പാലക്കാട്: മോട്ടോര്‍ വാഹന സംഘടനകള്‍ സംയുക്തമായി നടത്തിയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം. പണിമുടക്കിനെ തുടര്‍ന്ന് ബസുകളും ടാക്സികളും ഓട്ടോറിക്ഷകളൊന്നും സര്‍വീസ് നടത്തിയില്ല. അതേ സമയം സ്വകാര്യവാഹനങ്ങള്‍ ഭാഗികമായി സര്‍വീസ് നടത്തി. സ്വകാര്യവാഹനങ്ങള്തടയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.വ്യാപാരി വ്യവസായ ഏകോപനസമിതി പിന്തുണ പ്രഖ്യാപിച്ചതിനാല്‍ കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു.
ജില്ലയില്‍ ഒരിടത്തും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. സര്‍ക്കാര്‍ ഓഫീസുകളും പൊതു മേഖല സ്ഥാപനങ്ങളും നാമമാത്രമാണ് പ്രവര്‍ത്തിച്ചത്. പൊതുവെ സമാധാനപരമായിരുന്നു. ആലത്തൂര്‍, വടക്കഞ്ചേരി, ഒറ്റപ്പാലം, പട്ടാമ്പി, കൊല്ലങ്കോട്, നെന്മാറ, തരൂര്‍, കുഴല്‍മന്ദം തുടങ്ങി പ്രദേശങ്ങളിലും പണിമുടക്ക് പൂര്‍ണ്ണമായിരുന്നു.
നെല്ലിന്റെ താങ്ങ് വില വര്‍ധിപ്പിക്കുക, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, റബ്ബര്‍ കൃഷി മേഖലയിലുള്‍പ്പെടെ സര്ക്കാറുകള്കര്ഷക ദ്രോഹനടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷകസമിതി ഹര്‍ത്താലിനും ആഹ്വാനം ചെയ്തിരുന്നു
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമിതി പണിമുടക്ക് നടത്തിയത്. ഹര്‍ത്താലിനെ തുടര്‍ന്ന് വിക്ടോറിയ കോളജില്‍ ആര്‍മി റിക്രൂട്ട്മെന്റിന് എത്തിയ ഉദ്യോഗര്‍ഥികള്‍ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു. ഇത് മൂലം റിക്രൂട്ട്മെന്റിലെ കായിക ക്ഷമത പരീക്ഷയെ ബാധിക്കുമെന്നാണ് ഉദ്യോര്‍ഥികള്‍ പറയുന്നത്.
റോഡരികില്‍ വണ്ടികളില്‍ വില്‍പ്പനക്കെത്തിയ പഴവര്‍ഗ്ഗങ്ങളാണ് ആശ്വാസം നല്‍കിയത്.
പാലക്കാട്- പഴനിയിലേക്ക് ഒരു ബസ് സര്‍വീസും കോയമ്പത്തൂരിലേക്ക് രണ്ട് ബസും പാലക്കാട് ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി രാവിലെ സര്‍വീസ് നടത്തിയിരുന്നു. വൈകുന്നേരം അഞ്ചരക്ക് ശേഷം കെഎസ്ആര്‍ടിസി സാധാരണപോലെ സര്‍വീസ് നടത്തി. ഹര്‍ത്തലാനുകൂലികള്‍ വിക്ടോറിയ കോളജില്‍ നിന്ന് അഞ്ചു വിളക്ക് വരെ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: