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് ഉണ്ടാകുന്ന അസ്വാസ്ഥ്യങ്ങളും കൂടാന്‍ സാധ്യതയുണ്ട്. വെള്ളവും പഴവര്‍ഗങ്ങളും ധാരാളം ഉപയോഗിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: