മണ്ണാര്‍ക്കാട്: കോടികള്‍ ചെലവഴിച്ച് തടയണകള്‍ നിര്‍മിച്ചിട്ടും കുന്തിപ്പുഴ വരള്‍ച്ചയുടെ പിടിയില്‍ത്തന്നെ. വേനലിന്റെ കാഠിന്യത്തില്‍ കുന്തിപ്പുഴ വരണ്ടുണങ്ങി നീര്‍ച്ചാലായി മാറുകയാണ്.
മണല്‍മാഫിയ മണലും ഉരുളന്‍കല്ലുമെല്ലാം കടത്തിക്കൊണ്ടുപോയതോടെയാണ് പുഴ പാറക്കെട്ടുകളും ചതുപ്പുകളും നിറഞ്ഞതായി മാറിയത്.
ഇതിനോടൊപ്പം തന്നെ വ്യാപകമായ തോതില്‍ പുഴയോരങ്ങളില്‍ കൈയേറ്റവും നടന്നു. പുഴയോരഭൂമി ഒഴിപ്പിക്കാന്‍ റവന്യുവകുപ്പധികൃതരെടുത്ത നടപടിയാകട്ടെ പ്രഹസനങ്ങളായി പരിണമിച്ചു.
ഒറ്റപ്പാലം സബ്കളക്ടര്‍ പി.ബി. നൂഹ് കുന്തിപ്പുഴയിലെ കൈയേറ്റത്തിനെതിരെ കര്‍ശനനടപടിസ്വീകരിക്കുമെന്നും പുഴയോരഭൂമി അളന്നുതിട്ടപ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു. പക്ഷേ, കൈയേറ്റത്തിന് മാത്രം കുറവൊന്നും വന്നിട്ടില്ല.
പാത്രക്കടവില്‍നിന്ന് ഉത്ഭവിക്കുന്ന കുന്തിപ്പുഴയില്‍ തടയണ വന്നാല്‍ പുഴയുടെ ജലവിതാനം ഉയരുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആറാട്ടുകടവില്‍ 115.5 ലക്ഷവും പോത്തോഴിക്കടവില്‍ 98.5 ലക്ഷവും ചെലവഴിച്ച് രണ്ട് തടയണകള്‍ നിര്‍മിച്ചത്.
തുടക്കത്തില്‍ വെള്ളം തടഞ്ഞുനിര്‍ത്തിയപ്പോള്‍ പുഴയോരപ്രദേശങ്ങളിലെ കിണറുകളില്‍ ജലലഭ്യത ഉയര്‍ന്നു. എന്നാലിതിനിടെ തടയണകളിലെ ചീര്‍പ്പുകള്‍ ചിലര്‍ എടുത്തുമാറ്റാന്‍ തുടങ്ങിയത് പ്രശ്‌നം സങ്കീര്‍ണമാക്കി.
പുഴയില്‍ കുളിക്കാനെത്തുന്നവര്‍ക്ക് ചൊറിച്ചില്‍ ഉണ്ടാകുന്നുവെന്ന പ്രശ്‌നമുന്നയിച്ചാണ് ചീര്‍പ്പുകള്‍ നാട്ടുകാര്‍ എടുത്തുമാറ്റിത്തുടങ്ങിയത്. ഇതോടെ പുഴയോരവാസികള്‍ കിണറുകള്‍ വറ്റുന്നതായി പരാതിപ്പെട്ട് രംഗത്തെത്തി. പോത്തോഴിക്കടവ് തടയണപ്രദേശത്ത് മണല്‍ച്ചാക്കുകള്‍ നിരത്തി നാട്ടുകാര്‍പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: